
76ാം വയസ്സിൽ ഫ്രീക്കൻ ആകാൻ അച്ഛന് മോഹം; നടത്തിക്കൊടുത്ത് മകൻ- ഇവര് വേറേ ലെവലാ
text_fields'അച്ഛൻ ഇനി താടി വടിക്കണ്ട, ഞാൻ നാട്ടിൽ വരുേമ്പാൾ നമുക്ക് കുറച്ച് ഫോട്ടോ ഒക്കെ എടുക്കണം'- കുറച്ചുനാൾ മുമ്പ് ജർമ്മനിയിലെ റോസ്റ്റോക്കിൽ നിന്ന് വീട്ടിലേക്ക് വിളിച്ചപ്പോൾ ശിവപ്രസാദ് നായർ അച്ഛനോട് പറഞ്ഞത് ഇതാണ്. ഒരുമാസം കഴിഞ്ഞ് ഇരുവരും നടത്തിയ േഫാൺ സംഭാഷണം ഏറെക്കുറെ ഇങ്ങനെയായിരുന്നു.
അച്ഛൻ: എടാ കൂവെ, നാട്ടുകാര് ഓരോന്നും പറയാൻ തുടങ്ങി. ഞാൻ താടി വടിക്കുവാണ്. കാണുന്നവർ എല്ലാം ഓരോന്ന് പറയുവാണ്. എന്ത് വൃത്തികേടായി കൊച്ചാട്ട, ഇതൊക്കെ ഒന്ന് വെട്ടി കളഞ്ഞു മനുഷ്യരെ പോലെ നടന്നു കൂടെയെന്നൊക്കെ. നേരിൽ അവരൊക്കെ ഇങ്ങനെ പറയുമ്പോൾ കാണാതെ എത്രയോ ആളുകൾ പറയുന്നുണ്ടാകുമെടാ. ഞാൻ ഇപ്പൊ എന്ത് വേണം?'
ശിവപ്രസാദ്: 'ആ താടി അവിടെ ഇരിക്കുന്നത് കൊണ്ട് അച്ഛന് എന്തെങ്കിലും ബുദ്ധിമുട്ടോ ചൊറിച്ചിലോ വല്ലതും ഉണ്ട് എങ്കിൽ വെട്ടികളഞ്ഞോ. അതല്ല നാട്ടുകാർക്ക് ആണ് ചൊറിച്ചിൽ എങ്കിൽ ഞാൻ വീടെത്തുംവരെ ദയവു ചെയ്തു അതിൽ തൊട്ടുപോയേക്കരുത്'.

മകന്റെ ഈ പറച്ചിലിൽ അച്ഛൻ വീണു. ലീവിന് വന്നപ്പോൾ നരച്ച മീശയും താടിയുമുള്ള അച്ഛനെ കണ്ട് ശിവപ്രസാദ് തന്നെ ഞെട്ടി. സംഗതി കിടു ആണെങ്കിൽ ഒന്ന് ഫ്രീക്കനായാലോ എന്നായി അച്ഛൻ. ഫ്രീക്കൻ സ്റ്റെലിൽ റൈഡിങ് ജാക്കറ്റും ധരിച്ച്, ചുരുട്ടുംവലിച്ച് നിൽക്കുന്ന അച്ഛന്റെ ഫോട്ടോകൾ ശിവപ്രസാദ് ഫേസ്ബുക്കിൽ പങ്കുവെച്ചത് വൈറലാകാൻ അധികനേരം വേണ്ടി വന്നില്ല.
'എഴുപത്തിയാറാം വയസ്സിൽ ഒന്ന് ഫ്രീക്കൻ ആകാൻ അച്ഛന് ഒരു മോഹം. ഇത്തരം ചെറിയ ആഗ്രഹങ്ങൾ ഒക്കെ നടത്തി കൊടുത്തില്ലേൽ പിന്നെ നമ്മളൊക്കെ മക്കൾ എന്നും പറഞ്ഞു നടക്കുന്നതിൽ എന്ത് അർഥം' എന്ന കാപ്ഷനോടെ നൽകിയ ഫോേട്ടാകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. അച്ഛനും മകനും വേറെ ലെവലാണെന്ന കമന്റുകളുടെ പ്രവാഹമായിരുന്നു പിന്നീട്.

'അച്ഛന്റെ പഴയ രൂപം കൂടെ ഒന്ന് ഇടാമായിരുന്നില്ലേ' എന്നും പലരും ചോദിച്ചു. അതുകൊണ്ട് കഴിഞ്ഞ വർഷത്തേയും ഈ വർഷത്തേയും അച്ഛന്റെ മാറ്റങ്ങളും കാണിക്കുന്ന മറ്റൊരു ഫോട്ടോയും ശിവപ്രസാദ് എഫ്.ബിയിൽ പോസ്റ്റ് ചെയ്തു. അതും ഇപ്പോൾ വൈറലായിരിക്കുകയാണ്. അച്ഛൻ താടി വളർത്തിയപ്പോൾ 'ചൊറിച്ചിൽ' ഉണ്ടായ നാട്ടുകാർക്കുള്ള മറുപടിയാണ് ചിത്രം വൈറലാക്കിയവർ നൽകിയിരിക്കുന്നതെന്ന് ശിവപ്രസാദ് പറയുന്നു. ആലപ്പുഴ ഹരിപ്പാടിനടുത്ത് കരുവാറ്റക്കാരനായ ശിവപ്രസാദ് ജർമ്മനിയിൽ മർച്ചന്റ് നേവിയിൽ എൻജിനീയറായി േജാലി ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
