‘നമ്മുടെ പെൺകടുവക്കൊപ്പം’; ഐസ നേതാവ് നേഹ ബോറക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ധ്രുവ് റാഠി
text_fieldsന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നതിനിടെ, ഐസ നേതാവ് നേഹ ബോറക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സമൂഹമാധ്യമ ഇൻഫ്ലുവൻസറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠി.
ബി.ആർ. അംബേദ്കറുടെയും മഹാത്മാ ഗാന്ധിയുടെയും ചിത്രങ്ങൾക്കു താഴെ സോഫയിൽ ഇരിക്കുന്ന ഇരുവരുടെയും ചിത്രമാണ് റാഠി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ‘നമ്മുടെ പെൺകടുവക്കൊപ്പം’ എന്ന അടിക്കുറിപ്പും ഇതോടൊപ്പം നൽകിയിട്ടുണ്ട്. നേഹ ബോറയെ പരാമർശിച്ചായിരുന്നു കുറിപ്പ്. ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി കഴിഞ്ഞ 10ന് ജന്തൽ മന്തറിൽ ആഹ്വാനം ചെയ്ത പ്രതിഷേധത്തിനു മുന്നോടിയായി ധ്രുവ് റാഠിയെയും സി.ജെ.പി നേതാക്കളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തിന്റെ മുൻനിരയിലടക്കം വിദ്യാർഥി നേതാവായ നേഹ ബോറയും സജീവമാണ്.
പൊലീസ് നടപടിക്കെതിരെ ഗുരുതര ആരോപണമാണ് ധ്രുവ് റാഠി ഉന്നയിച്ചത്. പൊലീസ് തന്നെ വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടു പോയതാണെന്നും 23 മണിക്കൂറോളം അവരുടെ കസ്റ്റഡിയിൽ പാർപ്പിച്ചെന്നും ധ്രുവ് റാഠി കുറ്റപ്പെടുത്തിയിരുന്നു. പൊലീസ് കസ്റ്റഡിയിൽനിന്ന് വിട്ടയച്ച ശേഷം തന്റെ സമൂഹമാധ്യമ പേജിൽ പങ്കുവച്ച വിഡിയോയിലായിരുന്നു ധ്രുവിന്റെ പ്രതികരണം. വിഡിയോയിൽ പാസ്പോർട്ട് ഉയർത്തി കാട്ടിയ ധ്രുവ് താൻ ഇന്ത്യൻ പൗരനാണെന്നും ആഹ്വാനം ചെയ്തു.
ഗുരുഗ്രാമിലെ തന്റെ വസതിയിൽ ഈ സമയം താനും മാതാപിതാക്കളും മാത്രമാണ് ഉണ്ടായിരുന്നതെന്നും അവരുടെ അടക്കം ഫോണുകൾ പിടിച്ചെടുത്തെന്നും ധ്രുവ് ആരോപിച്ചു. വീടിന്റെ രണ്ടാം നിലയിലുള്ള തന്റെ ബെഡ്റൂമിൽനിന്ന് വസ്ത്രത്തിൽ പിടിച്ച് വലിച്ചിഴച്ചാണ് താഴേക്ക് കൊണ്ടുവന്നത്. ചെരുപ്പ് ധരിക്കാൻ പോലും അനുവദിച്ചില്ല. പൊലീസിന്റെ ബലപ്രയോഗത്തിൽ തനിക്ക് പരുക്ക് പറ്റിയെന്നും കസ്റ്റഡിയിൽ എടുക്കുന്നതിനിടെ അഭിഭാഷകനെ വിളിക്കുന്നതിനായി ഫോൺ പോലും നൽകിയില്ലെന്നും ധ്രുവ് ആരോപിച്ചിരുന്നു.
അതേസമയം, ജന്തർ മന്തറിൽ അതിക്രമിച്ചു കയറി പ്രതിഷേധിച്ചതിന് അറസ്റ്റിലായ സി.ജെ.പി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെ അഞ്ചു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അനുമതിയില്ലാതെ ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറിയെന്ന് ആരോപിച്ചാണ് നേതാക്കളെ മുൻകരുതൽ നടപടിയുടെ ഭാഗമായി അറസ്റ്റ് ചെയ്തത്. ഇരുവരെയും തിഹാർ ജയിലിലേക്കാണ് കൊണ്ടുപോകുന്നത്. അതിക്രമിച്ചു കയറൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ബോണ്ട് വ്യവസ്ഥകൾ ലംഘിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, അറസ്റ്റിലായ അജിങ്ക്യ ഷിൻഡെയെ വ്യക്തിഗത ജാമ്യത്തിൽ വിട്ടയച്ചു. ബുധനാഴ്ച രാവിലെ എട്ടോടെയാണ് മൂന്നു നേതാക്കളെയും ഡൽഹിയിലെ മന്ദിർ മാർഗിലുള്ള മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ എക്സിലെ കുറിപ്പിലൂടെ അറിയിച്ചു. വിയോജിപ്പുകളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

