ഗ്യാസ് വേണ്ടാത്ത നാരങ്ങാവെള്ളത്തിന് 'ഗ്യാസ് ക്രൈസിസ്' ചാർജ്; വൈറലായി ബെംഗളൂരുവിലെ കഫേ ബില്ല്
text_fieldsബെംഗളൂരു: രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക (എൽ.പി.ജി) ക്ഷാമത്തിനിടെ ബെംഗളൂരുവിലെ ഒരു കഫേ ഉപഭോക്താവിൽ നിന്ന് 'ഗ്യാസ് ക്രൈസിസ് ചാർജ്' ഈടാക്കിയത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ബെംഗളൂരുവിലെ 'തിയോ കഫേ' (Theo Cafe) നൽകിയ ബില്ലാണ് ഇപ്പോൾ ചർച്ചക്ക് തിരികൊളുത്തിയിരിക്കുന്നത്. രണ്ട് ഗ്ലാസ് മിന്റ് നാരങ്ങാവെള്ളം ഓർഡർ ചെയ്ത ഉപഭോക്താവിനാണ് ഭക്ഷണശാല അഞ്ച് ശതമാനം അധിക തുക 'ഗ്യാസ് ചാർജ്' ഇനത്തിൽ ചുമത്തിയത്.
ബില്ലിലെ കണക്കുകൾ ഇങ്ങനെ;
- മിന്റ് ലെമനേഡ് (രണ്ടെണ്ണം): 358 രൂപ (ഒന്നിന് ₹179 വീതം)
- ഡിസ്കൗണ്ട് (5%): 17.90 രൂപ കുറച്ചു
- നികുതികൾ: ജി.എസ്ടി. (CGST, SGST - 2.5% വീതം) കൂട്ടിച്ചേർത്തു
- ഗ്യാസ് ക്രൈസിസ് ചാർജ് (5%): 17.01 രൂപ അധികമായി ഈടാക്കി
- ആകെ തുക: 374 രൂപ
നാരങ്ങാവെള്ളം ഉണ്ടാക്കാൻ ഗ്യാസ് ആവശ്യമില്ലെന്നിരിക്കെ ഇത്തരമൊരു തുക ഈടാക്കിയത് യുക്തിരഹിതമാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രധാന വിമർശനം. 'നാരങ്ങ ചൂടാക്കിയാണോ നിങ്ങൾ വെള്ളം ഉണ്ടാക്കുന്നത്?' എന്നും 'നാരങ്ങാവെള്ളത്തിൽ ഗ്യാസ് നിറക്കുന്നുണ്ടോ?' എന്നും പരിഹാസരൂപേണ ആളുകൾ ചോദിക്കുന്നുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ഹുർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതാണ് ഇന്ത്യയിൽ എൽ.പി.ജി ക്ഷാമത്തിന് കാരണമായത്. ഇത് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിലെ പല ഹോട്ടലുകളും മെനു പരിമിതപ്പെടുത്തുകയും ചില വിഭവങ്ങൾ ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ്. കരിഞ്ചന്തയിൽ ഉയർന്ന വിലക്ക് ഗ്യാസ് വാങ്ങേണ്ടി വരുന്നത് മൂലമാണ് ഇത്തരം അധിക ചാർജുകൾ ഈടാക്കുന്നതെന്ന് ഹോട്ടലുടമകൾ വാദിക്കുന്നുണ്ടെങ്കിലും, ഇത് നിയമവിരുദ്ധമാണെന്ന് ഹോട്ടൽ അസോസിയേഷനുകൾ പ്രതികരിച്ചു. ഡൽഹി, ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പാചകവാതകത്തിനായി വലിയ ക്യൂവാണ് ദൃശ്യമാകുന്നത്. പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

