ലോകകപ്പ് ആവേശത്തിൽ മെക്സിക്കോ; ആരാധകർക്കൊപ്പം ജഴ്സിയണിഞ്ഞ് ഒരു കൊച്ചു താറാവും!
text_fieldsമെക്സിക്കോ സിറ്റി: ലോകകപ്പ് ആവേശത്തിലാണ് മെക്സിക്കോ സിറ്റി. എസ്റ്റാഡിയോ അസ്ടെകയിൽ വെച്ച് നടന്ന ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ തകർപ്പൻ വിജയത്തോടെ മെക്സിക്കോ തങ്ങളുടെ വരവറിയിച്ചതോടെ നഗരം ആഘോഷ ലഹരിയിലാണ്. 2-0 എന്ന സ്കോറിലായിരുന്നു മെക്സിക്കോയുടെ വിജയം. സ്റ്റേഡിയത്തിനകത്തും പുറത്തും ആരാധകർ തങ്ങളുടെ ദേശീയ ജഴ്സിയണിഞ്ഞ് നൃത്തം വെച്ചും പാട്ടുപാടിയും വിജയം ആഘോഷിച്ചു. എന്നാൽ ഈ ഫുട്ബാൾ ആവേശം മനുഷ്യർ മാത്രമല്ല വേറെ ചിലരും ഏറ്റെടുത്തിരിക്കുകയാണ്. ലോകകപ്പ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് മെക്സിക്കോയിലെ തെരുവിൽ നിന്നുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു അമ്മയും മകനും തെരുവിലൂടെ നടന്നുപോകുന്നതാണ് വിഡിയോയുടെ തുടക്കം. അവർക്ക് തൊട്ടുപിന്നാലെ അങ്ങേയറ്റം ഗൗരവത്തിൽ നടന്നു നീങ്ങുന്ന ഒരു വളർത്തുതാറാവാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്. അതും വെറുമൊരു താറാവല്ല, മെക്സിക്കൻ ഫുട്ബാൾ ജഴ്സി അണിഞ്ഞാണ് ഈ കൊച്ചു താരം റോഡിലൂടെ നടക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട ടീമിനെ പിന്തുണക്കാൻ വളർത്തുതാറാവിനെയും ജഴ്സിയണിയിച്ച് ഇറക്കിയ ഇവർക്ക് ചുറ്റുമുള്ളവർ ഒരു പ്രത്യേകതയുമില്ലാത്തതുപോലെയാണ് പെരുമാറിയത്. എന്തായാലും വിഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തു.
‘ലോകകപ്പ് തുടങ്ങിയതേയുള്ളൂ, അതിനകം തന്നെ ആരാധകർ ആഘോഷം തുടങ്ങി കഴിഞ്ഞു’ എന്നാണ് ഒരു കമന്റ്. ഒരു ലാറ്റിൻ അമേരിക്കൻ രാജ്യത്ത് മാത്രം കാണാൻ സാധിക്കുന്ന കാഴ്ചയാണിത് മറ്റൊരാൾ കമന്റ് ചെയ്തു. മെക്സിക്കൻ ജഴ്സി ധരിച്ച ആ താറാവാണ് എന്റെ പുതിയ ഫേവറിറ്റ്. ഫുട്ബാളിനോട് മെക്സിക്കൻ ജനതക്കുള്ള ഈ ഭ്രാന്തമായ സ്നേഹം സമ്മതിക്കണം എന്നായിരുന്നു മറ്റൊരു പ്രതികരണം.
വ്യാഴാഴ്ച മെക്സിക്കോക്കൊപ്പം ദക്ഷിണ കൊറിയയും തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയിച്ചിരുന്നു. മെക്സിക്കൻ ആരാധകരും ദക്ഷിണ കൊറിയൻ ആരാധകരും മത്സരശേഷം ഒത്തുചേർന്ന് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മെക്സിക്കൻ ആരാധകർ ദക്ഷിണ കൊറിയൻ ആരാധകർക്കൊപ്പം ചേർന്ന് വിഖ്യാതമായ 'ഗങ്നം സ്റ്റൈൽ' നൃത്തം ചെയ്യുന്നതും, ഒരു കൊറിയൻ ആരാധകനെ മെക്സിക്കൻ ആരാധകർ തോളിലേറ്റുന്നതുമൊക്കെ ലോകകപ്പ് മൈതാനങ്ങളിൽ നിന്ന് കാണാൻ സാധിക്കുന്ന ഹൃദ്യമായ കാഴ്ചകളാണ്.
ഏതായാലും, മെക്സിക്കോയുടെ മണ്ണിൽ തുടങ്ങിയ ഫുട്ബാൾ വിരുന്ന് വരും ദിവസങ്ങളിൽ കൂടുതൽ ആവേശകരമായ കാഴ്ചകളിലേക്ക് വഴിമാറുമെന്നതിൽ സംശയമില്ല. ഫുട്ബാൾ ആരാധകർക്ക് ആവേശം നൽകാൻ ഇത്തരം രസകരമായ സംഭവങ്ങൾ ഇനിയും ഉണ്ടാകുമെന്ന് തന്നെയാണ് സോഷ്യൽ മീഡിയ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

