അജിത് ഡോവലിന്റെ വിഡിയോ പങ്കുവെച്ച് മുഹമ്മദ് സുബൈർ: ‘ഇത് ഗോദി മീഡിയക്കും വലതുപക്ഷ വിദ്വേഷപ്രചാരകർക്കുമുള്ള അടി’
text_fieldsന്യൂഡൽഹി: ചെങ്കോട്ടക്ക് സമീപം നടന്ന സ്ഫോടനത്തിന്റെ പേരിൽ ഇസ്ലാം മത വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വിഡിയോ പങ്കുവെച്ച് മറുപടിയുമായി വസ്തുതാന്വേഷണ മാധ്യമപ്രവത്തകനായ മുഹമ്മദ് സുബൈർ. ഇത് ഗോദി മീഡിയക്കും വലതുപക്ഷ വിദ്വേഷപ്രചാരകർക്കുമുള്ള അടിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഭീകരതയെ ഹിന്ദു-മുസ്ലിം കണ്ണിലൂടെ കാണരുതെന്നാണ് 2014ൽ പുറത്തിറങ്ങിയ വിഡിയോയിൽ അജിത് ഡോവൽ പറയുന്നത്. ഇത് ഒരു ദേശീയ പ്രശ്നമാണ്, വർഗീയ പ്രശ്നമല്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇന്ത്യൻ മുസ്ലിംകൾ സ്വാതന്ത്ര്യസമരത്തിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അതിനാൽ, ദേശീയ സുരക്ഷാ ആശങ്കകളെ വർഗീയ സ്വത്വവുമായി ബന്ധിപ്പിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറയുന്നു.
തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഏതൊരു ഹിന്ദു സംഘടനയെക്കാളും മുസ്ലിം സംഘടനകൾ നമ്മോടൊപ്പമുണ്ട്. ആഗോള ഭീകരതയ്ക്കെതിരെ 2012ൽ രാംലീല ഗ്രൗണ്ടിൽ ചേർന്ന സമ്മേളനത്തിൽ 50,000 ഇസ്ലാമിക പണ്ഡിതൻമാർ ഫത്വ പുറപ്പെടുവിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ മുസ്ലിംകൾ തീവ്രവാദത്തെ നിരന്തരം എതിർത്തിട്ടുണ്ടെന്നും അജിത് ഡോവൽ ഊന്നിപ്പറയുന്നു.
‘നമുക്ക് മുസ്ലിംകൾ എന്നോ ഹിന്ദു എന്നോ ഇല്ല. ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കിയാണ് തീവ്രവാദത്തിനെതിരായ യുദ്ധം നയിക്കുന്നത്. നമ്മൾ പതിവുരീതിയിൽ ചിന്തിക്കുന്നത് നിർത്തണം എന്നതാണ് ആദ്യത്തെ കാര്യം. ഏതൊരു ഹിന്ദു സംഘടനയെക്കാളും കൂടുതലായി തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ മുസ്ലിംകൾ നമ്മോടൊപ്പമുണ്ട്. തീവ്രവാദത്തിനെതിരെ ഫത്വയോ നിർദ്ദേശമോ പുറപ്പെടുവിച്ച ഏതെങ്കിലും ഹിന്ദു സംഘടനയെക്കുറിച്ച് നിങ്ങൾ പറയൂ..
2012-ൽ രാംലീല ഗ്രൗണ്ടിൽ 50,000 ഇസ്ലാമിക പണ്ഡിതൻമാരാണ് ആഗോള ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരെ ഫത്വ പാസാക്കിയത്. അവർ രാജ്യത്തിന് പൂർണ്ണമായ സഹായം വാഗ്ദാനം ചെയ്തിരുന്നു. ചില ഹിന്ദു സംഘടനകളും ഇതേ വേദിയിൽ വരണമെന്ന് അവർ ആഗ്രഹിച്ചിരുന്നു’ -അദ്ദേഹം പറയുന്നു.
ഇന്ത്യൻ മുസ്ലിംകൾ ഭൂരിഭാഗവും അക്രമത്തെ തള്ളിപ്പറയുമ്പോൾ അക്രമം ചെയ്യുന്ന ചെറുന്യൂനപക്ഷത്തിനെ പലപ്പോഴും ഇസ്ലാമിന്റെ ശബ്ദമായി തെറ്റിദ്ധരിക്കപ്പെടുന്നുവെന്നും അജിത് ഡോവൽ ചൂണ്ടിക്കാട്ടി. ‘ഇസ്ലാമിന്റെ ശബ്ദം കുറ്റകൃത്യങ്ങൾക്ക് വേണ്ടിയുള്ളതല്ല. നിരപരാധികളെ കൊല്ലുന്നതിന് വേണ്ടിയുള്ളതല്ല ഇസ്ലാമിന്റെ ശബ്ദം. അഫ്ഗാനിസ്ഥാനിൽ സോവിയറ്റുകൾക്കെതിരെ ആഗോള റിക്രൂട്ട്മെന്റ് ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്ന് ഒരാൾ പോലും പോയില്ല. ഓസ്ട്രേലിയ പോലുള്ള ദൂരദേശങ്ങളിൽ നിന്നും ലോകത്തെല്ലായിടത്തും നിന്നും നിരവധി പേർ പോയി. എന്നാൽ, മുസ്ലിം ജനസംഖ്യയിൽ ലോകത്ത് ഒന്നോ, രണ്ടോ സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിൽനിന്ന് ഒരാൾ പോലും അതിനായി സ്വയം മുന്നോട്ട് വന്നില്ല. ഭീകരതയെ വർഗീയ പ്രശ്നമായി നമ്മൾ കാണരുത്. ഇതൊരു വർഗ്ഗീയ പ്രശ്നമല്ല. ഇത് ഇന്ത്യയുടെ ദേശീയ സുരക്ഷ പ്രശ്നമാണ്’ - അദ്ദേഹം വിഡിയോയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

