ലോറിയിലിടിക്കുന്ന ബുള്ളറ്റ് ട്രെയിൻ, ചിതറിത്തെറിക്കുന്ന പിയർ പഴങ്ങൾ; വൈറലായി അപകട ദൃശ്യങ്ങൾ
text_fieldsആംസ്റ്റർഡാം: അതിവേഗത്തിൽ കുതിച്ചെത്തിയ ബുള്ളറ്റ് ട്രെയിൻ ലെവൽ ക്രോസിങ്ങിലെ ലോറിയിൽ ഇടിച്ചുകയറുമ്പോൾ ചുറ്റും ചിതറിത്തെറിക്കുന്നത് പിയർ പഴങ്ങൾ. പഴം കയറ്റിയെത്തിയ ലോറിയുടെ പിൻഭാഗം മുഴുവൻ തകർത്ത ട്രെയിൻ ഒന്നുമറിയാതെ മുന്നോട്ടുകുതിക്കുന്നു. സെൻട്രൽ നെതർലാൻഡ്സിലെ മെറ്റെറനിലുള്ള ഒരു ലെവൽ ക്രോസിങ്ങിൽ നടന്ന അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ.
ലെവൽ ക്രോസിങ്ങിലെ ഗേറ്റ് അടഞ്ഞതോടെ ലോറി പെട്ടെന്ന് തന്നെ പിന്നോട്ടു പോയതാണ് അപകടത്തിന് കാരണമായത്. ഏകദേശം 400 യാത്രക്കാരെ ട്രെയിനിൽ നിന്ന് സുരക്ഷിതമായി മാറ്റി. അഞ്ചുപേർക്ക് പരിക്കുപറ്റിയിട്ടുണ്ട്. പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് ട്രെയിനിന്റെ മുൻഭാഗം തകർന്നതായി കാണാം. പഴങ്ങളും ലോറിയുടെ അവശിഷ്ടങ്ങളും സംഭവ സ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ട്. ഡ്രൈവർ മുന്നോട്ട് നീങ്ങാൻ ശ്രമിച്ചെങ്കിലും ലോറിയുടെ പകുതി പാളത്തിൽ കുടുങ്ങുകയായിരുന്നു.
ആദ്യം ലോറി ലെവൽ ക്രോസിങ് കടന്നുപോകുമ്പോൾ ട്രെയിൻ അകലെയായിരുന്നതിനാൽ അപകടസൂചനയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, മറുവശത്ത് നിന്ന് വന്ന കാറിന് വഴി മാറിക്കൊടുക്കുന്നതിനായാണ് പാളത്തിലേക്ക് തിരിച്ചുകയറിയത്. ഉടൻ സുരക്ഷാ അലാറങ്ങൾ മുഴങ്ങി ഇരുവശത്തെയും ബാരിയറുകൾ അടഞ്ഞു. ലോറിയുടെ മൂന്നിലൊന്ന് ഭാഗം പാളത്തിൽ കുടുങ്ങുകയായിരുന്നു. ഡ്രൈവർ ബാരിയർ തകർത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിനുമുമ്പ് ട്രെയിൻ ഇടിച്ചു കയറി.
അപകടത്തിന്റെ ദൃശ്യങ്ങൾ സർക്കാർ ട്രാൻസ്പോർട് ഏജൻസി പുറത്തുവിട്ടു. ഇത്തരമൊരു സാഹചര്യം നേരിടുമ്പോൾ ഡ്രൈവർമാർ എന്തുചെയ്യണം എന്ന് ബോധവത്കരിക്കാനാണ് ദൃശ്യങ്ങൾ പുറത്തുവിട്ടതെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തിൽ ട്രെയിനിന്റെ മുൻഭാഗം പൂർണമായും തകർന്നതായും ഏകദേശം ഒരു കിലോമീറ്റർ ട്രാക്ക് പുനർനിർമിക്കേണ്ടതുണ്ടെന്നും ഏജൻസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

