ഭക്ഷണം നൽകിയ ശേഷം പുറത്തിറങ്ങുന്നതിനിടെ ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് തെറിച്ച് വീണ് ഡെലിവറി ജീവനക്കാരൻ; വിഡിയോ
text_fieldsആന്ധ്രാപ്രദേശ്: ഭക്ഷണം ഡെലിവറി ചെയ്ത് ഇറങ്ങുന്നതിനിടെ ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് വീഴുന്ന ഡെലിവറി ജീവനക്കാരന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ അസ്വസ്ഥത പരത്തുകയാണ്. ആന്ധ്രാപ്രദേശിലെ അനന്തപൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന അപകടം ഡെലിവറി ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്നു. ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്ത ശേഷം ജീവനക്കാരൻ പുറത്തേക്കിറങ്ങുമ്പോൾ ട്രെയിൻ ഓടിത്തുടങ്ങുകയും നിയന്ത്രണം വിട്ട് പ്ലാറ്റ്ഫോമിലേക്ക് വീഴുകയുമായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കില്ല.
ജനുവരി 6ന് നടന്ന സംഭവം ബിജയ് ആനന്ദ് എന്ന യാത്രക്കാരനാണ് പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. സ്റ്റേഷനിൽ രണ്ട് മിനിട്ട് മാത്രമാണ് ട്രെയിൻ നിർത്തിയിട്ടിരുന്നതെന്നും ആ സമയത്തിനുള്ളിൽ ഭക്ഷണം ഡെലിവർ ചെയ്ത് പുറത്തിറങ്ങാൻ ജീവനക്കാരന് കഴിഞ്ഞില്ലെന്നും ബിജയ് പറയുന്നു. ഇത് അപകടമല്ലെന്നും സുരക്ഷാ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം സുരക്ഷ നോക്കാതെ ജോലി നിർവഹിച്ച ജീവനക്കാരന് നഷ്ടപരിഹാരം നൽകണമെന്നും കമ്പനിയോട് ആവശ്യപ്പെട്ടു.
വിഡിയോക്ക് താഴെ, ട്രെയിനുകളിലെ 10 മിനിട്ട് ഡെലിവറി സംവിധാനം ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്നുവെന്നും നിർത്തലാക്കണമെന്നും ആവശ്യപ്പെട്ടു. ട്രെയിനിൽ ഭക്ഷണം ഓർഡർ ചെയ്യുന്ന യാത്രക്കാർ വാതിലിൽ എങ്കിലും വന്ന് ഓർഡർ വാങ്ങാനുള്ള മനസ്സ് കാണിക്കണമെന്നും ഉപഭോക്താക്കൾക്ക് ഇതിന് കർശനമായ നിർദേശം കമ്പനികൾ നൽകണമെന്നും പലരും കുറിച്ചു.
സംഭവത്തിൽ ഡെലിവറി പാർട്ണർ സുരക്ഷിതനാണെന്നും അദ്ദേഹത്തിനുമേൽ പിഴയൊന്നും ചുമത്തിയിട്ടില്ലെന്നും കമ്പനി അറിയിച്ചു. തങ്ങളുടെ ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള പരിശീലനം നൽകുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

