ഓടുന്ന കാറിൽ നിന്ന് പ്ലാസ്റ്റിക് വലിച്ചെറിഞ്ഞ വിനോദസഞ്ചാരികൾക്ക് അത് തിരികെ നൽകി പരിസ്ഥിതി സംരക്ഷണ സംഘടനയുടെ സ്ഥാപകനായ അനൂപ് നൗട്ടിയാൽ; സോഷ്യൽ മീഡിയയിൽ കയ്യടി നേടി വൈറൽ വിഡിയോ.
text_fieldsഅനൂപ് നൗട്ടിയാൽ
ഉത്തരാഖണ്ഡിലെ മസൂറിയിലേക്കുള്ള യാത്രക്കിടയിൽ ഓടുന്ന ടാക്സി കാറിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറത്തേക്ക് എറിഞ്ഞ വിനോദസഞ്ചാരികളെ വളരെ ശാന്തമായി നേരിടുന്ന അനൂപ് നൗട്ടിയാലിന്റെ വിഡിയോ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാവുകയാണ്. പരിസ്ഥിതി സംരക്ഷണ സംഘടനയുടെ സ്ഥാപകനായ അനൂപ് നൗട്ടിയാൽ പങ്കുവെച്ച ഈ ദൃശ്യങ്ങൾ മലയോര മേഖലകളിൽ പാലിക്കേണ്ട പൗരബോധത്തെക്കുറിച്ചുള്ള ശക്തമായൊരു സന്ദേശമാണ് നൽകുന്നത്.
മസൂറിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന തന്റെ കാറിന് മുന്നിലുണ്ടായിരുന്ന ടാക്സിയിൽ നിന്നും യാത്രക്കാർ പ്ലാസ്റ്റിക് കപ്പും സ്പൂണും പുറത്തേക്ക് എറിയുന്നത് അനൂപിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വണ്ടി നിർത്തി ആ പ്ലാസ്റ്റിക് മാലിന്യങ്ങൾ അവർക്ക് തന്നെ തിരികെ നൽകുകയും വളരെ സൗമ്യമായി അദ്ദേഹം അവരോട് സംസാരിക്കുകയും ചെയ്തു.
ഇങ്ങനെയൊന്നും ഒരിക്കലും പ്ലാസ്റ്റിക്ക് വലിച്ചെറിയാൻ പാടില്ല. ഈ മലനിരകളിൽ ഉയരുന്ന ഈ ശബ്ദം അവർക്ക് ഒരു പാഠമാകണം, ഇനി അവർ ഒരിക്കലും മാലിന്യം വലിച്ചെറിയരുത് എന്ന് ആളുകളോട് പറഞ്ഞ ശേഷം അനൂപ് തന്റെ കാറിലേക്ക് തിരികെ വരുന്നതും വിഡിയോയിൽ കാണാം. അവർ സ്വന്തം തെറ്റ് സമ്മതിച്ചോ എന്ന് ചോദിച്ചപ്പോൾ 'അതെ, അവർ തെറ്റ് സമ്മതിച്ചു. ഉത്തരാഖണ്ഡിൽ ദയവായി ഇങ്ങനെ ചെയ്യരുതെന്ന് ഞാൻ അവരോട് പറഞ്ഞു' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഈ സംഭവത്തിൽ ആളുകളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് തെറ്റ് ചൂണ്ടിക്കാണിച്ചപ്പോഴും ആ വിനോദസഞ്ചാരികളെ പരസ്യമായി അപമാനിക്കാൻ അനൂപ് മുതിർന്നില്ല എന്നതുതന്നെയാണ്. 'ഒരാളെ എന്തിന് വെറുതെ നാണംകെടുത്തണം? നിങ്ങൾ എവിടെ നിന്നുള്ളവരായാലും മാലിന്യം വലിച്ചെറിയുന്നത് തെറ്റാണ്. ഇത് ഉത്തരാഖണ്ഡിന്റെ മാത്രം കാര്യമല്ല, ഓടുന്ന വണ്ടിയിൽ നിന്നും ഒരിടത്തും മാലിന്യങ്ങൾ പുറത്തേക്ക് എറിയരുത്,' എന്നും അദ്ദേഹം വിഡിയോയിൽ വ്യക്തമാക്കി.
ഇൻസ്റ്റാഗ്രാമിൽ ഈ വിഡിയോ പങ്കുവെച്ചുകൊണ്ട് പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കാനും രാജ്യം വൃത്തിയായി സൂക്ഷിക്കാനും അദ്ദേഹം യാത്രക്കാരോട് അഭ്യർത്ഥിച്ചു. വളരെ ശാന്തവും മാന്യവുമായ രീതിയിൽ ഈ പ്രശ്നം കൈകാര്യം ചെയ്ത അനൂപിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. ദേഷ്യപ്പെടുന്നതിനേക്കാൾ ഫലപ്രദം ഇത്തരം ഇടപെടലുകളാണെന്ന് പലരും അഭിപ്രായപ്പെടുമ്പോൾ ബോധവൽക്കരണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഹിൽ സ്റ്റേഷനുകളിലെ മാലിന്യപ്രശ്നം ഇന്നും വലിയൊരു പ്രതിസന്ധിയായി തുടരുകയാണെന്ന് മറ്റുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

