'വിവാദങ്ങളിൽ തളരില്ല; ഇനിയും നൃത്തം ചെയ്യും'
text_fieldsതൃശൂർ: വിവാദങ്ങളിൽ തളരില്ലെന്നും ഇനിയും നൃത്തം ചെയ്യുമെന്നും തൃശൂർ മെഡിക്കൽ കോളജ് വിദ്യാർഥികളായ നവീനും ജാനകിയും.''ഞങ്ങൾ എൻറർടെയ്ൻമെന്‍റെ ഉദ്ദേശിച്ചുള്ളൂ. എല്ലാവരും കാണണമെന്ന രീതിയിൽ ഒന്നുമല്ല ഇതെടുത്തത്. എങ്ങനെയോ അത് വൈറലായിപ്പോയി. അത്രയേ ഉള്ളൂ. ഇനിയും വിഡിയോ എടുക്കും'' -വിവാദമായതോടെ ഇരുവരുടെയും പ്രതികരണം ഒരേപോലെ. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജിലെ വിദ്യാർഥികളായ ജാനകിയുടെയും നവീന്‍റെയും നൃത്തത്തെ ലവ് ജിഹാദുമായി കൂട്ടിക്കെട്ടി ചിലർ സാമൂഹിക മാധ്യമങ്ങളിൽ ആക്ഷേപിച്ച പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
കുറച്ച് പേർ മാത്രമാണ് നെഗറ്റീവ് കമൻറുകളുമായെത്തിയതെന്നും ഭൂരിപക്ഷവും പിന്തുണ നൽകിയെന്നും ഐ.എം.എയും കോളജ് യൂണിയനുമൊക്കെ ഈ വിദ്വേഷ പ്രചാരണങ്ങളോട് പ്രതികരിച്ചിട്ടുണ്ടെന്നും നവീൻ കെ. റസാഖ് പറഞ്ഞു.
പ്രചാരണങ്ങൾക്ക് മറുപടിയെന്നപോലെ പുതിയ ഡാൻസ് വിഡിയോയുമായി നവീനും ജാനകിയും വീണ്ടുമെത്തി. ക്ലബ് എഫ്.എം സെറ്റിൽ വെച്ച് ആറാം തമ്പുരാൻ എന്ന ചിത്രത്തിലെ പാട്ടിന്‍റെ റീമിക്സിനൊപ്പമാണ് ഇരുവരും ഇത്തവണ ചുവടുവെച്ചത്. ഇതും നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ ഏറ്റെടുത്തു.
വിദ്വേഷ പ്രചാരണങ്ങളിൽ തലകുനിക്കാതെ ധൈര്യമായി മുന്നോട്ട് പോവൂ എന്നാണ് വിഡിയോക്ക് താഴെ പിന്തുണയർപ്പിച്ചെത്തിയവർ എഴുതിയത്.
തിരുവനന്തപുരം സ്വദേശിയാണ് ജാനകി. രാജീവ് ഗാന്ധി സെന്‍ററിലെ ശാസ്ത്രജ്ഞൻ ഡോ. ഓംകുമാറിന്‍റെയും ചൈൽഡ് ഡവലപ്മെന്‍റ് സെന്‍ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ്. മാനന്തവാടി സ്വദേശി റസാഖിന്‍റെയും ദിൽഷാദിന്‍റെയും മകനാണ് നവീൻ റസാഖ്. സഹോദരൻ റോഷൻ ഹൈദരാബാദിൽ സിവിൽ എൻജിനീയറാണ്. തൃശൂർ മെഡിക്കൽ കോളജ് വരാന്തയിലായിരുന്നു ഇവരുടെ 30 സെക്കൻഡ് മാത്രം ദൈർഘ്യം വരുന്ന വൈറൽ നൃത്തം. 'റാ റാ റാസ്പുട്ടിൻ... ലവർ ഓഫ് ദ റഷ്യൻ ക്വീൻ' എന്ന ബോണി എം. ബാൻഡിന്‍റെ പാട്ടിനൊത്താണ് ഇവർ ചുവടുവച്ചത്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വിഡിയോ ആണ് തരംഗമായി മാറിയത്.
ചുവടുവെച്ച് കൂടുതൽ വിദ്യാർഥിക്കൂട്ടങ്ങൾ
തൃശൂർ: മെഡിക്കൽ കോളജ് വിദ്യാർഥികളായ നവീനും ജാനകിയും പിന്തുണയുമായി കൂടുതൽ പേർ രംഗത്ത്. 'റാസ്പുടിൻ' ഗാനത്തിന് ചുവടുവെച്ച് കൂടുതൽ വിദ്യാർഥി-വിദ്യാർഥിനികൾ സാമൂഹിക മാധ്യമങ്ങളിൽ വിവാദം സജീവമാക്കി. ''ഇവരുടെ പേരുകളിലെ തലയും വായും തപ്പിപോയാൽ കുറച്ചുകൂടി വക കിട്ടും'' എന്ന് പറഞ്ഞ് 'വെറുക്കാൻ ആണ് ഉദ്ദേശമെങ്കിൽ െചറുക്കാൻ ആണ് തീരുമാനം.- റെസിസ്റ്റ് ഹേറ്റ്'' എന്ന ഹാഷ് ടാഗോടെയാണ് തൃശൂർ മെഡിക്കൽ കോളജ് ഐക്യ കോളജ് യൂനിയൻ കാമ്പയിൻ നടത്തുന്നത്.
ഇതോടെ പല ഹാഷ് ടാഗുകളിൽ കൂടുതൽ വിദ്യാർഥി കൂട്ടായ്മകൾ വിദ്വേഷപോസ്റ്റിനെതിരെ രംഗത്തുവന്നു. ''വിഡിയോയെ ചുറ്റിപ്പറ്റി പുറത്തുവന്ന വർഗീയ പരാമർശങ്ങളും പോസ്റ്റുകളും അറപ്പും ആശങ്കയും ഉളവാക്കുന്നുണ്ട്. കലക്കപ്പുറം കലാകാരന്മാരുടെ മതം ചർച്ച ചെയ്യുന്നതും വർഗീയ ധ്രുവീകരണത്തിനുള്ള വേദി ആയി അതിനെ മാറ്റുന്നതും വളരെ വികലമായ, അടിയന്തരമായി മാറേണ്ടതായിട്ടുള്ള ഒരു സാമൂഹിക ചുറ്റുപാടിലേക്കാണ് വിരൽ ചൂണ്ടുന്നത്. മനുഷ്യന് ഒരുമിക്കാനും ഒന്നിച്ചിരിക്കാനും മതം മാനദണ്ഡം വെക്കുന്നവരുടെ മനോഭാവം തികച്ചും അപലപനീയമാണ്. അത്തരം വിവരണങ്ങളെ രൂക്ഷമായി തന്നെ എതിർക്കണം.''- ഐ.എം.എയുടെ മെഡിക്കൽ സ്റ്റുഡൻറ്സ് നെറ്റ്വർക്ക് കാമ്പയിന് ആഹ്വാനം നൽകിയത് ഇങ്ങനെ പറഞ്ഞായിരുന്നു.