പോത്തിനെ കൊണ്ട് ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്യിച്ച് നാട്ടുകാർ; വൈറലായി വ്യത്യസ്തമായ പ്രതിഷേധം
text_fieldsവ്യത്യസ്തങ്ങളായ നിരവധി പ്രതിഷേധമുറകൾക്ക് നമ്മൾ സാക്ഷ്യം വഹിക്കാറുണ്ട്. എന്നാൽ കർണാടകയിലെ ഗദഗ് ജില്ലയിലെ ബാലേഹോസൂർ നിവാസികൾ നടത്തിയ വേറിട്ട പ്രതിഷേധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഗ്രാമത്തിലെ കാലപ്പഴക്കത്താൽ നശിച്ചുപോയ ബസ് സ്റ്റോപ്പ് പുതുക്കി പണിയുന്നതിൽ അനാസ്ഥ കാണിച്ച അധികൃർക്കെതിരെ ബസ് സ്റ്റോപ്പ് പുതുക്കി പണിത് പോത്തിനെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ച് പ്രതിഷേധിച്ചിരിക്കുകയാണ് നാട്ടുകാർ.
40 വർഷം മുൻപ് നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ശോചനീയ അവസ്ഥയിലായിരുന്നു. ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയതോടെ ബസ് കാത്തുനിൽക്കുന്നവർക്ക് അടുത്ത വീടുകളിലും കടകളിലും കയറിനിൽക്കേണ്ട അവസ്ഥയായി. എം.പിമാരോടും എം.എൽ.എമാരോടും മറ്റ് അധികാരികളോടും പരാതിപ്പെട്ടിട്ടും ഒരുനടപടിയും എടുത്തില്ല. തുടർന്ന് പൊറുതിമുട്ടിയ നാട്ടുകാർ ബസ് സ്റ്റോപ്പ് പുതുക്കി പണിയാൻ മുന്നിട്ടിറങ്ങുകയായിരുന്നു. നാട്ടുകാർ തന്നെ പണം സമാഹരിച്ച് താൽക്കാലിക ബസ് സ്റ്റോപ്പ് ഉണ്ടാക്കുകയും ചെയ്തു.
എന്നാൽ ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്യാൻ എം.പിക്കും എം.എൽ.എക്കും പകരം നാട്ടുകാർ തെരഞ്ഞെടുത്തത് പോത്തിനെയാണ്. പോത്ത് ഉദ്ഘാടനം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രതികരണവുമായി എം.എൽ.എ രംഗത്തെത്തി. ബസ് കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

