'ഞങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല, രക്ഷക്കെത്തിയതാണ്'; ദുരന്തം വഴിമാറിയ വിഡിയോ പങ്കുവെച്ച് പൊലീസ്
text_fieldsകോഴിക്കോട്: ടൗട്ടെ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം വൻ നാശനഷ്ടമാണുണ്ടായത്. നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളുമാണ് കടലേറ്റത്തിൽ തകർന്നത്. തരിപ്പണമായ തീരങ്ങളും റോഡുകളും അനവധി. കടലേറ്റ ഭീഷണി നേരിടുന്ന തീരങ്ങളിൽ നിന്ന് താമസക്കാരെ സുരക്ഷിതരായ സ്ഥലങ്ങളിലേക്ക് മാറ്റാൻ പൊലീസ് ഏറെ ശ്രമപ്പെട്ടിരുന്നു.
സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാൻ തീരത്തോടു ചേർന്നുള്ള വീട്ടുകാരോട് അഭ്യർഥിക്കുന്ന വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് പൊലീസ്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള
കാര കടപ്പുറം മേഖലയിലാണ് സംഭവം. ഇന്ന് തന്നെ വീട്ടിൽ നിന്ന് മാറണം എന്ന് പൊലീസുകാർ വീട്ടുകാരോട് അഭ്യർഥിക്കുന്നുണ്ട്. എന്ത് സഹായവും ചെയ്തുതരാമെന്നും പറയുന്നു. നാല് ദിവസത്തിന് ശേഷമുള്ള ദൃശ്യമാണ് പിന്നീട് വിഡിയോയിൽ കാണിക്കുന്നത്. ശക്തമായ കടലാക്രമണത്തിൽ ഈ കുടുംബത്തിന്‍റെ വീടിരുന്ന മേഖലയാകെ തകർന്ന് തരിപ്പണമായത് വിഡിയോയിൽ കാണാം.
'ഞങ്ങളുടെ അഭ്യർത്ഥനകൾ, നിർദ്ദേശങ്ങൾ, നിങ്ങളെ ബുദ്ധിമുട്ടിക്കാനല്ല. നിങ്ങളെ രക്ഷിക്കാൻ തന്നെയാണ്' എന്ന അടിക്കുറിപ്പോടെയാണ് കേരള പൊലീസ് ഫേസ്ബുക് പേജിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.