10 മിനിറ്റിൽ ഡെലിവറി; സൊമാറ്റോയുടെ പ്രഖ്യാപനത്തിനു പിന്നാലെ ട്രോൾ മഴ
text_fieldsവെറും 10 മിനിറ്റ് കൊണ്ട് ഇഷ്ട ഭക്ഷണം ഡെലിവറി ചെയ്യുമെന്ന സൊമാറ്റോയുടെ പുതിയ പ്രഖ്യാപനമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ട്രോൾ വിഷയം. ഇത് അനാവശ്യമെന്നാണ് ഭൂരിഭാഗം ഉപഭോക്താക്കളും സൊമാറ്റോയുടെ പുത്തൻ സർവിസിനെ വിലയിരുത്തിയത്.
മീമുകളും ട്രോളുകളുമായി സൊമാറ്റോ ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. വിമാനത്തിന്‍റെ ചിറകിൽ നിന്നുകൊണ്ട് യാത്രാമധ്യേ ഭക്ഷണം പാകം ചെയ്യുന്ന ഡെലിവറി പാർട്ണർ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോ ഉൾപ്പെടെ നിരവധി രസകരമായ ട്രോളുകളാണ് ട്വിറ്ററിൽ നിറയുന്നത്.
സൊമാറ്റോ ജീവനക്കാരെ കണ്ടാൽ വഴികൊടുക്കണമെന്നാണ് ചിലരുടെ അഭിപ്രായം.
ഡെലിവറി പാർട്ണർമാരുടെ സുരക്ഷയെക്കുറിച്ച് സംശയം ഉന്നയിക്കുന്നതുപോലെ നിമിഷനേരം കൊണ്ട് ഓർഡർ ചെയ്ത ഭക്ഷണം കൈയിലെത്തുമ്പോൾ ഗുണനിലവാരം കുറയുമോയെന്ന ആശങ്കയും ഉപഭോക്താക്കൾ പങ്കുവെക്കുന്നുണ്ട്.
10 മിനിറ്റിൽ ഡെലിവറി എന്ന പദ്ധതി ഡെലിവറി പാർട്ണർമാരിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടാകില്ലെന്ന് സൊമാറ്റോ പറഞ്ഞു. വൈകിയെത്തിയാലും ഇവരിൽ നിന്നും പണം പിഴയായി ഈടാക്കില്ലെന്നും സൊമാറ്റോ അധികൃതർ വ്യക്തമാക്കി.
സൊമാറ്റോയുടെ സി.ഇ.ഒ ദീപീന്ദർ ഗോയലാണ് പുതിയ സർവിസ് സംബന്ധിച്ച വിവരം പ്രഖ്യാപിച്ചത്. ആദ്യപടിയായി ഗുഡ്ഗാവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏപ്രിലിൽ പദ്ധതി ആരംഭിക്കും. സൊമാറ്റോയുടെ പങ്കാളിയായ ബ്ലിങ്കിറ്റ് കഴിഞ്ഞ വർഷം സമാന പദ്ധതി പ്രഖ്യാപിച്ചിരുന്നു.