കല്യാണം കഴിഞ്ഞ് മൂന്ന് ദിവസത്തേക്ക് ശുചിമുറിയിൽ പോകാൻ പാടില്ല; വിചിത്ര ആചാരമുള്ള ഗോത്രം
text_fieldsഇന്തോനേഷ്യയുടെയും മലേഷ്യയുടെയും അതിർത്തികൾക്കിടയിലുള്ള ബോർണിയോയിലെ തിഡോംഗ് ഗോത്ര സമൂഹം, അവിടെ വിചിത്രമായ ഒരു ആചാരമുണ്ട്. വിവാഹശേഷം മൂന്ന് ദിവസത്തേക്ക് നവദമ്പതികൾ കുളിമുറി ഉപയോഗിക്കാൻ പാടില്ല. ഒന്ന് കണ്ണോടിച്ചാൽ ഏറെ അമ്പരപ്പിക്കുന്ന ജീവിത രീതികളുള്ള ഒട്ടനവധി സമൂഹങ്ങളെ കണ്ടെത്താൻ സാധിക്കും. അവരുടെ വേഷവിധാനങ്ങൾ, ആചാരങ്ങളൊക്കെ കൗതുകമുണ്ടാക്കും.
തിഡോംഗ് ഗോത്രത്തിൽ നിന്നും വിവാഹിതരാകുന്ന നവദമ്പതികൾ മൂന്ന് ദിവസം ഒരു മുറിയിൽ കഴിയണം. ശുചിമുറിയിൽ പോകാൻ പോലും പാടില്ലെന്നാണ് ഇവരുടെ ആചാരം. ഗോത്രത്തെ സംബന്ധിച്ച് വിവാഹം ഏറ്റവും പവിത്രമായ ഒരു ചടങ്ങായാണ് കണക്കാക്കുന്നത്. വിവാഹ ശേഷമുള്ള ആദ്യത്തെ മൂന്ന് ദിവസം മലമൂത്രവിസർജ്ജനം ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്താൽ അത് വിവാഹത്തിൻറെ പരിശുദ്ധിയെ ബാധിക്കുമെന്ന് ഇവർ കരുതുന്നു. വിവാഹത്തിൻറെ പവിത്രത നിലനിർത്താൻ, നവദമ്പതികൾ മൂന്ന് ദിവസത്തേക്ക് ശുചിമുറി ഉപയോഗിക്കുന്നതിന് ഗോത്രാചാര പ്രകാരം വിലക്കുണ്ട്.
ഇനി അങ്ങനെ ആരെങ്കിലും ചെയ്താൽ അത് ദുശ്ശകുനമായി കണക്കാക്കുന്നു.ദമ്പതികൾ ഈ നിയമം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ കുടുംബാംഗങ്ങൾ കാവൽ നിൽക്കുന്നതും പതിവാണ്. ചില സാഹചര്യങ്ങളിൽ വരനേയും വധുവിനേയും ബന്ധുക്കൾ മൂന്ന് ദിവസം മുറിയിൽ പൂട്ടിയിടാറുമുണ്ട്. വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ മൂന്ന് ദിവസം നെഗറ്റീവ് എനർജി വധുവിനെയും വരനെയും ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഈ ഗോത്രം വിശ്വസിക്കുന്നത്. ഇത് ഇവരുടെ ബന്ധത്തെ മോശമായ രീതിയിൽ ബാധിക്കുമെന്നും ഗോത്ര വിശ്വാസം അവകാശപ്പെടുന്നു.
ചിലപ്പോൾ, ഈ ആചാരം കാരണം പല ദമ്പതികൾക്കും ചില രോഗങ്ങൾ ഉണ്ടാവാറുണ്ട്. വൃക്ക സംബന്ധമായ പ്രശ്നങ്ങൾ, അൾസർ, തലവേദന, വയറുവേദന, മലബന്ധം, മുഖക്കുരു, മൂത്രസഞ്ചി വലുതാവുന്നത്, പെൽവിക് ഫ്ലോർ പേശികൾക്ക് കേടുപാടുകൾ എന്നിവ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ‘തിഡോംഗ്’ എന്ന വാക്കിനർത്ഥം ‘മലമുകളിൽ ജീവിക്കുന്നവർ’ എന്നാണ്. ഈ ഗോത്രത്തിൽപ്പെട്ടവരുടെ പ്രധാന ഉപജീവന മാർഗം കൃഷിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

