വിവാഹത്തിന് ബന്ധുക്കളില്ലെന്ന വിഷമം; സോഷ്യൽ മീഡിയയിലൂടെ അപരിചിതരെ ക്ഷണിച്ചു, എത്തിയത് പതിനായിരത്തിലേറെ പേർ!
text_fieldsവിവാഹത്തിന് ബന്ധുക്കളും സുഹൃത്തുക്കളും കുറവായതിനാൽ ചടങ്ങ് ആളൊഴിഞ്ഞതാകുമോയെന്ന ആശങ്കയിലായിരുന്നു ചൈനയിലെ 24കാരനായ യുവാവ്. എന്നാൽ, ആ വിഷമം പങ്കുവെച്ച് സമൂഹമാധ്യമത്തിലൂടെ നടത്തിയ ഒരു തുറന്ന ക്ഷണം ഒടുവിൽ അവിസ്മരണീയമായ ആഘോഷമായി മാറി. യുവാവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ചൈനയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയത് പതിനായിരത്തിലേറെ അപരിചിതരാണ്. ഭക്ഷണവും പൂക്കളും സമ്മാനങ്ങളുമായി എത്തിയവർ വിവാഹത്തിന്റെ ഒരുക്കങ്ങളിൽ പങ്കാളികളായതോടെ വിവാഹ ചടങ്ങ് ഒരു നാടിന്റെ തന്നെ ആഘോഷമായി മാറി.
യുനാൻ പ്രവിശ്യയിലെ യിലിയാങ് സ്വദേശിയായ സൂ ചെങ്ഹോങ് (24) ആണ് സമൂഹമാധ്യമത്തിലൂടെയുള്ള ക്ഷണത്തിലൂടെ ശ്രദ്ധ നേടിയത്. വിവാഹത്തിന് മുന്നോടിയായി ചൈനയിലെ വിഡിയോ പ്ലാറ്റ്ഫോമായ ഡൗയിനിൽ ഒക്ടോബർ 25നാണ് യുവാവ് വിഡിയോ പങ്കുവെച്ചത്. തന്റെ കുടുംബസാഹചര്യവും വിവാഹത്തിന് ബന്ധുക്കൾ കുറവായിരിക്കുമെന്ന ആശങ്കയും വിഡിയോയിൽ വിശദീകരിച്ചിരുന്നു. വിവാഹദിവസം ആളുകൾ എത്തി ഒരുമിച്ച് ഭക്ഷണം കഴിക്കുകയും സന്തോഷത്തിൽ പങ്കുചേരുകയും ചെയ്യണമെന്നായിരുന്നു യുവാവിന്റെ ആഗ്രഹം. ഗ്രാമത്തിൽ വളരെ കുറച്ച് ആളുകൾ മാത്രം പങ്കെടുക്കുന്ന വിവാഹം എങ്ങനെയായിരിക്കുമെന്ന ചിന്ത തന്നെ അലട്ടിയിരുന്നതായും അദ്ദേഹം പറഞ്ഞു.
തുടർന്ന് വിവാഹം ചെറിയൊരു ചടങ്ങായി ഒതുങ്ങേണ്ടിവരുമെന്ന് കരുതി നിരാശപ്പെടുന്നതിന് പകരം അപരിചിതരെയും ആഘോഷത്തിലേക്ക് ക്ഷണിക്കാനായിരുന്നു യുവാവിന്റെ തീരുമാനം. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസത്തിൽ കൂടെ നിൽക്കാൻ താൽപര്യമുള്ളവരെല്ലാം എത്തണമെന്നായിരുന്നു സമൂഹമാധ്യമത്തിലൂടെയുള്ള അഭ്യർഥന.
എന്നാൽ സൂ പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് വിഡിയോക്ക് ലഭിച്ചത്. ചൈനയുടെ വിവിധ പ്രവിശ്യകളിൽനിന്ന് ചിലർ ഭക്ഷണസാധനങ്ങളും പൂക്കളും സമ്മാനങ്ങളുമായി എത്തിയപ്പോൾ മറ്റുചിലർ വിവാഹത്തിന്റെ ഒരുക്കങ്ങളിൽ സഹായിക്കാമെന്ന് മുന്നോട്ടുവന്നു. അതിഥികൾക്കായി ഭക്ഷണം പാകം ചെയ്യാൻ നിരവധി പാചകവിദഗ്ധരും സന്നദ്ധരായി. വിവാഹവേദി അലങ്കരിക്കാനും ആവശ്യമായ സാധനങ്ങൾ ഒരുക്കാനും ആളുകൾ കൈകോർത്തു.
ആളുകളുടെ വരവ് വർധിച്ചതോടെ സൂവിന്റെ വീട്ടിൽ എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യമുണ്ടായി. തുടർന്ന് പ്രാദേശിക ഭരണകൂടം ഇടപെട്ട് കൂടുതൽ സൗകര്യമുള്ള വലിയ വേദിയിലേക്ക് ആഘോഷം മാറ്റാൻ സഹായിച്ചു. ലുവോവാങ് ടൗൺഷിപ്പിലെ ഹോട്ടലുകളിലെ മുറികളെല്ലാം നിറഞ്ഞതായും സന്ദർശകരുടെ വരവോടെ പ്രദേശത്തെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും തിരക്ക് വർധിച്ചതായും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ 31നായിരുന്നു സൂ ചെങ്ഹോങും വധു ചുയിചുയിയും വിവാഹിതരായത്. റിപ്പോർട്ടുകൾ പ്രകാരം പതിനായിരത്തിലേറെ പേർ ചടങ്ങിൽ പങ്കെടുത്തു. സൂവിന്റെ ക്ഷണം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. അപരിചിതരായ ആളുകൾ മറ്റൊരാളുടെ സന്തോഷത്തിൽ പങ്കുചേരാൻ ഇത്രയധികം ദൂരം സഞ്ചരിച്ചതിനെ പലരും അഭിനന്ദിച്ചു. രക്തബന്ധമില്ലെങ്കിലും പരസ്പരം സഹായിക്കാനും പിന്തുണക്കാനും മനുഷ്യർക്ക് കഴിയുമെന്നതിന്റെ ഉദാഹരണമാണ് ഈ വിവാഹമെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ.
അതേസമയം, വിവാഹത്തിന് ലഭിച്ച വലിയ പ്രതികരണത്തിനൊപ്പം വിമർശനങ്ങളും ഉയർന്നു. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതിനും പരസ്യപ്രചാരണത്തിനും വേണ്ടിയാണോ ഇത്തരമൊരു ക്ഷണം നടത്തിയതെന്ന് ചിലർ സംശയം പ്രകടിപ്പിച്ചു. ഇത്രയധികം ആളുകൾ എത്തുമ്പോൾ താമസസൗകര്യം, ഗതാഗതം, സുരക്ഷ തുടങ്ങിയ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയും ചിലർ പങ്കുവെച്ചു.
വൈറലായ ഇത്തരം പരിപാടികളിലൂടെ പ്രശസ്തി നേടാൻ ചിലർ ശ്രമിച്ചേക്കാമെന്നും അതിനായി ചിലർ വിവാഹത്തിനെത്തിയേക്കാമെന്നും വിമർശനമുയർന്നു. എന്നാൽ, ഇതൊക്കെയുണ്ടായിട്ടും തങ്ങൾ നേരിൽ കണ്ടിട്ടില്ലാത്ത ഒരു ദമ്പതികളുടെ സന്തോഷത്തിൽ പങ്കുചേരാൻ ആയിരക്കണക്കിന് ആളുകൾ യാത്രചെയ്തെത്തിയെന്നതാണ് ഈ വിവാഹത്തെ ശ്രദ്ധേയമാക്കിയത്. ബന്ധുക്കളുടെ കുറവുകൊണ്ട് ഒറ്റപ്പെട്ടുപോകുമെന്ന് കരുതിയ യുവാവിന് ഒടുവിൽ ലഭിച്ചത് രാജ്യമെമ്പാടുമുള്ള ആയിരങ്ങളുടെ സ്നേഹവും പിന്തുണയുമായിരുന്നു.

