മരണമുഖത്തും കടുത്ത പോരാട്ടം! ചുറ്റിവരിഞ്ഞ മഞ്ഞുപുലിയിൽ നിന്നും രക്ഷപ്പെടുന്ന ഐബക്സ് -VIDEO
text_fieldsവീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ
ഷിംല: ഹിമാചൽ പ്രദേശിലെ കിബ്ബറിൽ മഞ്ഞുപാളികൾക്കിടയിൽ നടന്ന ഒരു അപൂർവ വേട്ടയാടലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കുത്തനെയുള്ള മഞ്ഞുമലയിൽ നിന്നും ഐബക്സിനെ (മലയാട്) വേട്ടയാടാൻ ശ്രമിക്കുന്ന മഞ്ഞുപുലിയുടെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഗ്വാട്ടിമാലൻ ഫോട്ടോഗ്രാഫറായ ആൻഡ്രേസ് നോവാലസ് ആണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.
'എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വൈൽഡ് ലൈഫ് നിമിഷം' എന്നാണ് നോവാലസ് ഈ അനുഭവത്തെ വിശേഷിപ്പിച്ചത്. കിബ്ബറിലെ കനത്ത മഞ്ഞുവീഴ്ചയ്ക്ക് ശേഷം ആകാശം തെളിഞ്ഞപ്പോഴാണ് വേട്ടയാടൽ കാമറയിൽ പതിഞ്ഞതെന്ന് നോവാലസ് പറഞ്ഞു. തന്റെ രണ്ട് കുട്ടികളെ മലയിടുക്കിന് താഴെ ഇരുത്തിയ ശേഷം തനിച്ച് മലമുകളിലേക്ക് കയറിയ ഒരു പെൺ മഞ്ഞുപുലിയാണ് വേട്ടയ്ക്ക് തുടക്കമിട്ടത്. അതീവ രഹസ്യമായി നീങ്ങിയ പുലി, മലയാടുകളുടെ കൂട്ടത്തിലെ ഏറ്റവും വലിയ ആണിനെത്തന്നെ ലക്ഷ്യം വെച്ചു.
ഇരയുടെ പുറത്തേക്ക് ചാടിവീണ പുലി അതിനെ വിടാതെ ചുറ്റിവരിഞ്ഞു. രക്ഷപ്പെടാനായി മലയാട് കുത്തനെയുള്ള താഴ്ചയിലേക്ക് കുതിച്ചതോടെ രണ്ടുപേരും മഞ്ഞിലൂടെയും പാറക്കെട്ടുകളിലൂടെയും പലതവണ താഴേക്ക് മറിഞ്ഞുവീണു. മലനിരയുടെ അറ്റത്തുനിന്ന് ഏതാനും മീറ്ററുകൾ മാത്രം അകലെ വെച്ചാണ് പുലിയുടെ പിടി അയഞ്ഞത്. സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഐബക്സ് ദിശ മാറി ഓടി രക്ഷപ്പെട്ടു. ഒരു വീഴ്ച കൂടി സംഭവിച്ചിരുന്നെങ്കിൽ രണ്ടുപേരും അഗാധമായ താഴ്ചയിലേക്ക് പതിക്കുമായിരുന്നു.
പ്രകൃതിയിലെ അതിജീവനത്തിന്റെ ഈ പോരാട്ടം കണ്ട വന്യജീവി പ്രേമികൾ ഇതിനെ 'രക്തം മരവിപ്പിക്കുന്ന നിമിഷം' എന്നാണ് വിശേഷിപ്പിച്ചത്. മഞ്ഞുപുലിക്ക് ഇരയെ ലഭിച്ചില്ലെങ്കിലും, ഐബക്സിന്റെയും പുലിയുടെയും ജീവൻ രക്ഷപ്പെട്ടതിലുള്ള ആശ്വാസവും പലരും പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

