ട്രെയിനിന്റെ ചില്ലിൽ പരുന്ത് ഇടിച്ചുകയറി ലോക്കോപൈലറ്റിന് പരിക്ക് VIDEO
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ട്രെയിനിന്റെ മുൻവശത്തെ ചില്ലിൽ പരുന്ത് ഇടിച്ചുകയറി ലോക്കോപൈലറ്റിന് പരിക്ക്. ബിജ്ബെഹാരയ്ക്കും അനന്ത്നാഗ് റെയിൽവേ സ്റ്റേഷനും ഇടയിൽ സർവീസ് നടത്തുന്ന ബാരാമുള്ള-ബനിഹാൽ ട്രെയിനിലാണ് സംഭവം.
ലോക്കോ പൈലറ്റിന്റെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ലോക്കോമോട്ടീവ് ക്യാബിന്റെ തറയിൽ കിടക്കുന്ന പരുന്തിനെ ദൃശ്യങ്ങളിൽ കാണാം. പരുന്തിനെ ഇടിച്ചതിന് പിന്നാലെ വിൻഡ്സ്ക്രീനിൽ ചില്ല് പൊട്ടിയടർന്ന് ദ്വാരം രൂപപ്പെട്ടിരുന്നു. മുഖത്ത് ചില പരിക്കുകൾ ഉണ്ടായിട്ടും ലോക്കോമോട്ടീവ് പൈലറ്റ് റേഡിയോ വഴി ആശയവിനിമയം നടത്തുന്നതും ഡ്യൂട്ടി തുടരുന്നതും ദൃശ്യങ്ങളിലുണ്ട്.
തുടർന്ന്, ട്രെയിൻ അനന്ത്നാഗ് റെയിൽവേ സ്റ്റേഷനിൽ നിർത്തി ലോക്കോമോട്ടീവ് പൈലറ്റിന് പ്രഥമശുശ്രൂഷ നൽകുകയായിരുന്നു.
സമാനമായ മറ്റൊരു സംഭവത്തിൽ, ആന്ധ്രാപ്രദേശിലെ വിജയവാഡ വിമാനത്താവളത്തിൽ റൺവെയിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനത്തിന്റെ നോസിൽ പരുന്ത് ഇടിച്ചതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നിറുത്തിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

