ചിക്കാഗോ: എങ്ങനെ വീണാലും നാലു കാലിൽ താഴെയെത്തുന്നവരാണ് പൂച്ചകൾ. തീപടർന്നതോടെ ബഹുനില കെട്ടിടത്തിന് മുകളിൽനിന്ന് രക്ഷപ്പെടാൻ ചാടുന്ന ഒരു പൂച്ചയുടെ വിഡിയോയാണ് ഇപ്പോൾ വൈറൽ.
അമേരിക്കയിലെ ചിക്കാഗോയിലാണ് സംഭവം. ചിക്കാഗോയിലെ ബഹുനില കെട്ടിടത്തിന് തീപിടിക്കുകയായിരുന്നു. അഗ്നിരക്ഷ സേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും ആരംഭിച്ചു. തീപിടിത്തത്തിന്‍റെ വിഡിയോ ഉദ്യോഗസ്ഥരിലൊരാൾ പകർത്തുന്നതിനിടെയാണ് പൂച്ചയുടെ രക്ഷപ്പെടൽ.
തീ പടരുന്ന കെട്ടിടത്തിന് മുകളിൽനിന്ന് കറുത്ത നിറത്തിലുള്ള പൂച്ച താഴേക്ക് ചാടുന്നത് വിഡിയോയിൽ കാണാം. കെട്ടിടത്തിന് മുമ്പിലെ പുൽത്തകിടിയിലേക്കാണ് പൂച്ചയുടെ വീഴ്ച്ചയും. ശേഷം പൂച്ച ഓടിമറയുന്നതും വിഡിയോയിൽ കാണാം. ചിക്കാഗോ ഫയർ മീഡിയയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
കെട്ടിടത്തിന് മുകളിൽനിന്ന് വീണ പൂച്ചക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കെട്ടിടത്തിലെ തീപിടിത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.