ടുട്ടുറുമോളെ തൊട്ടുനോക്കാനാശ; ഈ വിഡിയോ വൈറലായില്ലെങ്കിലാണ് അത്ഭുതം
text_fieldsഒാമനത്വമുള്ള ഒരു പൂച്ചക്കൂഞ്ഞിനെ കണ്ടാൽ ഒന്നു താലോലിക്കാനും തൊട്ടുനോക്കാനും ഇഷ്ടപ്പെടാത്തവരുണ്ടാകുമോ. മനുഷ്യ ഹൃദയമുള്ളവരൊക്കെയും അങ്ങിനെ ചെയ്യുമെന്നാണ് ഉത്തരമെങ്കിൽ ആ ഉത്തരം തെറ്റാണെന്നതിന് തെളിവാണ് സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുന്ന ഈ വിഡിയോ. viral video
മനുഷ്യഹൃദയമില്ലാത്തവർക്കും അങ്ങിനെ തന്നെയാണ് തോന്നുക എന്നത് ഈ വിഡിയോ കണ്ടാൽ ബോധ്യമാകും. അണിഞ്ഞൊരുങ്ങി നിൽക്കുന്ന അരുമയായ പൂച്ചയെ ഒരു കാട്ടുകുരങ്ങൻ താലോലിക്കുന്നതാണ് ദൃശ്യങ്ങളിൽ.
ഒാടിയെത്തിയ കുരങ്ങൻ വെളുത്ത രോമങ്ങളുള്ള സുന്ദരിപൂച്ചയെ പതിയെ തൊട്ടുനോക്കുകയാണ് ആദ്യം. മടിച്ചുമടിച്ച്, ചുറ്റുപാടും കണ്ണോടിച്ച് പതിയെയാണ് പൂച്ചയെ കുരങ്ങൻ തൊടുന്നത്. ആദ്യം പൂച്ചയുടെ കൈകളിൽ തൊടുന്ന കുരങ്ങൻ പിന്നെ, പൂച്ചയുടെ മുഖത്ത് പതിയെ തലോടുന്നുണ്ട്. പൂച്ചയെ ചുംബിക്കാൻ കുരങ്ങൻ മുഖം അടുപ്പിക്കുന്നതും കാണാം.
ഉടമ കൂടെയുണ്ടെങ്കിലും 'പരിചയമില്ലാത്ത പുതിയ സുഹൃത്തിനെ' കണ്ട് പൂച്ച ചെറുതായി പരുങ്ങുന്നതുണ്ട്. കെട്ടിപ്പിടിക്കാനും ചുംബനം കൊണ്ട് മൂടാനും കുരങ്ങൻ കൊതിക്കുന്നുണ്ടെങ്കിലും ആ 'അരുമയെ' പരിഭ്രാന്തയാക്കേണ്ടെന്ന് കരുതി പതിയെ പിൻമാറുകയും ചെയ്തു. മനസില്ലാ മനസോടെയാണ് കുരങ്ങൻ തിരിച്ചു പോകുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെ ലക്ഷങ്ങളാണ് ഇതിനകം ഈ വിഡിയോ കണ്ടത്. കൗതുകവും ഇഷ്ടവുമൊക്കെ നിരവധി പേർ അടയാളപ്പെടുത്തിയെങ്കിലും കാട്ടുകുരങ്ങൻമാർ അപകടകാരികളാണെന്നും സൂക്ഷിക്കണമെന്നും പൂച്ച രക്ഷപ്പെട്ടതാണെന്നുമൊക്കെ ഒാർമപ്പെടുത്താനും ചിലർ മറന്നിട്ടില്ല.
വിഡിയോ കാണാം:

