മോഷണ സ്വഭാവം; ഇൻഫ്ളുവൻസർ ജി.പി.എസ് ടാഗ് ധരിക്കണമെന്ന് നിർദേശം, രാത്രി പത്തിന് ശേഷം പുറത്തിറങ്ങരുതെന്നും കോടതി
text_fieldsസിംഗപ്പൂർ: സൂപ്പർമാർക്കറ്റിൽ നിന്ന് മോഷണ ശ്രമത്തിനിടെ പിടിയിലായ സമൂഹമാധ്യമ ഇൻഫ്ളുവൻസറോട് ജി.പി.എസ് ടാഗ് ധരിച്ച് നടക്കാൻ കോടതി ഉത്തരവ്. സിംഗപ്പൂരിയൻ ഇൻഫ്ളുവൻസറായ ജെനി യമാഗുചിക്കാണ് (30) കോടതി ശിക്ഷ വിധിച്ചത്.
ഓഗസ്റ്റ് 25നാണ് കേസിനാസ്പദമായ സംഭവം. ജെനിയും സുഹൃത്ത് ലീ സുയ്റ്റ് കീയ് ചെറിലും ചേർന്ന് ഡോൻ ഡോൻ ഡോങ്കി സൂപ്പർമാർക്കറ്റിൽ നിന്ന് 628.90 സിങ്കപ്പൂരിയൻ ഡോളറിന്റെ ( ഏകദേശം 43,000 രൂപ) സാധനങ്ങൾ മോഷ്ടിച്ചുവെന്നാണ് പരാതി. 27 സാധനങ്ങൾ കാർട്ടിൽ ശേഖരിച്ച ഇരുവരും പണം നൽകാതെ കടന്നുകളയുകയായിരുന്നു.
മേക്കപ്, സൗന്ദര്യവർധക വസ്തുക്കളാണ് ഇത്തരത്തിൽ മോഷ്ടിച്ച് കടത്തിയത്. ഇരുവരും കടന്നുകളയുന്നത് കണ്ട ജീവനക്കാരൻ മനേജറെ അറിയിക്കുകയായിരുന്നു. തുടർന്ന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പിറ്റേദിവസം ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ജെനിക്കെതിരെ മുൻപ് കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ടിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിൽ പശ്ചാത്താപമുണ്ടെന്നും ആവർത്തിക്കില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇതിന് പിന്നാലെ, മൂന്നുമാസം തുടർച്ചയായി പകൽ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും ജി.പി.എസ് ടാഗ് എപ്പോഴും ധരിക്കണമെന്നും രാത്രി പത്തുമുതൽ പുലർച്ചെ ആറുവരെ പുറത്തിറങ്ങരുതെന്നും കോടതി നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

