അടി കൊണ്ടാലും തകരാത്ത ചൈനീസ് ഗ്ലാസ്; ഫ്രാൻസ് പ്രക്ഷോഭത്തിനു പിന്നാലെ വൈറലായ ഗ്ലാസ് ദൃശ്യങ്ങൾ കമ്പനിക്ക് സമ്മാനിച്ചത് വമ്പൻ പരസ്യം
text_fieldsഫ്രാൻസിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ തകർന്നുവീണ നിരവധി കെട്ടിടങ്ങളുടെയും വസ്തുക്കളുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നാം കണ്ടിട്ടുണ്ട്. എന്നാൽ, കല്ലേറുകളെയും ആക്രമണങ്ങളെയും പ്രതിരോധിച്ച് തകരാതെ നിന്ന ഒരു സുരക്ഷാ ഗ്ലാസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഫ്രാൻസിലെ പ്രതിഷേധത്തിനിടയിൽ നിന്ന് വൈറലായ ഈ ദൃശ്യങ്ങൾ ഒരു ചൈനീസ് നിർമ്മാണ കമ്പനിക്ക് വൻ പരസ്യ അവസരമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച ഫ്രാൻസിൽ നടന്ന പ്രക്ഷോഭങ്ങൾക്കിടയിൽ മാസ്ക് ധരിച്ചെത്തിയ ആളുകൾ ഒരു കടയുടെ പുറത്തുണ്ടായിരുന്ന ഗ്ലാസ് പാളിയിലേക്ക് ചവിട്ടുകയും ഇരുമ്പ് കമ്പികളും വടികളും ഉപയോഗിച്ച് അടിക്കുകയും കല്ലുകളും തടിയും എറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വ്യാപകമായ പ്രഹരമേറ്റിട്ടും ഈ ഗ്ലാസിൽ ചിലന്തിവല പോലെയുള്ള പൊട്ടലുകൾ വീണതല്ലാതെ തകർന്നുപോയില്ല. ഇത് പ്രതിഷേധക്കാരെ കടക്കുള്ളിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞു.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലായതോടെ ഹൈ-സ്ട്രെങ്ത് സെക്യൂരിറ്റി ഗ്ലാസുകൾ നിർമ്മിക്കുന്ന ചൈനീസ് കമ്പനിയായ ഹെങ്ക്സിങ്ഫെങ് സ്പെഷ്യൽ ഗ്ലാസ് കോ. ലിമിറ്റഡ് ഇതിനെ മികച്ചൊരു മാർക്കറ്റിംഗ് അവസരമായി മാറ്റുകയായിരുന്നു.
ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ പിങ്ഡിങ്ഷാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി, തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഉറപ്പും പ്രതിരോധശേഷിയും കാണിക്കാൻ ഈ വീഡിയോ ഔദ്യോഗികമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. ബാങ്കുകൾ, ആഭരണക്കടകൾ, മ്യൂസിയങ്ങൾ തുടങ്ങിയ ഉയർന്ന സുരക്ഷ ആവശ്യമുള്ള സ്ഥലങ്ങളിലാണ് ഈ കമ്പനിയുടെ ബുള്ളറ്റ് പ്രൂഫ്, സ്ഫോടന പ്രതിരോധ ഗ്ലാസുകൾ സാധാരണയായി ഉപയോഗിക്കുന്നത്.
ഫ്രാൻസിലെ പ്രക്ഷോഭക്കാഴ്ചകൾ പെട്ടെന്നാണ് ഒരു ചൈനീസ് കമ്പനിയുടെ പരസ്യമായി മാറിയത്. പാരീസിലെ ലൂയി വിറ്റൺ സ്റ്റോറിലെ ഗ്ലാസാണിതെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, ഗ്ലാസിന്റെ കൃത്യമായ സ്ഥാനമോ നിർമ്മാതാക്കളോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഫ്രാൻസിലെ മുതലാളിത്ത വിരുദ്ധ പ്രക്ഷോഭത്തിനിടയിൽ ചൈന നിർമ്മിച്ച ഗ്ലാസ് ഇത്രയധികം കരുത്ത് കാട്ടിയതിലെ വിരോധാഭാസം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. മുതലാളിത്ത വിരുദ്ധ സമരത്തിൽ മുതലാളിത്ത ഗ്ലാസിനേക്കാൾ മികച്ചത് കമ്മ്യൂണിസ്റ്റ് ഗ്ലാസാണെന്ന് തെളിഞ്ഞിരിക്കുന്നു എന്ന തരത്തിലുള്ള രസകരമായ കമന്റുകളാണ് പലരും പങ്കുവെക്കുന്നത്. ചൈനീസ് നിർമ്മാണ നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരമ്പരാഗത ധാരണകൾ മാറ്റാൻ ഈ സംഭവം സഹായിച്ചതായും ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
വിദ്യാഭ്യാസ സാഹചര്യങ്ങളും ജീവിതച്ചെലവും വർധിച്ചതിനെത്തുടർന്ന് ഫ്രാൻസിലെ വിദ്യാർത്ഥി തുടങ്ങിയ സമരങ്ങൾ പിന്നീട് രാജ്യത്തുടനീളം വലിയ അക്രമങ്ങളിലേക്കും കൊള്ളയടികളിലേക്കും വഴിമാറുകയായിരുന്നു. ഏകദേശം 3000ത്തോളം കടകൾ ആക്രമിക്കപ്പെട്ടതായും കോടിക്കണക്കിന് യൂറോയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

