‘ഇവിടെ നിന്ന് പോകൂ’! മന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് യുവതി; മുംബൈയിൽ ട്രാഫിക് തടഞ്ഞുള്ള പ്രതിഷേധത്തിനിടെ നാടകീയ രംഗങ്ങൾ
text_fieldsമുംബൈ: റോഡിലെ പ്രതിഷേധം മൂലം മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ടതിനെത്തുടർന്ന് മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജനോടും പൊലീസിനോടും രൂക്ഷമായി പ്രതികരിച്ച് മുംബൈ സ്വദേശിനിയായ യുവതി. ചൊവ്വാഴ്ച വൈകുന്നേരം മുംബൈയിലെ വർളിയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
മഹാ വികാസ് അഘാഡി (MVA) നേതാക്കൾക്കെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധമാണ് നഗരത്തിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമായത്. ലോക്സഭയിൽ വനിതാ സംവരണ ബില്ലിലെ ഭേദഗതി നിർദേശം പരാജയപ്പെട്ടതിനെത്തുടർന്നായിരുന്നു ബി.ജെ.പി പ്രവർത്തകർ തെരുവിലിറങ്ങിയത്. വൻതോതിൽ പ്രവർത്തകർ തടിച്ചുകൂടിയതും പരിപാടി തുടങ്ങാൻ വൈകിയതും വർളി മേഖലയിൽ വാഹനങ്ങളുടെ നീണ്ട നിരക്ക് കാരണമായി. സാധാരണഗതിയിൽ തന്നെ അതീവ തിരക്കുള്ള ബിഡിഡി ചൗൾ പരിസരത്തെ റോഡുകൾ പൂർണ്ണമായും സ്തംഭിച്ചു.
സ്കൂളിൽ നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ പോവുകയായിരുന്നു യുവതിയാണ് പ്രതിഷേധക്കാർക്കെതിരെ തിരിഞ്ഞത്. മണിക്കൂറുകളോളം ട്രാഫിക്കിൽ കുടുങ്ങിയതോടെ വാഹനത്തിൽ നിന്നിറങ്ങിയ യുവതി മന്ത്രി ഗിരീഷ് മഹാജനോടും പൊലീസിനോടും നേരിട്ട് കയർക്കുകയായിരുന്നു.
‘നൂറുകണക്കിന് ആളുകളാണ് ഇവിടെ കാത്തുനിൽക്കുന്നത്. അവിടെ ഒഴിഞ്ഞ പറമ്പുണ്ടല്ലോ, പ്രതിഷേധം അങ്ങോട്ട് മാറ്റിക്കൂടെ?’ യുവതി മന്ത്രിയോട് ചോദിച്ചു. ‘ഇവിടെ നിന്ന് പോകൂ!’ എന്നും അവർ ആക്രോശിച്ചു. ഉടൻ തന്നെ റോഡ് ക്ലിയർ ചെയ്യണമെന്ന് അവർ പൊലീസിനോട് ആവശ്യപ്പെടുകയും ഇത്തരം പ്രവൃത്തികൾ സഹിക്കാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
യുവതിയുടെ പ്രതികരണം ഇതിനോടകം തന്നെ ഇന്റർനെറ്റിൽ തരംഗമായിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ തന്നിഷ്ടത്തിനെതിരെ സാധാരണക്കാർ പ്രതികരിക്കേണ്ടത് ഇങ്ങനെയാണെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. ഈ സ്ത്രീയോട് ആദരവ് തോന്നുന്നു. ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ പ്രതികരണമാണ് അവർ നടത്തിയത് എന്നായിരുന്നു ഒരു കമന്റ്. പൊതുസേവകരോട് പെരുമാറേണ്ടത് ഇങ്ങനെയാണ്. അത് ഏത് പാർട്ടിയായാലും സ്ഥാനത്തായാലും മാറ്റമില്ല എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

