പാർലമെന്റിൽ ഇൻസ്റ്റഗ്രാം റീൽ ചിത്രീകരണം; സയോനി ഘോഷിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം -VIDEO
text_fieldsസയോനി ഘോഷ്
ന്യൂഡൽഹി: പാർലമെന്റ് പരിസരത്ത് ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിച്ചതിൽ പശ്ചിമ ബംഗാളിലെ ജാദവ്പൂർ എം.പി സയോനി ഘോഷിനെതിരെ വിമർശനം. പാർലമെന്റ് സമുച്ചയത്തിലെ മഴക്കാഴ്ചകൾ ഉൾപ്പെടുത്തി എം.പി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്. പാർലമെന്റ് പോലുള്ള രാജ്യത്തിന്റെ പരമോന്നത ജനാധിപത്യ സ്ഥാപനത്തെ സോഷ്യൽ മീഡിയ കണ്ടന്റ് നിർമാണത്തിനുള്ള വേദിയാക്കുന്നത് ഉചിതമല്ലെന്നാണ് വിമർശകർ ഉന്നയിക്കുന്നത്.
സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് എം.പിയായ മഹുവ മൊയ്ത്ര ഉൾപ്പെടെയുള്ളവർ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമിച്ച പാർലമെന്റ് റീലുകൾ ചിത്രീകരിക്കാനുള്ളതാണോ എന്ന ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉന്നയിക്കുന്നത്. പാർലമെന്റുണ്ടാക്കിയത് ഇതിനാണോയെന്ന് കോക്രോച്ച് ജനതാ പാർട്ടി അനുഭാവികളുടെ കൂട്ടായ്മയും ചോദ്യമുന്നയിച്ചു. എൻ.ഡി.എയുടെ ഭാഗമായതോടെ പാർലമെൻറിൽ സംസാരിക്കാനൊന്നുമില്ലെന്നും അതുകൊണ്ട് എം.പിക്ക് ധാരാളം സമയമുണ്ടെന്നും ചിലർ പരിഹസിക്കുകയും ചെയ്തു.
പാർലമെൻറിൽ നിന്നുള്ള മഴയുടെ ദൃശ്യങ്ങളാണ് എം.പി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്. ഏപ്രിലിൽ നടന്ന ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട തിരിച്ചടിക്ക് പിന്നാലെ മമത ബാനർജിയോട് എതിർപ്പ് പ്രകടിപ്പിച്ച് പാർട്ടി വിട്ടതാണ് സയോനി ഘോഷ്. അടുത്തിടെ സി.ജെ.പി പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇവർ വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചതും ചർച്ചയായിരുന്നു.
പ്രക്ഷോഭത്തിൽ ബി.ജെ.പി സർക്കാരിന്റെ നടപടികളെ അവർ പിന്തുണക്കുകയും പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്ക് പകരം സർഗാത്മകമായ ചർച്ചകൾക്കുള്ള വേദിയാകണം പാർലമെന്റെന്നും അവർ പറഞ്ഞിരുന്നു. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് പാർലമെന്റിലെ റീൽ ചിത്രീകരണത്തിൽ വിമർശനം ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

