
തട്ടിക്കൊണ്ട് പോകാനെത്തിയവരിൽനിന്ന് ഉടമയെ രക്ഷിച്ച് നായ് -വിഡിയോ
text_fieldsഗ്വാളിയോർ: മനുഷ്യന്റെ ഉറ്റ സുഹൃത്തുക്കളാണ് നായ്ക്കളെന്ന് പറയും. ഇൗ ചൊല്ല് യാഥാർഥ്യമാക്കുന്നതാണ് ഗ്വാളിയാറിൽനിന്നുള്ള ഒരു വിഡിയോ. തന്റെ ഉമസ്ഥനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നായ് തടയുന്നതാണ് വിഡിയോ.
ഗ്വളിയോറിലെ അശോക് നഗറിലാണ് സംഭവം. നിതിൻ എന്ന യുവാവിനെ കുറച്ചുപേർ ചേർന്ന് അക്രമിക്കുകയും വാഹനത്തിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നു. ഉടൻതന്നെ നായ് കുരച്ചുകൊണ്ട് അക്രമികളുടെ പിന്നാലെ കൂടി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു. തന്റെ യജമാനനെ രക്ഷിക്കുന്നതിനായി നായ് നടത്തുന്ന ശ്രമങ്ങൾ വിഡിയോയിൽ കാണാം.
വെള്ള വാനിൽ ആറോളം അക്രമികൾ നിതിന്റെ വീട്ടിലെത്തുകയായിരുന്നു. നിതിൻ ഒറ്റക്കായിരുന്നു വീട്ടിൽ. യുവാവിനെ ഇവർ വീട്ടിൽനിന്ന് വിളിച്ചിറക്കുകയും ബഹളംവെക്കുകയുമായിരുന്നു. ശേഷം നിതിനെ മർദിച്ച് വാനിൽ കയറ്റിക്കൊണ്ടുപോകാനും ശ്രമം നടത്തി. ഇതോടെ നിതിന്റെ നായ് കുരച്ചുകൊണ്ട് അക്രമികളുടെ അടുത്തെത്തുകയും ആക്രമിക്കുകയുമായിരുന്നു. നായെ പേടിച്ച് അക്രമികൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
സംഭവത്തിൽ താത്തിപൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
