കാമറകളെ വെട്ടിക്കാം; മുഖം തിരിച്ചറിയാതിരിക്കാൻ പ്രതിഷേധക്കാർക്ക് വഴി നിർദേശിച്ച് റിച ഛദ്ദ
text_fieldsന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് നടക്കുന്ന വൻ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നവരെ അനുവാദമില്ലാതെ കാമറകളിൽ പകർത്തി പൊലീസ് നിരീക്ഷിക്കുന്നതിനെതിരെ വേറിട്ട പ്രതിരോധവുമായി ബോളിവുഡ് നടി റിച്ച ചദ്ദ. സർക്കാരിന്റെ ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്വെയറുകളെയും നിരീക്ഷണ കാമറകളെയും എങ്ങനെ ആശയക്കുഴപ്പത്തിലാക്കാം എന്ന് വിശദീകരിക്കുന്ന പ്രത്യേക 'മേക്കപ്പ് ട്യൂട്ടോറിയൽ' വീഡിയോ നടി 'എക്സി'ൽ പങ്കുവെച്ചു.
പ്രതിഷേധവേദികളിൽ കാമറകൾ ഉപയോഗിച്ച് സമരക്കാരെ ലക്ഷ്യമിടുന്ന ഭരണകൂട വേട്ടയെ മറികടക്കാൻ പ്രക്ഷോഭകർക്ക് സർഗാത്മകമായ വഴി കാട്ടിക്കൊടുക്കുകയാണ് താരം ചെയ്തത്. മുഖത്ത് അധികമായി മറ്റൊരു കണ്ണോ ചുണ്ടോ വരച്ചുചേർക്കുക, വ്യത്യസ്ത നിറങ്ങൾ ഉപയോഗിച്ച് ചർമത്തിൽ 'കാമഫ്ലാഷ്' പാറ്റേണുകൾ നിർമിക്കുക, കൺപുരികങ്ങൾ കൺസീലർ ഉപയോഗിച്ച് മറയ്ക്കുക തുടങ്ങിയ തന്ത്രങ്ങളിലൂടെ എ.ഐ അധിഷ്ഠിത ക്യാമറകൾക്ക് മുഖം തിരിച്ചറിയാൻ സാധിക്കാതെ വരുമെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് റിച്ച കുറിച്ചു.
'ഭീഷണിപ്പെടുത്തുന്നവർ എപ്പോഴും ഭീരുക്കളാണ്'; റിച്ചയുടെ കുറിപ്പ്
സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും പ്രവർത്തകർക്കും സുരക്ഷാ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്:
"പ്രിയപ്പെട്ട പ്രക്ഷോഭകരെ, നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങളെ കാമറയിൽ പകർത്തുന്ന സാഹചര്യത്തിൽ, നിരീക്ഷണ കാമറകളെയും ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്വെയറുകളെയും കബളിപ്പിക്കാൻ ഈ മേക്കപ്പ് പരീക്ഷിച്ചുനോക്കൂ. ഇതാ ഒരു ട്യൂട്ടോറിയൽ. (മുഖത്ത് അധികമായി ഒരു കണ്ണോ ചുണ്ടോ വരയ്ക്കാം, നിറങ്ങൾ ഉപയോഗിച്ച് മുഖത്ത് വരകൾ ഉണ്ടാക്കാം, ആവശ്യമെങ്കിൽ കൺപുരികങ്ങൾ കൺസീലർ ഉപയോഗിച്ച് മറയ്ക്കാം. സർഗ്ഗാത്മകമായി ചിന്തിക്കൂ, മറ്റുള്ളവരെയും മേക്കപ്പ് ചെയ്യാൻ സഹായിക്കൂ). സുരക്ഷിതരായിരിക്കുക, ധാരാളം വെള്ളം കുടിക്കുക, ശക്തരായി മുന്നോട്ട് പോവുക. പെൺകുട്ടികൾ കയ്യിൽ പെപ്പർ സ്പ്രേ കരുതണം. ഓർക്കുക, ഭീഷണിപ്പെടുത്തുന്നവർ എപ്പോഴും ഭീരുക്കളാണ്. സമാധാനപരമായി സമരം ചെയ്യുക; നിശബ്ദരാവരുത്, അക്രമത്തിന് മുതിരുകയുമരുത്."
— റിച്ച ചദ്ദ കുറിച്ചു.
പൊലീസ് അതിക്രമങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ സർഗ്ഗാത്മക പ്രതിരോധം
സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ വഴി വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി വോട്ടുകൾ വെട്ടിനിരത്തിയതിൽ പ്രതിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 10, 11 തീയതികളിൽ ഡൽഹിയിൽ നടന്ന സമരങ്ങളിൽ പൊലീസ് വലിയ അതിക്രമങ്ങൾ അഴിച്ചുവിട്ടിരുന്നു. മാധ്യമപ്രവർത്തകരെയും അഭിഭാഷകരെയും ഉൾപ്പെടെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും കാമറകൾ പിടിച്ചെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സമരക്കാർക്കെതിരായ സാങ്കേതിക നിരീക്ഷണങ്ങളെ മറികടക്കാൻ സോഷ്യൽ മീഡിയയിൽ പുതിയ വഴികൾ ചർച്ചയാകുന്നത്.
ചരിത്രപ്രസിദ്ധമായ ജന്തർ മന്തറിനെ പ്രതിഷേധ വേദിയെന്ന പദവിയിൽ നിന്ന് ഡൽഹി പൊലീസ് ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തുകയും വിഷയത്തിൽ നിയമപോരാട്ടം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് സാധാരണക്കാരായ പ്രക്ഷോഭകർക്ക് കരുത്തുപകർന്ന് ബോളിവുഡ് താരത്തിന്റെ വേറിട്ട ഇടപെടൽ ശ്രദ്ധേയമാകുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

