‘ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു, ശരിയാണോ ഗയ്സ്?’; കൃഷ്ണകുമാറിനെയും പേളിയെയും ട്രോളി നടൻ ചന്തു സലിംകുമാർ
text_fieldsനടൻ ചന്തു സലിം കുമാർ
കൊച്ചി: കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെയും യുവാക്കളെയും പരിഹസിച്ച നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിനെയും നടി പേളി മാണിയെയും ട്രോളി ചന്തു സലിംകുമാർ.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടന്റെ പ്രതികരണം. ‘കാശ്മീരിൽ കല്ലേറ് നിർത്തിച്ചവർ ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു. ശരിയാണോ ഗയ്സ്’ എന്നായിരുന്നു ചന്തുവിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി. താഴെ ചെറിയ അക്ഷരങ്ങളിൽ ഇംഗ്ലീഷിൽ ‘കാവി എന്റെ ഇഷ്ടനിറമാണ്’ എന്നും ചന്തു കുറിച്ചു.
വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തെ പിന്തുണക്കുന്ന നിലപാടാണ് കൃഷ്ണകുമാർ സ്വീകരിച്ചിരുന്നത്. ‘കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ.. പിന്നെയാ... ഡൽഹി’ എന്നാണ് നടൻ പ്രതികരിച്ചത്. ജയ്ഹിന്ദ് എന്നതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും കൃഷ്ണകുമാർ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് വിമർശിച്ച് രംഗത്തുവന്നത്. കേന്ദ്ര സർക്കാറിനനുകൂലമായുള്ള പേളി മണിയുടെ പോസ്റ്റും വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
‘കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വളരെ വേദനാജനകമായിരുന്നു. അത് നമ്മെ അൽപസമയം ഒന്നു ചിന്തിക്കാൻ നിർബന്ധിതരാക്കിയിരിക്കുന്നു. നമ്മുടെ രാജ്യത്തെ യുവതയുടെ ശക്തിയും ഐക്യവും നിശ്ചയദാർഢ്യവും നാം നേരിട്ടു കണ്ടു. വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും പരിക്കേറ്റ ഹൃദയഭേദകമായ ചിത്രങ്ങളും വിഡിയോകളും ഞാൻ കണ്ടു. അത് എന്നിൽ ചില മാറ്റങ്ങൾ സൃഷ്ടിച്ചു. എന്റെ മനസ്സിൽ ആകെ വന്ന ഒരേയൊരു ചിന്ത... ദയവായി ആർക്കും പരുക്കേൽക്കരുത്. എല്ലാവരും സുരക്ഷിതരായിരിക്കുക. നിങ്ങളുടെ ജീവൻ അപകടത്തിലാണെങ്കിൽ, ദയവായി വീട്ടിലേക്ക് മടങ്ങുക. സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ മാത്രം വലിയൊരു ലക്ഷ്യവുമില്ല’ -എന്നായിരുന്നു പോസ്റ്റ്.
മറ്റൊരു പോസ്റ്റിൽ തന്റെ ഇഷ്ടനിറം കാവിയാണെന്നും കുറിച്ചു. ഇത് സൂചിപ്പിച്ചാണ് ചന്തുവിന്റെ ട്രോൾ. അതേസമയം, പേളി മാണി പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ അവർക്കുതന്നെ വിനയായിരിക്കുകയാണ്. ഇപ്പോഴിതാ നിരവധി ആളുകളാണ് താരത്തെ അൺഫോളോ ചെയ്തിരിക്കുന്നത്. ഏകദേശം രണ്ട് ലക്ഷത്തിനടുത്താളുകളാണ് ഇൻസ്റ്റഗ്രാമിൽ മാത്രം പേളിയെ അൺഫോളോ ചെയ്തിരിക്കുന്നത്. 5.7 മില്യൺ ഉണ്ടായിരുന്ന ഇൻസ്റ്റഗ്രാം ഫോളോവേഴ്സാണ് ഇപ്പോൾ 5.5 മില്യണായത്. യൂട്യൂബ് ഫോളോവേഴ്സും സമാന രീതിയിൽ കുറഞ്ഞിട്ടുണ്ട്. 4.71 മില്യണിൽ നിന്ന് 4.64 മില്യണിലേക്കാണ് പേളിയുടെ യൂട്യൂബ് ചാനലിലെ ഫോളേവേഴ്സ് കുറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

