‘ഖദറിനോട് എന്തിനാണ് ഇത്ര നീരസം, ഖദറിടാതെ നടക്കുന്നതല്ല ന്യൂജൻ’; യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ അജയ് തറയിൽ
text_fieldsആലപ്പഴയിൽ നടന്ന യൂത്ത് കോൺഗ്രസ് പഠന ക്യാമ്പ്
കോഴിക്കോട്: കോൺഗ്രസിന്റെ ഐഡന്റിറ്റിയായ ഖദർ വസ്ത്രം ധരിക്കാത്ത യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിൽ. യുവതലമുറക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസമെന്ന് ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പിലൂടെ അജയ് തറയിൽ ചോദിച്ചു.
ഖദർ വസ്ത്രവും മതേതരത്വവുമാണ് കോൺഗ്രസിന്റെ അസ്ഥിത്വം. ഖദർ ഒരു വലിയ സന്ദേശവും ആദർശവുമാണ്. മുതലാളിത്തത്തിനെതിരായ ഏറ്റവും വലിയ ആയുധവുമാണ്. ഖദർ ഇടാതെ നടക്കുന്നതാണ് ന്യൂജൻ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അത് മൂല്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. ഡി.വൈ.എഫ്.ഐക്കാരെ എന്തിന് അനുകരിക്കണമെന്നും അജയ് തറയിൽ എഫ്.ബി പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
യുവതലമുറക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം... -അജയ് തറയിൽ
ഖദർ വസ്ത്രവും മതേതരത്വവുമാണ് കോൺഗ്രസ്സിന്റെ അസ്ഥിത്വം ഖദർ ഒരു വലിയ സന്ദേശമാണ്, ആദർശമാണ്, മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ്. ഖദർ ഇടാതെ നടക്കുന്നതാണ് ന്യൂജൻ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ മൂല്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്, അത് അനുകരിക്കുന്നത് കപാട്യമാണ്. നമ്മളെന്തിനാണ് DYFIക്കാരെ അനുകരിക്കുന്നത്?
'സത്യ സേവാ സംഘർഷ്' എന്ന മുദ്രാവാക്യം ഉയർത്തി ജൂൺ 29 മുതൽ മൂന്നു ദിവസം ആലപ്പുഴയിൽ നടന്ന യുത്ത് കോൺഗ്രസ് സംസ്ഥാന പഠന ക്യാമ്പിൽ പങ്കെടുത്ത സംസ്ഥാന നേതാക്കളടക്കം ഭൂരിപക്ഷം പേരും ഖദറിന് പകരം കളർ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് യുവനേതാക്കളെ വിമർശിച്ച് കൊണ്ട് അജയ് തറയിൽ രംഗത്തെത്തിയത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, ഉപാധ്യക്ഷൻ അബിൻ വർക്കി അടക്കമുള്ളവർ കളർ വസ്ത്രം ധരിച്ചാണ് ഉദ്ഘാടന ദിവസം ക്യാമ്പിൽ പങ്കെടുത്തത്. അതേസമയം, ഉദ്ഘാടന ദിവസം കഴിഞ്ഞുള്ള ദിവസങ്ങളിൽ സംസ്ഥാന നേതാക്കൾ ഖദർ ധരിച്ചും എത്തിയിരുന്നു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്ത പഠനക്യാമ്പിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, എ.ഐ.സി.സി വർക്കിങ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി, എ.ഐ.സി.സി സെക്രട്ടറി അറിവഴകൻ, കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി, ഡീൻ കുര്യാക്കോസ് എം.പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, എം.ജെ. ജോബ്, എം.എം. നസീർ, വി.ടി. ബൽറാം, ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ് അടക്കമുള്ള നേതാക്കളും സംസ്ഥാനത്തെ മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പങ്കെടുത്ത് സംസാരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

