ഗായകനുമേൽ നോട്ട് കൂമ്പാരം തീർത്ത് ആരാധകർ; വൈറലായി ഗുജറാത്തിലെ 'ഡയറോ' ഗാനാലാപനത്തിന്റെ ദൃശ്യം
text_fieldsജുനഗഡ്: ഗുജറാത്തിലെ സംഗീത പരിപാടിക്കിടെയുണ്ടായ അത്യപൂർവമായ സംഭവത്തിന്റെ ദൃശ്യങ്ങമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഗുജറാത്തി നാടൻ പാട്ടും കഥപറച്ചിലും സമന്വയിപ്പിച്ചുള്ള 'ഡയറോ' എന്ന പാരമ്പര്യ കലാരൂപത്തിനിടെ ഗായകനെ ആരാധകർ നോട്ടുകൾകൊണ്ട് മൂടുന്നതാണ് വിഡിയോയിലുള്ളത്. ജുനഗഡിലെ ഖംഭാലിയ ഗ്രാമത്തിലാണ് സംഭവം.
ഭജൻ ഗായകൻ ഗോപാൽ സാധു ഹാർമോണിയം വായിച്ച് പാട്ടുപാടിക്കൊണ്ടിരുന്നപ്പോഴാണ് നോട്ടുകൾകൊണ്ട് പൂർണമായും മൂടിയത്. വേദിയിൽ പാടിക്കൊണ്ടിരിക്കുന്ന ഗോപാൽ സാധുവിന്റെ ദേഹത്തേക്ക് ചാക്കുകളിൽ നിറച്ച കറൻസി നോട്ടുകൾ ഭക്തർ തുടർച്ചയായി വർഷിക്കുന്നത് വിഡിയോയിൽ കാണാം. ഒരു ഘട്ടത്തിൽ നോട്ടുകളുടെ കൂമ്പാരത്തിന് പിന്നിൽ ഗായകൻ പൂർണമായും മറഞ്ഞുപോയെങ്കിലും, യാതൊരു പ്രഭാവവുമില്ലാതെ അദ്ദേഹം തന്റെ ഗാനം തുടരുകയാണ് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
വിഡിയോ വൈറലായതോടെ രസകരവും എന്നാൽ ഗൗരവമേറിയതുമായ ചർച്ചകൾക്കാണ് സമൂഹമാധ്യമങ്ങൾ സാക്ഷ്യം വഹിക്കുന്നത്. "ഇതാണ് യഥാർത്ഥ വർക്ക് ഫ്രം ഹോം" എന്നും "നോട്ടുമഴയിൽ നനഞ്ഞ് ഒരിടത്ത് ഇരുന്നാൽ മാത്രം മതി" എന്നും പരിഹസിച്ചുകൊണ്ട് ചിലർ രംഗത്തെത്തി. അതേസമയം, നോട്ടുകൾക്കിടയിൽ ഗായകന് ശ്വാസം മുട്ടുന്നുണ്ടാകുമോ എന്ന ആശങ്കയും ചില ഉപയോക്താക്കൾ പങ്കുവെച്ചു. "ഈ പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി വിനിയോഗിക്കപ്പെടുമെന്ന് കരുതുന്നു"എന്നായിരുന്നു വിഡിയോ കണ്ട മറ്റൊരു പ്രതികരണം.
ഗുജറാത്തി സംസ്കാരത്തിലെ ജനപ്രിയ കലാരൂപമായ ഡയറോയിൽ ഇത്തരം രീതികൾ പതിവാണെങ്കിലും ഇത്രയും വലിയ തോതിലുള്ള നോട്ടുവർഷം ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഇത്തരം 'നോട്ടുമഴ' പതിവാണെങ്കിലും പണത്തിന്റെ ഇത്ര വലിയ പ്രദർശനം ധൂർത്താണെന്ന വിമർശനവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

