അനുമതിയില്ലാതെ കാമറയിൽ പകർത്തി, പിന്നാലെ വംശീയ അധിക്ഷേപം; ലൈവിനിടെ കനേഡിയൻ വ്ലോഗർക്ക് ഇന്ത്യക്കാരന്റെ മർദനം
text_fieldsഹോ ചി മിൻ സിറ്റി: വംശീയ അധിക്ഷേപം നടത്തിയെന്നതിന് കനേഡിയൻ യൂട്യൂബർക്ക് ഇന്ത്യൻ യുവാവിന്റെ മർദനം. വിയറ്റ്നാമിലെ ഒരു കടയിൽ വച്ച് യുവാക്കളെ അവരുടെ അനുമതിയില്ലാതെ ക്യാമറയിൽ പകർത്തിയതിനെ തുടർന്നാണ് ഇന്ത്യക്കാരൻ മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഓൺലൈനിൽ JohnWhatsGoingOn എന്ന പേരിൽ അറിയപ്പെടുന്ന ജോൺ ലിയാണ് വിയറ്റ്നാമിലെ സൈഗോണിൽ ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് രണ്ട് ഇന്ത്യൻ യുവാക്കളെ ക്യാമറയിൽ പകർത്തിയത്.
ചിത്രീകരണം നിർത്തണമെന്നും ക്യാമറ തങ്ങൾക്ക് നേരെ തിരിക്കരുതെന്നും യുവാക്കൾ പലതവണ ആവശ്യപ്പെട്ടു. എന്നാൽ ലൈവ് സ്ട്രീം അവസാനിപ്പിക്കുന്നതിന് പകരം ജോൺ ചിത്രീകരണം തുടരുകയും അവരുമായി സംസാരിക്കുകയും ചെയ്തു. ഇതോടെ തർക്കം രൂക്ഷമായി. ഇത് ചോദ്യം ചെയ്ത് യുവാക്കൾ ജോണിനോട് ക്യാമറ മാറ്റാൻ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ഇരുവരും ഏറ്റുമുട്ടാനും തുടങ്ങി. യുവാക്കളിൽ ഒരാൾ ജോണിനെ തർക്കത്തിനിടെ അടിക്കുകയായിരുന്നു. അതേസമയം ജോൺ ലൈവ് സ്ട്രീം തുടരുകയും യുവാക്കളെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ എക്സ്, ഇൻസ്റ്റഗ്രാം, റെഡ്ഡിറ്റ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സംഭവത്തിലേക്ക് നയിച്ച സാഹചര്യം എന്തായിരുന്നുവെന്നും യുവാക്കളുടെ എതിർപ്പ് അവഗണിച്ച് ജോൺ ചിത്രീകരണം തുടരേണ്ടിയിരുന്നോ എന്നുമാണ് സമൂഹമാധ്യമത്തിൽ ഇപ്പോൾ ചർച്ച. പൊതുസ്ഥലങ്ങളിൽ ആളുകളെ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് ലൈവ് വ്ലോഗർമാർക്കുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും സംഭവം വീണ്ടും ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങൾ ചിത്രീകരിക്കുമ്പോൾ പശ്ചാത്തലത്തിൽ ആളുകൾ ഉൾപ്പെടുന്നത് സാധാരണമാണെങ്കിലും, ഒരാൾ ചിത്രീകരണത്തെ എതിർത്ത ശേഷവും മനഃപൂർവം ചിത്രീകരണം തെറ്റാണെന്നും നിരവധിപേർ അഭിപ്രായപ്പെട്ടു. അതേസമയം, ക്യാമറയിൽ പകർത്തിയതിനെ ചൊല്ലിയുള്ള തർക്കത്തിൽ ശാരീരിക ഉപദ്രവം നടത്തിയത് ശരിയായിരുന്നോ എന്നും ചർച്ചയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

