വിജയ് തരംഗത്തിൽ കശ്മീരും; തമിഴ്നാട് മുഖ്യമന്ത്രിയുടെ ആരാധകരാൽ നിറഞ്ഞ് അനന്ത്നാഗിലെ 'സിഫർ' കഫേ
text_fieldsഅനന്ത്നാഗ്: തെക്കൻ കശ്മീരിലെ പഹൽഗാമിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള അനന്ത്നാഗ് ജില്ലയിലെ 'സിഫർ' കഫേയിലേക്ക് ഇന്ന് നിങ്ങൾ കയറിച്ചെന്നാൽ, അവിടെ തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ പോസ്റ്ററുകൾക്ക് മുന്നിൽ നിന്ന് ഇൻസ്റ്റാഗ്രാം റീൽസ് ചെയ്യുന്ന ഒരു തമിഴ് സ്വദേശിയെ എങ്കിലും ഉറപ്പായും കാണാം. അനന്ത്നാഗിൽ വിജയ് എന്ന പേരിന് ഇന്ന് മറ്റൊരു അർത്ഥമാണുള്ളത്.
2021ൽ ആരംഭിച്ച ഈ കൊച്ചു കഫേ ഇന്ന് തമിഴ് സിനിമാ പ്രേമികളുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. 2023ൽ വിജയ് നായകനായ 'ലിയോ' എന്ന സിനിമ ചിത്രീകരിച്ചത് ഇവിടെയായിരുന്നു. ചിത്രത്തിൽ തന്റെ പഴയകാലം മറച്ച് കഫേ ഉടമയായി ജീവിക്കുന്ന 'പാർത്ഥിപൻ' എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്. തൃഷയുമായുള്ള പ്രണയരംഗങ്ങളും സഞ്ജയ് ദത്തുമായുള്ള പോരാട്ടവുമെല്ലാം നടന്നത് ഈ മഞ്ഞുപുതച്ച ലൊക്കേഷനിലാണ്.
വിജയ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കഫേയിലെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി ജീവനക്കാർ പറയുന്നു. ‘കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ എത്തുന്നവരിൽ 90 ശതമാനവും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. കേരളത്തിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നും ആരാധകർ എത്താറുണ്ട്. കശ്മീരിലെത്തുന്ന ഭൂരിഭാഗം വിനോദസഞ്ചാരികളും തങ്ങളുടെ ഡ്രൈവർമാരോട് ആദ്യം ആവശ്യപ്പെടുന്നത് സിഫർ കഫേയിലേക്ക് പോകാനാണ്’ ജീവനക്കാരനായ നദീം ഭട്ട് പറയുന്നു.
ചെന്നൈയിൽ നിന്നുള്ള പാസ്റ്റർമാരും സുഹൃത്തുക്കളും മുതൽ ആറു വയസ്സുള്ള കുട്ടികൾ വരെ തങ്ങളുടെ പ്രിയ നേതാവിന്റെ സിനിമാ ലൊക്കേഷൻ കാണാൻ ഇവിടെ എത്തുന്നു. ലിയോയിലെ പ്രശസ്തമായ 'ചോക്ലേറ്റ് കോഫി' കുടിക്കാനാണ് എല്ലാവർക്കും താൽപ്പര്യം.
സിനിമയുടെ ചിത്രീകരണ വേളയിൽ വിജയ് എങ്ങനെയായിരുന്നു എന്ന് അറിയാൻ സഞ്ചാരികൾക്ക് വലിയ ആകാംക്ഷയാണെന്ന് ഫ്ലോർ മാനേജർ ഷൗക്കത്ത് റഹ്മാൻ പറയുന്നു. "25 ദിവസത്തോളം ഇവിടെ ഷൂട്ടിങ് നടന്നിരുന്നു. വിജയ് സാറിന് ഞാൻ പലതവണ കാശ്മീരിലെ പ്രശസ്തമായ 'ട്രൗട്ട്' മത്സ്യം വിളമ്പിയിട്ടുണ്ട്. അദ്ദേഹം വളരെ ശാന്തനായിരുന്നു," ഷൗക്കത്ത് ഓർമിക്കുന്നു.
നിലവിൽ 170 പേർക്ക് ഇരിക്കാവുന്ന രീതിയിൽ കഫേ വിപുലീകരിച്ചിട്ടുണ്ട്. വിജയ്യുടെയും സഞ്ജയ് ദത്തിന്റെയും ചിത്രങ്ങളും സിനിമയിലെ രംഗങ്ങൾ പ്രദർശിപ്പിക്കുന്ന എൽ.ഇ.ഡി സ്ക്രീനും ഇവിടെ ഒരുക്കിയിട്ടുണ്ട്. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി മാറിയ ഒരാളെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നാണ് കഫേ ജീവനക്കാരുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

