നടുറോഡിൽ കരണംമറിഞ്ഞ് അത്ഭുതപ്പെടുത്തി ചെറിയകുട്ടി; വൈറലായി വിഡിയോ
text_fieldsകോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മികച്ച പ്രകടനം ഇന്ത്യൻ കായികരംഗത്ത് പുത്തനുണർവുണ്ടാക്കിയിരിക്കുകയാണ്. അതേസമയം, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ, കായികരംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പുതിയ പ്രതിഭകളെ കണ്ടെത്തി വളർത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ചുമുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നടുറോഡിൽ മെയ്വഴക്കത്തോടെ കരണംമറിഞ്ഞ് അക്രോബാറ്റിക് അഭ്യാസപ്രകടനങ്ങൾ നടത്തുന്ന ആൺകുട്ടിയാണ് വിഡിയോയിൽ. ഇത്തരം പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും വിഡിയോ പങ്കുവെച്ച് അദ്ദേഹം ചൂണ്ടികാട്ടി.
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നുള്ളതാണ് വിഡിയോ. മുന്നോട്ടും പിന്നോട്ടും അനായാസം കരണം മറിയുന്ന കുട്ടിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കാണികളെ അതിശയിപ്പിക്കുന്ന തരത്തിലാണ് ബാലകന്റെ പ്രകടനം.
'ഒളിമ്പിക്സിലെ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പിന് ശേഷം കഴിവുള്ള പുതിയ തലമുറ വളർന്നുവരുന്നുണ്ട്. അവർക്ക് പിന്തുണ ലഭിക്കുന്നില്ല. നമുക്ക് ഇത്തരം പ്രതിഭകളെ കണ്ടെത്തി ട്രാക്കിലേക്ക് കൊണ്ടുവരണം'-ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. കുട്ടിയുടെ പ്രകടനം നേരിട്ട് കണ്ട ഒരുസുഹൃത്ത് തനിക്ക് അയച്ചു തന്ന വിഡിയോ ആണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
വിഡിയോ വൈറലായതോടെ കുട്ടിയെ പ്രശംസിച്ച് നിരവധിപേർ രംഗത്തെത്തി. കുട്ടിക്ക് മികച്ച പരിശീലനം നൽകുകയായാണെങ്കിൽ ഒളിംബിക്സിൽ വരെ എത്തിചേരുമെന്ന് ഒരാൾ കമന്റുചെയ്തപ്പോൾ ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങൾ പ്രതിഭകളുടെ കേന്ദ്രമാണെന്നും പലരുടെയും കഴിവ് തിരിച്ചറിയപ്പെടാതെ പോവുന്നുവെന്നുമുള്ള പ്രതികരണവുമായി ചിലർ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

