റെയിൽവേ സ്റ്റേഷനിൽ വയോധികന് പൊലീസുകാരന്റെ ക്രൂര മർദനം; വിഡിയോ വൈറൽ
text_fieldsറെയിൽവേ സ്റ്റേഷനിൽ പൊലീസ് കോൺസ്റ്റബിൾ വയോധിനെ ക്രൂരമായി മർദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. മധ്യപ്രദേശിലെ ഹോഷങ്കാബാദ് ജില്ലയിലെ ഇറ്റാർസി ജങ്ഷൻ സ്റ്റേഷനിലാണ് സംഭവം. വയോധികനെ മുഖത്തടക്കം ചവിട്ടുകയും വലിച്ചിഴക്കുകയും ചെയ്യുന്ന വിഡിയോ പുറത്തുവന്നതോടെ കോൺസ്റ്റബിൾ അനന്ത് മിശ്രയെ സസ്പെൻഡ് ചെയ്തതായി എ.എസ്.പി പ്രതിമ പട്ടേൽ അറിയിച്ചു.
മദ്യപിച്ച വയോധികൻ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോടും അവിടെ ഉണ്ടായിരുന്നവരോടും മോശമായി പെരുമാറുകയായിരുന്നെന്നാണ് പറയുന്നത്.
30 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ, പൊലീസുകാരൻ വയോധികന്റെ മുഖത്ത് ചവിട്ടുന്നതും മർദിക്കുന്നതും കാണാം. തുടർന്ന് കാലിൽ പിടിച്ച് വലിച്ചിഴക്കുകയും റെയിൽവേ ട്രാക്കിലേക്ക് തലകീഴായി തൂക്കിപ്പിടിക്കുകയും ചെയ്യുന്നു. നിർത്തിയിട്ട ട്രെയിനിനുള്ളിൽനിന്ന് യാത്രക്കാരിലൊരാൾ പകർത്തിയ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
പൊലീസുകാരൻ വയോധികനെ നിരന്തരം മർദിച്ചിട്ടും യാത്രക്കാർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ പൊലീസുകാരനും നോക്കിനിന്നവർക്കുമെതിരെ ഉയർന്നത്.

