'വിലക്കുകൾക്ക് പിന്നിൽ മനുഷ്യൻ, സ്നേഹത്തിന് അതിർത്തിയില്ല'; ഇത് ഇന്ത്യ-പാക് സൗഹൃദം
text_fieldsസൗഹൃദത്തിന് അതിർത്തിയില്ലെന്നാണ് പറയപ്പെടുന്നത്. ഇതിന് വലിയ ഉദാഹരണമാണ് ഇന്ത്യക്കാരിയും പാകിസ്താൻകാരിയുമായ രണ്ട് യുവതികളുടെ സൗഹൃദ കഥ. ഏർളി സ്റ്റെപ്സ് അക്കാദമി സ്ഥാപകയും സി.ഇ.ഒയുമായ സ്നേഹ ബിശ്വാസും ഹാർവേഡ് ബിസിനസ് സ്കൂളിൽ സഹപാഠിയായിരുന്ന പാകിസ്താനി കൂട്ടുകാരിയും തമ്മിലുള്ള ചങ്ങാത്തമാണിത്. സ്നേഹ ബിശ്വാസ് ലിങ്ക്ടിനിൽ പോസ്റ്റ് ചെയ്ത തന്റെ കൂട്ടുകാരിയെ കുറിച്ചുള്ള ഓർമകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
"ഇന്ത്യയിലെ ഒരു ചെറിയ പട്ടണത്തിൽ വളർന്ന എനിക്ക് ക്രിക്കറ്റും ചരിത്ര പുസ്തകങ്ങളും മാധ്യമങ്ങളുമാണ് പാകിസ്താനെ കുറിച്ച് ആകെ ഉണ്ടായിരുന്ന അറിവ്. രാജ്യങ്ങൾ തമ്മിലുള്ള വെറുപ്പും പൊരുത്തക്കേടുകളും ഇതിലൊക്കെ കാണാമായിരുന്നു.
വർഷങ്ങൾക്ക് ശേഷം ഹാർവേഡ് ബിസിനസ് സ്കൂളിൽ എത്തിയപ്പോൾ ഞാൻ ഒരു പാകിസ്താനി പെൺകുട്ടിയെ കണ്ടു. എനിക്കവളുമായി കൂട്ടുകൂടാൻ അഞ്ച് സെക്കന്റ് മാത്രമേ വേണ്ടി വന്നുള്ളു. സെമസ്റ്റർ അവസാനിക്കുമ്പോൾ കാമ്പസിലെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായി മാറി ആ കുട്ടി," സ്നേഹ കുറിച്ചു.
പുതിയ കാല ജീവിത രീതികളിലേക്ക് അത്ര എളുപ്പം മാറാൻ താൽപര്യം പ്രകടിപ്പിക്കാത്ത കുടുംബമായിരുന്നു കൂട്ടുകാരിയുടേത്. എങ്കിലും സ്വപ്നങ്ങൾക്ക് പിന്നാലെ പായുന്നതിന് കുടുംബം ആ കുട്ടിക്കൊപ്പം ചേർന്നു. കൂട്ടുകാരിയുടെ നിശ്ചയദാർഢ്യം തന്നെയും ഏറെ സ്വാധീനിച്ചതായി സ്നേഹ പറയുന്നു.
വിലക്കുകൾ മനുഷ്യൻ മുന്നോട്ട് വെക്കുന്നതാണെന്നും സ്നേഹത്തിന് അത് ബാധകമല്ലെന്നും സ്നേഹ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടേയും പാകിസ്താന്റെയും ദേശീയപതാകളേന്തി ഇരുവരും നിൽക്കുന്ന ചിത്രവും കുറിപ്പിനൊപ്പം പങ്ക് വച്ചിട്ടുണ്ട്.
അതിർത്തികൾ താണ്ടിയുള്ള സൗഹൃദത്തിൽ സന്തോഷമറിയിച്ച് നിരവധി പേരാണ് അഭിപ്രായങ്ങൾ അറിയിച്ചത്. ഇതിനോടകം 40,000ത്തിൽ പരം ആളുകൾ കുറിപ്പിന് ലൈക്ക് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

