‘വിജയ് ഇഫക്ട്’; തമിഴ്നാട് നിയമസഭാ നടപടികൾക്ക് റെക്കോർഡ് പ്രേക്ഷകർ, യൂട്യൂബ് കാഴ്ചക്കാരും കൂടി
text_fieldsചെന്നൈ: സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ ജനപ്രീതി നിയമസഭ നടപടികളുടെ ലൈവ് സ്ട്രീമിങ്ങിലേക്കും. നിയമസഭാ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെ ടി.വിയിലും യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമെല്ലാം സഭാ നടപടികൾക്ക് വലിയ പ്രേക്ഷകശ്രദ്ധയാണ് ലഭിക്കുന്നത്. ആഗസ്റ്റ് അഞ്ചിലെ ബജറ്റ് സമ്മേളനത്തിന്റെ ചില യൂട്യൂബ് ലൈവ് സ്ട്രീമുകൾ 10 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി.
നിയമസഭ തത്സമയം സംപ്രേഷണം ആരംഭിച്ചതോടെ വാർത്താ ചാനലുകളുടെ കാഴ്ചക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് തമിഴ് വാർത്താ ചാനലുകളുടെ മുതിർന്ന എഡിറ്റർമാർ പറയുന്നു. നിയമസഭയിലെ വിജയുടെ പ്രസംഗങ്ങളും ഇടപെടലുകളുമാണ് സോഷ്യൽ മീഡിയയിലെ പ്രധാന ആകർഷണം. ബുധനാഴ്ച നിയമസഭയിൽ നടത്തിയ സിനിമാ സംഭാഷണങ്ങളെ ഓർമിപ്പിക്കുന്ന, പഞ്ച് ലൈനുകൾ നിറഞ്ഞ പ്രസംഗത്തിന്റെ ഭാഗം ഒരു വാർത്താ ചാനലിന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ 10 ലക്ഷം കാഴ്ചക്കാരെ നേടിയതായി റിപ്പോർട്ട് പറയുന്നു. അതേസമയം, ഫെബ്രുവരി 17ന് ഡി.എം.കെ സർക്കാർ അവതരിപ്പിച്ച ഇടക്കാല ബജറ്റ് സെഷന് ഈ ചാനലുകളിലൂടെ 10,000 മുതൽ 15,000 കാഴ്ചക്കാരെ മാത്രമാണ് ലഭിച്ചത്.
മുഖ്യമന്ത്രി വിജയുടെ പ്രസംഗങ്ങൾക്കൊപ്പം വിജയ്, ഉദയനിധി സ്റ്റാലിൻ രാഷ്ട്രീയ ഏറ്റുമുട്ടലുകളും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്. മിക്ക ടെലിവിഷൻ ചാനലുകളും യൂട്യൂബർമാരും ‘വിജയ് vs ഉദയനിധി’ എന്ന തംബ്നെയിലുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഇത് കാഴ്ചക്കാരുടെ എണ്ണം വർധിപ്പിക്കുന്നുവെന്നും എഡിറ്റർമാർ പറയുന്നു.
നിയമസഭയിലെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും പ്രസംഗങ്ങളിൽ നിന്നുള്ള പിഴവുകൾ, പരസ്പര വിമർശനങ്ങൾ, രസകരമായ നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ എത്തിക്കുന്നുണ്ട്. സിനിമയിലെ വലിയ ആരാധകവൃന്ദത്തെ രാഷ്ട്രീയ പിന്തുണയിലേക്ക് മാറ്റിയ തമിഴക വെട്രി കഴകത്തിന്റെ ഡിജിറ്റൽ പ്രചാരണ തന്ത്രം തെരഞ്ഞെടുപ്പ് കാലത്തുതന്നെ ശ്രദ്ധ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

