'ഗുഡ്ക തുപ്പാനാണ്, വിൻഡോ തുറക്കാമോ'; പറക്കലിനിടെ വിമാനയാത്രക്കാരന്‍റെ ചോദ്യം, എയർഹോസ്റ്റസിന്‍റെ മറുപടി -VIDEO
text_fieldsവിമാനത്തിൽ യാത്രക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ച് നിരവധി വാർത്തകളാണ് ഈയടുത്ത് ഉണ്ടായത്. യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവവും മദ്യപിച്ച് എയർഹോസ്റ്റസിനോട് മോശമായി പെരുമാറിയതുമൊക്കെ അവയിൽ ചിലതാണ്. ബി.ജെ.പി എം.പി തേജസ്വി സൂര്യ വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് മറ്റൊരു സംഭവമായിരുന്നു.
ഇൻഡിഗോ ഫ്ലൈറ്റിൽ യാത്രക്കിടെ ഗുഡ്ക തുപ്പാൻ വിൻഡോ തുറക്കാമോയെന്ന് എയർഹോസ്റ്റസിനോട് ആവശ്യപ്പെടുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്. ചോദ്യം കേട്ട് ആദ്യം അമ്പരന്ന എയർഹോസ്റ്റസ്, സംഭവം തമാശയാണെന്ന് മനസിലാക്കിയതും പൊട്ടിച്ചിരിക്കുന്നതാണ് വിഡിയോ. ഗോവിന്ദ് ശർമ എന്നയാളാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തത്.
ഇന്‍ഡിഗോ വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറന്ന് വിവാദത്തിലായ ബി.ജെ.പി എം.പി തേജസ്വി സൂര്യയെ പരിഹസിച്ച് ഡി.എം.കെ എം.പി ദയാനിധി മാരന്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. വിമാനത്തിലെ എമര്‍ജന്‍സി വാതിലിനടുത്ത് ഇരുന്നുകൊണ്ട് ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോയിലാണ് ദയാനിധി മാരന്റെ പരിഹാസം.
'ഞാന്‍ കോയമ്പത്തൂരേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ്. എമര്‍ജന്‍സി വാതിലിനടുത്തുള്ള സീറ്റിലാണ് ഇരിക്കുന്നത്, പക്ഷേ വാതില്‍ തുറക്കില്ല. അത് വിമാനത്തിനും മറ്റുള്ള യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണ്. അങ്ങനെ ചെയ്യാതിരിക്കുന്നത് വഴി ഒരുപാട് സമയം ലാഭിക്കാം, ക്ഷമാപണ കത്ത് എഴുതേണ്ടി വരില്ലല്ലോ' -വിഡിയോയില്‍ മാരന്‍ പറയുന്നു.