കൈക്കൂലി ആരോപണം; കാലാവധി കഴിഞ്ഞ ബിസ്കറ്റ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് കഴിപ്പിച്ച് നാട്ടുകാരുടെ പ്രതിഷേധം
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംബാജിനഗറിൽ കാലാവധി അവസാനിച്ച ഭക്ഷ്യവസ്തുക്കൾ വിറ്റഴിക്കുന്നതിനെതിരെ നടപടിയെടുക്കാൻ എത്തിയ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) ഉദ്യോഗസ്ഥന് നാട്ടുകാരുടെ പ്രതിഷേധം നേരിടേണ്ടിവന്നു. കൈക്കൂലി വാങ്ങി കടക്കാരനെ രക്ഷിക്കാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ആളുകൾ അദ്ദേഹത്തെ വളയുകയും, കാലാവധി അവസാനിച്ച ബിസ്കറ്റുകൾ നിർബന്ധിച്ച് കഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രാദേശിക കടയിൽ നിന്ന് വാങ്ങിയ ലഘുഭക്ഷണം കഴിച്ച് രണ്ടു വയസ്സുള്ള ഒരു കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടി തലകറങ്ങി വീഴുകയും ആരോഗ്യനില വഷളാകുകയും ചെയ്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തിൽ രോഷാകുലരായ നാട്ടുകാരാണ് എഫ്.ഡി.എ ഓഫീസിൽ വിളിച്ച് പരാതി നൽകിയത്.
പരിശോധനക്കിടയിൽ കടയിൽ നിന്ന് കാലഹരണപ്പെട്ട നിരവധി ബിസ്കറ്റ് പാക്കറ്റുകൾ ഉദ്യോഗസ്ഥൻ കണ്ടെത്തുകയുണ്ടായി. എന്നാൽ ഈ ഉൽപന്നങ്ങൾ പിടിച്ചെടുത്തതല്ലാതെ കടക്കാരനെതിരെ കർശന നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. തുടർന്ന് കൈക്കൂലി വാങ്ങി വിഷയം ഒതുക്കിതീർക്കാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം അദ്ദേഹത്തെ വളഞ്ഞു. ബിസ്കറ്റുകൾ സുരക്ഷിതമാണെങ്കിൽ അവ കഴിക്കാൻ ഇവർ ഉദ്യോഗസ്ഥനെ വെല്ലുവിളിക്കുകയും, ചിലർ നിർബന്ധിച്ച് ബിസ്കറ്റ് അദ്ദേഹത്തിന്റെ വായിൽ വെക്കാൻ ശ്രമിക്കുകയും ചെയ്തു.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ മഹാരാഷ്ട്ര എഫ്.ഡി.എ കർശന നടപടികൾ സ്വീകരിച്ചുവരുന്നതിനിടയിലാണ് ഈ നാടകീയ സംഭവങ്ങൾ. മായം ചേർക്കൽ, കാലാവധി കഴിഞ്ഞ ഉൽപന്നങ്ങളുടെ വിൽപ്പന എന്നിവ തടയാൻ കഴിഞ്ഞ ആഴ്ചകളിലായി നിരവധി പരിശോധനകളാണ് അധികൃതർ നടത്തിവവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

