ലോട്ടറിയല്ല, കയ്യിൽ കിട്ടിയത് തെലിയ ഭോല, വിറ്റപ്പോൾ മത്സ്യത്തൊഴിലാളിക്ക് കിട്ടിയത് 13 ലക്ഷം
text_fieldsകൊൽക്കത്ത: പതിവ് പോലെ കടലിൽ പോയതാണ് പശ്ചിമ ബംഗാൾ ദിഖയിലെ ശിബാജി കബീർ. പിന്നെ കരക്കെത്തിയത് നിധിപോലൊരു മത്സ്യത്തെയും കൊണ്ടാണ്- 55 കിലോ ഭാരമുള്ള തെലിയ ഭോലയെ!
മത്സ്യത്തെ 13 ലക്ഷം രൂപക്ക് കയ്യോടെ കൊത്തിയെടുത്ത് കൊണ്ട് പോയത് വിദേശ കമ്പനിയാണ്. ദിഖയിൽ നടന്ന ലേലത്തിലൽ ഒരു കിലോക്ക് 26,000 രൂപ വെച്ചായിരുന്നു കച്ചവടം.
വളരെ വിരളമായി മാത്രം കിട്ടുന്ന തെലിയ ഭോലക്ക് ഔഷധ മൂല്യം ഏറെയാണ്. ഏഷ്യൻ സീബാസ് എന്നാണിതിന്റെ ഇംഗ്ലീഷ് പേര്. ഇവയുടെ വയറ്റിലുള്ള സ്വിം ബ്ലാഡർ ഉപയോഗിച്ച് പ്രായാധിക്യ പ്രശ്നങ്ങൾ പരിഹരിക്കാൻ മരുന്ന് ഉണ്ടാക്കാറുണ്ട്. ജീവൻ രക്ഷിക്കാനുള്ള ഔഷധങ്ങളും ഇതിൽ നിന്ന് നിർമിക്കാം. കോളാജന്‍ എന്ന പ്രോട്ടീന്റെ അളവ് കൂടുതൽ ഉള്ളത് കൊണ്ടാണ് മൂല്യം കൂടുന്നത്.
ശിബാജി കബീറിന്റെ വലയിൽ കുടുങ്ങിയത് തെലിയ ഭോലയുടെ പെൺ മത്സ്യമാണ്. ഇവയ്ക്ക് ആൺ മത്സ്യത്തിന്റെ അത്രയും മൂല്യമില്ല. ദിവസങ്ങൾ മുമ്പ് ഇവിടെ തന്നെ തെലിയ ഭോലയെ മറ്റൊരു മത്സ്യത്തൊഴിലാളിക്ക് കിട്ടിയിരുന്നു. ഇതിനെ ഒമ്പത് ലക്ഷം രൂപക്കാണ് വിറ്റത്.
വർഷത്തിൽ രണ്ടോ മൂന്നോ തവണ മാത്രമാണ് ഇവയെ കാണാനാവുക എന്ന് ദിഖ മത്സ്യത്തൊഴിലാളി അസോസിയേഷൻ അംഗം നബകുമാർ പായ്റ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

