‘ഇടതു നിരീക്ഷകൻ’ പദവി രാജിവെച്ചു, ഇനി മുതൽ ‘രാഷ്ട്രീയ നിരീക്ഷകൻ’, പേടിച്ചു പോയെന്ന് പറഞ്ഞേക്കൂ....; സി.പി.എമ്മിനെ പരിഹസിച്ച് ഹസ്കർ
text_fieldsകൊല്ലം: സി.പി.എമ്മിനെ പരിഹസിച്ച് അഡ്വ. ബി.എൻ. ഹസ്കർ. സംസ്ഥാന സർക്കാറും പാർട്ടിയും നൽകിയ "ഇടതു നിരീക്ഷകൻ " എന്ന പദവി രാജിവെച്ചു. ഇന്നുവരെ വാങ്ങിയ ശമ്പളവും മറ്റ് അനുകൂല്യങ്ങളും താൻ സർക്കാർ ഖജനാവിലേക്ക് തിരിച്ചടച്ചതായും ഹസ്കർ ഫേസ്ബുക്ക് കുറിപ്പിൽ പരിസഹിച്ചു.
സി.പി.എമ്മിനെ പ്രതിരോധത്തിലാക്കും വിധം ഇനി ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്ന് ഹസ്കറിന് പാർട്ടി മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് പരിഹാസ കുറിപ്പ്. ഇടതുനിരീക്ഷകനെന്ന ലേബലിൽ ഇത്തരം പ്രതികരണങ്ങൾ ഒഴിവാക്കണമെന്നും പാർട്ടി നിർദേശം നൽകിയിരുന്നു. ചാനൽ ചർച്ചയിൽ മുഖ്യമന്ത്രിയെയും വെള്ളാപ്പള്ളിയെയും ഹസ്കർ വിമർശിച്ചതാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചത്.
അഭിഭാഷക ബ്രാഞ്ച് യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.സോമപ്രസാദാണ് മുന്നറിയിപ്പ് നൽകിയത്. കേന്ദ്ര കമ്മിറ്റി നിലപാടാണ് താൻ പറഞ്ഞതെന്ന് ഹസ്കർ യോഗത്തിൽ മറുപടി നൽകി. തനിക്കെതിരെ നടപടി എടുത്താൽ എ.കെ. ബാലനും രാജു എബ്രഹാമും നടപടിക്ക് അർഹരാണെന്നും ഹസ്കർ പ്രതികരിച്ചു. രാഷ്ടീയ നിരീക്ഷകനായി പങ്കെടുക്കാം. ഇടത് നിരീക്ഷകൻ എന്ന് ഉപയോഗിക്കുന്നത് മാധ്യമങ്ങൾ ആണെന്ന് ഹസ്കർ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
രാജിവെച്ചു........
സംസ്ഥാന സർക്കാരും പാർട്ടിയും നൽകിയ "ഇടതു നിരീക്ഷകൻ "....
എന്ന പദവി ഞാൻ രാജി വച്ചിരിക്കുന്നു,
ഇന്നുവരെ വാങ്ങിയ ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഞാൻ സർക്കാർ ഖജനാവിലേക്ക് തിരിച്ചടച്ചു, ഔദ്യോഗിക വാഹനം ഡ്രൈവർ ഗൺമാൻ എന്നിവ ഞാൻ തിരിച്ചയച്ചു, ഔദ്യോഗിക വസതിയും ഒഴിഞ്ഞു.
ചാനൽ ചർച്ചകളിലെ മണിക്കൂറുകൾ നീളുന്ന അധ്വാനം ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് കരുതുന്നതുകൊണ്ട് ഞാൻ ഇനി മുതൽ "രാഷ്ട്രീയ നിരീക്ഷകൻ,"
പേടിച്ചു പോയെന്ന് പറഞ്ഞേക്കൂ....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

