ജർമനിയിലെ വ്യാജ സർവകലാശാലകളുടെ കെണിയിൽ വീഴരുത്: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി പ്രവാസി വ്യവസായി
text_fieldsബെർലിൻ: ഉപരിപഠനത്തിനായി ജർമനി തെരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജനായ എഐ സംരംഭകൻ മയൂഖ് പഞ്ജ. ആകർഷകമായ പരസ്യങ്ങളിൽ വീണ് ജർമനിയിലെ നിലവാരം കുറഞ്ഞ ചില സ്വകാര്യ സർവകലാശാലകളിൽ ചേർന്ന് ജീവിതം വഴിമുട്ടുന്ന വിദ്യാർത്ഥികളുടെ അവസ്ഥ വിവരിച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്.
"ഒരു വ്യാജ കെണിയിൽ വീഴാൻ വേണ്ടി നിങ്ങളുടെ കുടുംബ സ്വത്തുക്കൾ വിൽക്കരുത്" എന്നാണ് അദ്ദേഹം വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കുന്നത്. ജർമനിയിലെ മികച്ച വിദ്യാഭ്യാസവും കുറഞ്ഞ ജീവിതചെലവും ലക്ഷ്യമിട്ടാണ് ഓരോ വർഷവും ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ഇങ്ങോട്ട് തിരിക്കുന്നത്. എന്നാൽ ഈ വർദ്ധിച്ചുവരുന്ന ആവശ്യത്തെ ചൂഷണം ചെയ്യാൻ ചില 'വിസ മില്ലുകൾ' പോലെ പ്രവർത്തിക്കുന്ന സ്വകാര്യ കോളേജുകൾ വലവിരിച്ചിട്ടുണ്ടെന്ന് മയൂഖ് പഞ്ജ ചൂണ്ടിക്കാണിക്കുന്നു.
നിലവാരം കുറഞ്ഞ ഇത്തരം സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന ബിരുദങ്ങൾക്ക് ജർമനിയിലോ ഇന്ത്യയിലോ ഉള്ള തൊഴിൽ വിപണിയിൽ യാതൊരു അംഗീകാരവുമില്ല. മുപ്പത് ലക്ഷത്തോളം രൂപ ലോണെടുത്തോ കുടുംബ സ്വത്തുക്കൾ വിറ്റോ ആണ് പലരും ഈ ഫീസ് ഒടുക്കുന്നത്. ജർമനിയിലെത്തിയ ശേഷം റെസ്റ്റോറന്റുകളിലും ഡെലിവറി മേഖലകളിലും 12 മണിക്കൂറിലധികം കഠിനമായ ശാരീരിക അധ്വാനം ചെയ്യേണ്ടി വരുന്ന നിരവധി ഇന്ത്യൻ വിദ്യാർത്ഥികളെ ഞാൻ കണ്ടിട്ടുണ്ട്.
ജർമനിയിലെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് കൃത്യമായ ധാരണ വേണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജർമ്മനിയിലെ മികച്ച ഉന്നത വിദ്യാഭ്യാസം പ്രധാനമായും സർക്കാർ സർവകലാശാലകളെ കേന്ദ്രീകരിച്ചുള്ളതാണ്. അവ ഉയർന്ന അക്കാദമിക് നിലവാരം പുലർത്തുന്നതാാണെന്നും അദ്ദേഹം പറഞ്ഞു. "നിങ്ങൾക്ക് ജർമ്മനിയിലേക്ക് വരാൻ താൽപ്പര്യമുണ്ടെങ്കിൽ, ഇവിടുത്തെ സർക്കാർ നടത്തുന്ന സർവകലാശാലകളിൽ അപേക്ഷിക്കുക. ഇവ സാധാരണയായി വിലകുറഞ്ഞതാണ്, പക്ഷേ വളരെ മത്സരാത്മകവും ഉയർന്ന നിലവാരത്തിലുള്ളതുമാണെന്നും മയൂഖ് പഞ്ജ ചൂണ്ടിക്കാണിക്കുന്നു.
എന്നിരുന്നാലും, ഗവേഷണത്തിലും എഞ്ചിനീയറിംഗിലും കരിയർ പിന്തുടരുന്നവർക്ക് ജർമനി ഇപ്പോഴും ആകർഷകമായ ഒരു ലക്ഷ്യസ്ഥാനമാണെന്ന് പഞ്ജ പോസ്റ്റിൽ വ്യക്തമാക്കുന്നു. പോസ്റ്റ് ഇതിനോടകം വൈറലാവുകയും അവരിൽ ചിലർ യൂറോപ്പിൽ പഠിക്കുന്നതിനെക്കുറിച്ചും ജോലി ചെയ്യുന്നതിനെക്കുറിച്ചും സ്വന്തം അനുഭവങ്ങളും ആശങ്കകളും പങ്കുവെക്കുന്നുണ്ട്. ജർമനിയിൽ പഠനശേഷം ഒരു നല്ല വൈറ്റ് കോളർ ജോലി ലഭിക്കണമെങ്കിൽ ജർമൻ ഭാഷയിൽ കുറഞ്ഞത് ബി2 യോഗ്യതയെങ്കിലും വേണമെന്നതാണ് യാഥാർത്ഥ്യമെന്നും ഇത് അറിയാതെ എത്തുന്നവർ ഒടുവിൽ തൊഴിൽ ചൂഷണത്തിന് ഇരയാകുന്നതായും ഉപയോക്താക്കൾ കുറിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

