10 രൂപ അധികം നൽകിയില്ല; വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന് ബസ് കണ്ടക്ടറുടെ മർദ്ദനം
text_fieldsജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ 10 രൂപ അധിക നിരക്ക് നൽകാൻ വിസമ്മതിച്ചതിന് വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച് ബസ് കണ്ടക്ടർ. 75 കാരനായ ആർ.എൽ. മീണക്കാണ് മർദ്ദനമേറ്റത്. ജനുവരി 10നായിരുന്നു സംഭവം. ശരിയായ ബസ് സ്റ്റോപ്പിൽ ഇറക്കാത്തതിനെ തുടർന്ന് അധിക നിരക്ക് നൽകാൻ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
ആഗ്ര റോഡിലെ കാനോട്ട ബസ് സ്റ്റാൻഡിൽ ഇറങ്ങാൻ ഉദ്ദേശിച്ചെങ്കിലും സ്റ്റോപ്പ് എത്തിയത് കണ്ടക്ടർ അറിയിക്കാത്തതിനെ തുടർന്ന് അദ്ദേഹത്തിന് ഇറങ്ങാനായില്ല. ബസ് അടുത്ത സ്റ്റോപ്പിലെത്തിയപ്പോൾ, 10 രൂപ അധിക നിരക്ക് നൽകണമെന്ന് കണ്ടക്ടർ മീണയോട് ആവശ്യപ്പെട്ടു.
പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് കണ്ടക്ടറും മീണയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് കണ്ടക്ടർ അദ്ദേഹത്തെ തള്ളിയിടുകയായിരുന്നു. മീണ കണ്ടക്ടറെ തല്ലുന്നതും വിഡിയോയിൽ കാണാം. ബസിൽ നിന്ന് ഇറങ്ങുന്നത് വരെ മീണയെ കണ്ടക്ടർ ആവർത്തിച്ച് മർദ്ദിച്ചു.
സംഭവത്തിന്‍റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് കണ്ടക്ടറിനെതിരെ പൊലീസ് കേസെടുത്തു. മോശം പെരുമാറ്റം കാരണം ജയ്പൂർ സിറ്റി ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് ഇയാളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.