വട്ടമിട്ടു നീന്തി സുസ്വാഗതം, മെക്സിക്കൻ ഉൾക്കടലിൽ അപ്രതീക്ഷിത വരവേൽപ്പ്; സുനിതക്കും വിൽമോറിനുമടുത്ത് ആദ്യമെത്തിയത് ഡോൾഫിനുകൾ, വൈറലായി ദൃശ്യങ്ങൾ
text_fields286 ദിവസത്തെ ബഹിരാകാശവാസത്തിനു വിരാമമിട്ട് സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും തിരികെ ഭൂമിയിലെത്തിയപ്പോൾ സ്വാഗതം ചെയ്യാൻ ആദ്യം അടുത്തെത്തിയത് ഡോൾഫിനുകൾ. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 3.27ന് ഫ്ളോറിഡ തീരത്തിനു സമീപം മെക്സിക്കൻ ഉൾക്കടലിൽ പതിച്ച ഡ്രാഗൺ ക്രൂ9 പേടകത്തിന് അരികിൽ ഡോൾഫിനുകൾ വന്നെത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
പേടകം കടലിൽ വീണതിന് പിന്നാലെ അതിന് ചുറ്റും ഡോൾഫിനുകൾ എത്തുന്നതും വട്ടമിട്ട് നീന്തുന്നതും വിഡിയോയിൽ കാണാം. പേടകത്തിന് സമീപത്ത് കൂടി നീന്തിത്തുടിക്കുന്ന ഡോള്‍ഫിനുകളുടെ ആകാശ ദൃശ്യം നാസ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു. സമീപത്ത് യു.എസ് കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകളും സ്‌പേസ് എക്‌സിന്റെ കപ്പലുമുണ്ടായിട്ടും, അതൊന്നും വകവെക്കാതെ ഡോള്‍ഫിനുകള്‍ ഡ്രാഗണ്‍ പേടകത്തിനരികെ നീരാട്ട് തുടരുകയായിരുന്നു.
യു.എസ് നേവി സീലിന്റെ മുങ്ങൽ വിദഗ്ധരും മെഡിക്കൽ സംഘവുമുൾപ്പെടെ കടലിൽ കാത്തുനിൽപ്പുണ്ടായിരുന്നു. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കു ശേഷം പേടകത്തെ എം.വി മേഗന്‍ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് പേടകത്തിന്റെ വാതില്‍ തുറന്നു. 4.25 ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇവരെ ഹെലികോപ്റ്ററിൽ ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലെത്തിച്ചിരിക്കുകയാണ്. ദിവസങ്ങൾ നീളുന്ന ആരോഗ്യ പരിശോധനകൾക്കു ശേഷം ഡോക്ടർമാർ അനുമതി നൽകിയ ശേഷമേ വീടുകളിലേക്കു മടങ്ങൂ.
കഴിഞ്ഞ ദിവസം രാവിലെയാണ് ബഹിരാകാശ യാത്രികരെയും വഹിച്ച് ഡ്രാഗൺ ക്രൂ-9 ബഹിരാകാശ നിലയത്തിൽനിന്ന് വേർപെട്ട് ഭൂമിയിലേക്ക് തിരിച്ചത്. ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് 15,000 കിലോമീറ്റർ ഉയരത്തിൽവെച്ച് പേടകത്തിൽനിന്ന് ട്രങ്ക് ഭാഗം വിട്ടുമാറി. ട്രങ്ക് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച് കത്തിയമർന്നു. ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് നിയന്ത്രിത വേഗത്തിലാണ് പേടകം അന്തരീക്ഷത്തിലേക്ക് കടന്നത്. ഇന്ത്യൻ സമയം പുലർച്ചെ 2.54ഓടെ ഡീഓർബിറ്റ് ബേൺ പൂർത്തിയാക്കി. അന്തരീക്ഷത്തിലെ ഘർഷണം മൂലം പേടകത്തിനു മേലുണ്ടാകുന്ന 3500 ഡിഗ്രി ഫാരൻഹീറ്റ് ചൂട് ചെറുക്കാനായി ഹീറ്റ് ഷീൽഡ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും പേടകത്തിനുണ്ടായിരുന്നു. ഘട്ടംഘട്ടമായി വേഗം കുറച്ചശേഷം ഒടുവിൽ പാരച്യൂട്ടുകൾ വിടർത്തിയാണ് പേടകം മെക്സിൻ കടലിൽ ഇറക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.