ആനക്കൊപ്പം ഫുട്ബാൾ കളിക്കുന്ന മൂന്ന് വയസുകാരി; അസമിൽ നിന്നുള്ള വിഡിയോ വൈറലാകുന്നു
text_fieldsആനക്കൊപ്പം ഫുട്ബാൾ കളിക്കുന്ന മൂന്ന് വയസുകാരിയുടെ വിഡിയോ വൈറലാകുന്നു. അസമിലെ ഗോലഘട്ട് ജില്ലയിൽ നിന്നുള്ള ഹർഷിത ബോറയും അവളുടെ കളിക്കൂട്ടുകാരിയായ ബിനു എന്ന പിടയാനയുമാണ് നെറ്റിസൺസിന്റെ മനം കവരുന്നത്. വിഡിയോയിൽ ആനക്ക് ചുറ്റും ഹർഷിത ഓടിക്കളിക്കുന്നതും അവൾക്ക് ഫുട്ബാൾ എറിഞ്ഞുകൊടുക്കുന്നതുമായി കാണാം. ആന പന്ത് കാൽ കൊണ്ട് തട്ടുകയും തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിയുകയും ചെയ്യുന്നത് ആസ്വദിക്കുകയാണ് ഹർഷിത.
ആനയുടെ പാൽ കുടിക്കാൻ ശ്രമിക്കുന്ന ഹർഷിതയുടെ ദൃശ്യവും വിഡിയോയിലുണ്ട്. തനിക്കൊപ്പം കളിക്കുന്നത് മൂന്ന് വയസുകാരിയാണെന്നത് മനസിലാക്കിയവണ്ണം വളരെ ശ്രദ്ധയോടെയാണ് ബിനുവിന്റെ ഓരോ നീക്കങ്ങളും. തന്റെ കൂറ്റൻ കാലുകളോ തുമ്പിക്കൈയ്യോ അവളുടെ ദേഹത്ത് തട്ടാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട് അമ്മയാന.
'ആന എനിക്കൊപ്പം ഫുട്ബാൾ കളിക്കും. അവളുടെ പേര് ബിനു എന്നാണ്. പഴമാണ് അവൾക്ക് ഏറ്റവും ഇഷ്ടം'. -ആനയുമൊത്തുള്ള ചങ്ങാത്തത്തെ കുറിച്ച് ചോദിച്ചപ്പോൾ ഹർഷിതയ്ക്ക് നൂറ് നാവാണ്.

