‘ഞങ്ങളും ചിപ്സ് ഉണ്ടാക്കി, സംഗതി നല്ല ക്രിസ്പിയാണ്’; സാം ആൾട്ട്മാന്റെ എ.ഐ ചിപ്പിന് കേരളത്തിന്റെ ‘കായവറുത്ത’കൗണ്ടർ
text_fieldsവാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചാറ്റ് ജിപിടിയുമൊക്കെയായി ലോകത്തെ സാങ്കേതികവിദ്യയുടെ കൊടുമുടിയിൽ നിൽക്കുന്ന സിലിക്കൺ വാലി ഒരുവശത്ത്. മറുവശത്ത്, വെളിച്ചെണ്ണയുടെ മണമുള്ള നമ്മുടെ സ്വന്തം നാടൻ കായ വറുത്തത്!. ഇവ രണ്ടും തമ്മിൽ എന്ത് ബന്ധം എന്ന് ചോദിച്ചാൽ, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നടന്ന ഒരു കിടിലൻ ‘മലയാളി’കൗണ്ടറിലേക്ക് കണ്ണോടിക്കേണ്ടി വരും.
സംഭവം തുടങ്ങിയത് ഒപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാന്റെ ഒരു ട്വീറ്റിൽ നിന്നാണ്. കമ്പ്യൂട്ടറുകളെ സൂപ്പർ ഫാസ്റ്റാക്കുന്ന പുതിയ മൈക്രോചിപ്പ് വികസിപ്പിച്ച ആവേശത്തിൽ പുള്ളിക്കാരൻ എക്സിൽ കുറിച്ചു-‘ഞങ്ങളൊരു ചിപ്പ് ഉണ്ടാക്കി, സംഗതി അതിവേഗമാണ്’
ലോകത്തെ വൻകിട ടെക് കമ്പനികളും ഐ.ടി വിദഗ്ധരും ഈ ‘അതിവേഗ’ ചിപ്പിനെക്കുറിച്ച് ഗൗരവമായി ചർച്ച ചെയ്യുമ്പോഴാണ് അങ്ങ് ദൂരെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് കേരള ടൂറിസം ആ ട്വീറ്റിൽ കൊളുത്തിയത്. ആൾട്ട്മാന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കേരള ടൂറിസം തങ്ങളുടെ ഔദ്യോഗിക പേജിൽ എഴുതി, ‘ഞങ്ങളും ചിപ്സ് ഉണ്ടാക്കി, സംഗതി നല്ല ക്രിസ്പിയാണ്!’.
വെറുമൊരു മറുപടിയിൽ ഒതുക്കാതെ, പച്ച വാഴയില വിരിച്ചൊരുക്കിയ കൊട്ടയിൽ സ്വർണ്ണനിറത്തിൽ തിളങ്ങുന്ന നല്ല നാടൻ നേന്ത്രക്കായ ചിപ്സിന്റെ കൊതിയൂറുന്ന ചിത്രവും അവർ ഒപ്പം വെച്ചു. വൈകുന്നേരത്തെ ചൂടുചായക്കൊപ്പം കൊറിക്കാൻ ഏതൊരു മലയാളിയും കൊതിക്കുന്ന അതേ ചിപ്സ്!
സാം ആൾട്ട്മാന്റെ മൈക്രോചിപ്പിന്റെ പ്രോസസിങ് സ്പീഡ് എത്രയാണെന്ന് അളക്കാൻ സൂപ്പർ കമ്പ്യൂട്ടറുകൾ വേണ്ടിവരും. എന്നാൽ, കേരള ടൂറിസത്തിന്റെ ചിപ്സ് ചിത്രം കണ്ട് ഒരു മലയാളിയുടെ വായിൽ കപ്പലോടാൻ ഒരു മൈക്രോസെക്കൻഡ് പോലും വേണ്ടിവരില്ല എന്നാണ് പലരും ഇതിനായി കമന്റിലൂടെ പ്രതികരിച്ചത്.
സിലിക്കൺ വാലിയുടെ അതിവേഗ സാങ്കേതികവിദ്യക്ക് നമ്മുടെ വെളിച്ചെണ്ണയുടെ നാടൻ മണം കൊണ്ട് മറുപടി നൽകിയ കേരള ടൂറിസത്തിന്റെ ഈ സോഷ്യൽ മീഡിയ കൗണ്ടർ ഇപ്പോൾ ദേശീയ തലത്തിൽ തന്നെ വൻ തരംഗമായി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

