ക്ഷണക്കത്തും ആഘോഷവുമായി 18 പേരുടെ വിവാഹമോചനം; 'സാമ്പത്തികവും സാമൂഹികവും മാനസികവുമായ സ്വാതന്ത്ര്യം ആഘോഷിക്കുന്നു'
text_fieldsഭോപ്പാൽ: കണ്ടാൽ അസ്സൽ കല്യാണക്കത്തിന്റെ ലുക്ക്. വായിച്ചുനോക്കുമ്പോഴാണ് അന്തം വിടുക; വിവാഹത്തിനല്ല, 'വിവാഹ മോചന ആഘോഷ'ത്തിനാണ് ഈ ക്ഷണക്കത്തെന്ന്. ഭോപ്പാൽ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ (എൻ.ജി.ഒ) ഭായ് വെൽഫെയർ സൊസൈറ്റിയാണ് ചടങ്ങിന്റെ സംഘാടകർ. സ്ത്രീപീഡനം പോലെ ലോകത്ത് പുരുഷപീഡനവും ഉണ്ടെന്നും അതിന് ഇരയാകുന്നവരുടെ നിയമ പോരാട്ടങ്ങൾക്ക് വേണ്ടിയാണ് തങ്ങൾ പ്രവൃത്തിക്കുന്നതെന്നും സൊസൈറ്റി ഭാരവാഹികൾ പറയുന്നു. സേവ് ഇന്ത്യൻ ഫാമിലി എന്ന സംഘടനയുമായി സഹകരിച്ചാണ് പരിപാടി.
'ദീർഘകാലമായി നിയമ പോരാട്ടം നടത്തിയ 18 പുരുഷന്മാരുടെ വിവാഹമോചനം ആഘോഷിക്കാനാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. വിവാഹമോചിതരായാലും ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രചോദനം നൽകാൻ ഉദ്ദേശിച്ചാണ് പരിപാടി നടത്തുന്നത്. സ്ത്രീധനം, ഗാർഹിക പീഡനം തുടങ്ങിയ വിഷയങ്ങളിൽ നിയമ പോരാട്ടം നടത്തി വിജയിച്ചവരുടെ ആഘോഷമാണിത്' സംഘാടകർ പറഞ്ഞു.
സെപ്റ്റംബർ 18-ന് നടക്കുന്ന ചടങ്ങിൽ 'വിവാഹ മാല നിമജ്ജനം' ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നുണ്ട്. പുരുഷ ഗാനമേള, മനഃസാക്ഷിയെ ശുദ്ധീകരിക്കാൻ അഗ്നി പൂജ, സാമൂഹിക സേവന പ്രതിജ്ഞ എന്നിവ നടക്കും. ഇവർ സാമ്പത്തികവും സാമൂഹികവും മാനസികവും കുടുംബപരവുമായ സ്വാതന്ത്ര്യം ആഘോഷിക്കുകയാണെന്ന് സംഘാടകർ പറഞ്ഞു.
"ഇത്തരക്കാരുടെ കേസുകൾ നടത്താൻ ഞങ്ങളുടെ സംഘടന പോരാട്ടത്തിലാണ്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ 18 പുരുഷന്മാർ അവരുടെ ജീവിതം ദുസ്സഹമാക്കിയ ദാമ്പത്യ ജീവിതത്തിൽ നിന്ന് മോചിതരായി. ഹെൽപ്പ് ലൈനിലൂടെ ഞങ്ങൾ അവരെ മാനസികമായി ശക്തിപ്പെടുത്തുകയാണ്' -സംഘാടക സമിതി അംഗം സാക്കി അഹമ്മദ് പറഞ്ഞു.
'വിവാഹം കഴിഞ്ഞ് ഒറ്റ ദിവസം ഒരുമിച്ച് കഴിഞ്ഞ്, മോചനത്തിന് ഒരുവർഷം കോടതി കയറി ഇറങ്ങിയ യുവാവ് മുതൽ 30 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വേർപിരിഞ്ഞയാൾ വരെ ഇക്കൂട്ടത്തിലുണ്ട്. ദാമ്പത്യവുമായി ബന്ധപ്പെട്ട കോടതി കേസുകൾ പുരുഷൻമാരെ സാമ്പത്തികമായും മാനസികമായും തളർത്തുകയാണ്. ഈ സാഹചര്യത്തിലാണ് അവരുടെ പുതിയ ജീവിതത്തെ പോസിറ്റീവായി കാണാനും ആത്മാഭിമാനത്തോടെ കഴിയാനുമുള്ള മാർഗമായി വിവാഹ മോചനം ആഘോഷിക്കാൻ തീരുമാനിച്ചത്' -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

