‘റദ്ദാക്കിയ പരിപാടിയിലേക്ക് പ്രധാനമന്ത്രി നരംസിംഹ റാവുവിനെ വിളിച്ചു വരുത്തിയ കരുണാകരൻ’; ജന്മദിനത്തില് വൈകാരിക കുറിപ്പുമായി കെ.സി. വേണുഗോപാല്‍
text_fieldsകോഴിക്കോട്: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ. കരുണാകരന്റെ ജന്മദിനത്തില് വൈകാരിക കുറിപ്പുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചേര്‍ത്തു നിര്‍ത്തുന്നതിനും അവരുടെ അത്മവിശ്വാസം ചോരാതിരിക്കുന്നതിനും കരുണാകരന് എടുത്ത ആര്‍ജവമുള്ള നിലപാടുകളും നടപടികളും എഫ്.ബി. പോസ്റ്റിലൂടെ ഓര്‍ത്തെടുക്കുകയാണ് വേണുഗോപാൽ.
വേണുഗോപാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നപ്പോൾ തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് വര്‍ഗീയതക്കെതിരെ യുവസാഗരം എന്ന പേരില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ അന്നത്തെ പ്രധാനമന്ത്രി പി.വി. നരംസിംഹ റാവുവിനെ പങ്കെടുപ്പിക്കുന്നതില്‍ കരുണാകരന് നടത്തിയ ഇടപെടലുകളാണ് പോസ്റ്റിന്റെ ഉള്ളടക്കം. മഹാറാലിക്ക് പ്രധാനമന്ത്രി വന്നില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തിനും പ്രതീക്ഷക്കും പോറല്‍ ഏല്‍ക്കുമെന്ന് തിരിച്ചറിഞ്ഞ കരുണാകരന് പരിപാടിയിലേക്ക് നരംസിംഹറാവുവിനെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പങ്കെടുപ്പിക്കാന്‍ കാട്ടിയ ധീരതയാണ് വേണുഗോപാല്‍ വിവരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഓര്‍മ്മകള്‍ ഒരുപാട് പിന്നോട്ട് സഞ്ചരിക്കുകയാണ് ഈ ദിവസം. ഞാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കുന്ന കാലമാണ്. വര്‍ഷം 1994. യുവജന പ്രസ്ഥാനത്തിന്റെ കരുത്ത് കാണിക്കാന്‍ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് വര്‍ഗീയതക്കെതിരെ ഒരു മഹാറാലി സംഘടിപ്പിക്കാന്‍ തീരുമാനിക്കുന്നു. പേര്, യുവസാഗരം. അന്നൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും അത് മറക്കാന്‍ കഴിയുന്നതല്ല. അന്ന് മുഖ്യമന്ത്രി കെ. കരുണാകരനാണ്, പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവും. കരുണാകരന് പറഞ്ഞാല്‍ റാവു എന്തും കേള്‍ക്കുന്ന കാലമാണ്. അതുകൊണ്ടുതന്നെ യുവസാഗരത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവരാന്‍ സംസ്ഥാന കമ്മിറ്റി ആവേശപൂര്‍വം തീരുമാനിച്ചു. ആ തീരുമാനം കൈക്കൊണ്ട സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം ഞാന്‍ ലീഡറെ കണ്ടു. പ്രധാനമന്ത്രിയെ ക്ഷണിക്കുന്ന കാര്യം അറിയിച്ചു.
ലീഡര്‍ അപ്പോള്‍ത്തന്നെ സമ്മതവും അനുവാദവും നല്കി. അദ്ദേഹം തന്നെ നേരിട്ട് പ്രധാനമന്ത്രിയെ വിളിച്ചു. ലീഡര്‍ ആവശ്യപ്പെട്ടാല്‍ പ്രധാനമന്ത്രി ഒഴിവ് പറയില്ല. വരാമെന്നുറപ്പ് നല്കി. അതോടെ ഞങ്ങള്‍ ഒരുക്കങ്ങള്‍ തകൃതിയായി നടത്തി. സംസ്ഥാനമൊട്ടാകെയുള്ള പ്രവര്‍ത്തകര്‍ ആവേശത്തിലാകാന്‍ മറ്റൊന്നും വേണ്ടിയിരുന്നില്ല. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രവര്‍ത്തകര്‍ ആഴ്ചകള്‍ക്ക് മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങി. യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം വരെ താഴെത്തട്ടിലുള്ള കമ്മിറ്റികള്‍ ബസുകളില്‍ പ്രവര്‍ത്തകരെ കൊണ്ടുവരുന്നതിന് വേണ്ട തയ്യാറെടുപ്പുകളും തുടങ്ങി. ഇന്നത്തെ പോലെ സൗകര്യങ്ങള്‍ അന്നില്ലല്ലോ. കത്തുകളയച്ചും പരിമിതമായ ഫോണ്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചും ഈ ഒരുക്കങ്ങളെല്ലാം ഞങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് ഏകീകരിച്ചു. മലബാര്‍ മേഖലയില്‍ നിന്നുള്ളവര്‍ രണ്ടും മൂന്നും ദിവസം മുന്‍പേ യാത്രയും തിരിച്ചു.
അങ്ങനെ പരിപാടി നടക്കുന്ന ദിവസമെത്തി. രാവിലെ മുതല്‍ പെരുമഴ തുടങ്ങി. ഒട്ടും പ്രതീക്ഷിക്കാത്ത കാലാവസ്ഥയായിരുന്നു. മഴ ശമിക്കുമെന്നും പരിപാടി നടക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചു. പുലര്‍ച്ചെ തുടങ്ങിയ മഴ 11 മണിയെത്തിയിട്ടും കുറഞ്ഞില്ല, കൂടിയതേയുള്ളൂ. പ്രളയ സമാനമായ സാഹചര്യമായിരുന്നു റോഡുകളില്‍. വാഹനങ്ങള്‍ കടപ്പുറത്തേക്കെത്താന്‍ ഒരുപാട് ബുദ്ധിമുട്ടി. മഴ തുടരുകയാണ്. അതിനിടയില്‍ ഒരു മണിയോടെ മുഖ്യമന്ത്രി എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ചു. അദ്ദേഹത്തിന്റെ മുഖത്ത് ഒരാശങ്കയുള്ളതായി കണ്ടപ്പോള്‍ത്തന്നെ തോന്നി. അങ്ങനെയല്ല ലീഡറെ കാണാറുണ്ടായിരുന്നത്. എന്തോ പറയാന്‍ മടിയുള്ളത് പോലെ തോന്നി. ഒടുവില്‍ അദ്ദേഹം പറഞ്ഞു തുടങ്ങി. പ്രധാനമന്ത്രി ബോംബെയിലാണ്. പ്രളയസമാനമായ സാഹചര്യമായതിനാല്‍ പരിപാടി നടക്കാന്‍ സാധ്യതയില്ലെന്ന ഐബി റിപ്പോര്‍ട്ട് അദ്ദേഹത്തിന് ലഭിച്ചു. പരിപാടി ഒഴിവാക്കാമെന്ന് എസ്പിജിയും അദ്ദേഹത്തെ അറിയിച്ചിരുന്നു. ഈ മഴയത്ത് ആളുണ്ടാവില്ലെന്നായിരുന്നു അവരുടെയൊക്കെ ആശങ്ക. പ്രധാനമന്ത്രിയുടെ പരിപാടിക്ക് ആളില്ലെങ്കില്‍ ക്ഷീണമാകുമല്ലോ.
പ്രധാനമന്ത്രി പങ്കെടുക്കുന്ന കാര്യം പ്രയാസമാണെന്ന് വിഷമത്തോടെയെങ്കിലും മുഖ്യമന്ത്രി പറഞ്ഞു. പിന്നാലെ അദ്ദേഹം ഡിജിപിയെ വിളിച്ചുവരുത്തി. ടി.വി. മധുസൂദനനാണ് അന്ന് ഡിജിപി. അദ്ദേഹവും മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. റോഡിലൊക്കെ വെള്ളമാണ്, ബ്ലോക്കുണ്ട്. പരിപാടി നടക്കുന്ന ശംഖുമുഖത്ത് നൂറില്‍ത്താഴെ ആളുകള്‍ മാത്രമേയുള്ളൂ എന്നൊക്കെ അദ്ദേഹം പറഞ്ഞു. എന്നാല്‍ പരിപാടി എന്ത് വന്നാലും നടത്തുമെന്നൊരു വാശി എനിക്കന്നുണ്ടായിരുന്നു. ദൂരെനിന്ന് ദിവസങ്ങള്‍ക്ക് മുമ്പേ പ്രവര്‍ത്തകര്‍ ബസുകളിലും മറ്റുമൊക്കെയായി പുറപ്പെട്ട കാര്യവും, നാടൊട്ടാകെയുള്ള പ്രവര്‍ത്തകര്‍ ഈ പരിപാടിയെ എത്രകണ്ട് ആവേശത്തിലാണ് സ്വീകരിച്ചത് എന്നൊക്കെ എനിക്കറിയാമായിരുന്നു. അത് ഞങ്ങളിലുള്ള പ്രതീക്ഷ കൊണ്ടുകൂടിയാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ റിസ്ക് ലീഡര്‍ വീണ്ടും എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്റെ വാശി കൊണ്ടുതന്നെ അദ്ദേഹം ഒന്നുകൂടി ആലോചിച്ച ശേഷം, പരിപാടി വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ മുന്നോട്ടുപൊയ്ക്കോളൂ എന്ന് പറഞ്ഞു. തൊട്ടുപിന്നാലെ എന്റെ മുന്പില് വെച്ച് പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച്, എത്ര മഴയാണെങ്കിലും പരിപാടിക്ക് എത്തണമെന്ന് പറഞ്ഞു.
പരിപാടി നടക്കേണ്ട സമയമടുത്തു. നാലുമണിയായപ്പോള്‍ മുന്നൂറോ നാനൂറോ ആളുകള്‍ മാത്രമേ ശംഖുമുഖത്തുണ്ടായിരുന്നുള്ളൂ. പക്ഷേ, അഞ്ചു മണിയായപ്പോഴേക്കും കടപ്പുറം നിറഞ്ഞു. ആറുമണിയായപ്പോള്‍ ഡിജിപിയുടെ സന്ദേശമെത്തി. അഭിനന്ദനമായിരുന്നു അത്. അവര്‍ പോലും പ്രതീക്ഷിച്ചില്ലത്രേ. ഒടുവില്‍ പ്രധാനമന്ത്രിയെത്തി. ലക്ഷക്കണക്കിന് യുവാക്കളെ സാക്ഷിയാക്കി പ്രധാനമന്ത്രി പ്രസംഗം തുടങ്ങി. പ്രസംഗം പൂര്‍ത്തിയാകുമ്പോഴും മ്യൂസിയം ജംഗ്ഷനില്‍ നിന്ന് റാലിയുടെ അവസാനനിര പുറപ്പെട്ടിട്ടുണ്ടായിരുന്നില്ല. കേരളം കണ്ട ഒരു യുവജന പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പരിപാടിക്കാണ് അന്ന് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. ചെറുപ്പക്കാരിലുള്ള, ഒപ്പം നില്ക്കുന്ന പ്രവര്‍ത്തകരിലുള്ള, അവരുടെ ആത്മവിശ്വാസത്തിന് ലീഡര്‍ നല്കിയ വിലയുടെ ഫലം കൂടിയായിരുന്നു അത്. ഒരുപാട് എതിര് ഘടകങ്ങളുണ്ടായിട്ടും പ്രധാനമന്ത്രിയെ വിളിച്ചു വരുത്തുന്നതിന് ലീഡര്‍ക്കുണ്ടായിരുന്ന വിശ്വാസം എന്റെ ഉറപ്പ് മാത്രമായിരുന്നു.
ഇതായിരുന്നു ലീഡര്‍. ഒപ്പമുണ്ടായിരുന്നവരെ വിശ്വസിക്കുന്നത് മാത്രമല്ല, പ്രവര്‍ത്തകരിലും യുവാക്കളിലും ഒരണു പോലും ആത്മവിശ്വാസക്കുറവോ, നിരാശയോ ഉണ്ടാകരുതെന്ന നിര്‍ബന്ധം കൂടി ലീഡര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് കെ.കരുണാകരന് എന്ന ലീഡര്‍ എക്കാലത്തും ഒരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും കരുത്തും വികാരവുമാകുന്നത്. കേരളാ രാഷ്ട്രീയത്തില്‍ കെ.കരുണാകരന് ഒരു ശൈലി കൂടിയായി മാറുന്നത് അങ്ങനെയാണ്. അതിന് പിറകെ നടക്കുന്നതിനോളം വലിയ ഭാഗ്യവും സന്തോഷവും മറ്റൊന്നിന് നല്‍കാനാവില്ല. ലീഡറുടെ ഈ ജന്മവാര്ഷികത്തില് ഓര്‍മ്മകള്‍ പുതുക്കുന്ന ദിവസമല്ല ഇന്നെനിക്ക്. നിനക്കുറപ്പെണ്ടെങ്കില്‍ മുന്‍പോട്ടുപൊയ്ക്കോളൂ എന്നെനിക്ക് ആത്മവിശ്വാസം നല്‍കാറുള്ളയാള്‍ ഒപ്പമുണ്ടെന്ന ധൈര്യം ഊട്ടിയുറപ്പിക്കുന്ന ദിനം കൂടിയാണിന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

