കരടിയൊക്കെയങ്ങ് കാട്ടിൽ, ഇത് ഞങ്ങളുടെ വീടാ -വീട്ടിൽ കയറിയ കരടിയെ തുരത്തിയോടിച്ച് വളർത്തുനായകൾ
text_fieldsകാലിഫോർണിയ: വലിപ്പത്തിലല്ല ധൈര്യത്തിലാണ് കാര്യമെന്ന് തെളിയിക്കുകയാണ് ഇൗ രണ്ട് കുഞ്ഞു വളർത്തുനായകൾ. വീട്ടിനുള്ളിൽ വന്നുകയറിയ കരടിയെ ഇവർ തുരത്തിയോടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. കാലിഫോർണിയ പാസുഡീനയിലെ ഡീഡീ മ്യുള്ളറിന്റെ വീട്ടിലാണ് കരടി കയറിയത്.
വീടിന്റെ നടുമുറ്റത്തിലൂടെയാണ് കരടി ഉള്ളിൽ കടക്കുന്നത്. നേരെ അടുക്കളയിൽ കയറി കരടി ഭക്ഷണം തിരയുന്നതും നായകൾ കരച്ചുവരുന്നത് കണ്ട് ഓടുന്നതും വിഡിയോയിൽ കാണാം. രണ്ട് ടെറിയർ ഇനത്തിൽപ്പെട്ട നായകൾ പിന്നാലെ കുരച്ചുകൊണ്ട് ഓടുന്നതും കരടി നടുമുറ്റം കടന്ന് പുറത്തേക്ക് പായുന്നതുമെല്ലാം വിഡിയോയിലുണ്ട്.
സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഡീഡീ മ്യുള്ളർ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. 'ഒരു കൊച്ച് കരടി വീട്ടീനുള്ളിൽ കയറി. മീ മീയും സ്ക്വർട്ടും പറഞ്ഞു-വീട്ടിൽ നിന്ന് കടക്ക് പുറത്ത്' എന്ന കമന്റും അവർ നൽകി. മീ മീ, സ്ക്വർട്ട് എന്നിങ്ങനെ പേരിട്ടിരിക്കുന്ന നായകളുടെ ധൈര്യത്തെ പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

