തിരുവനന്തപുരത്തെക്കുറിച്ച് സുരേഷ് ഗോപിയുടെ അജ്ഞത അത്ഭുതപ്പെടുത്തുന്നു -മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: സുരേഷ് ഗോപി എന്ന വ്യക്തി ഒരു സാധാരണ സിനിമാ നടനിൽ നിന്ന് പക്വതയുള്ള ഒരു രാഷ്ട്രീയക്കാരനിലേക്കുള്ള ദൂരം ഇനിയും താണ്ടിയിട്ടില്ല എന്നതാണ് അദ്ദേഹത്തിന്റെ സമീപകാലത്തെ വാക്കുകളും പ്രവൃത്തികളും തെളിയിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മുമ്പൊക്കെ അദ്ദേഹം സിനിമാ നടന്റെ 'ഹാങ്ങോവറിൽ' നിന്ന് മുക്തനായിട്ടില്ല എന്നായിരുന്നു വിമർശനം. എന്നാൽ ഇപ്പോൾ അദ്ദേഹം അതിനും ഒരുപടി കടന്ന് രാഷ്ട്രീയമായി പിച്ചും പേയും പറയുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണെന്ന് ശിവൻ കുട്ടി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘രാഷ്ട്രീയ എതിരാളികളെ 'ഊളകൾ' എന്നൊക്കെയാണല്ലോ അദ്ദേഹം അഭിസംബോധന ചെയ്യുന്നത്. ഒരു പൊതുപ്രവർത്തകന്, അതും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ചേരുന്ന ഭാഷയാണോ ഇത്? ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കുന്നതിലൂടെ അദ്ദേഹം സ്വയം നാണംകെടുക മാത്രമല്ല, താൻ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ യഥാർത്ഥ സംസ്കാരം കൂടിയാണ് ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുന്നത്.
അതുപോലെ തന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് തിരുവനന്തപുരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞത. തിരുവനന്തപുരത്ത് ഏഴോ എട്ടോ സീറ്റുകൾ എന്നാണ് അദ്ദേഹം ഒരു വീഡിയോയിൽ പറയുന്നത്. തിരുവനന്തപുരം ജില്ലയിൽ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ടെന്നോ, ഇവിടെ എത്ര ലോക്സഭാ മണ്ഡലങ്ങളുണ്ടെന്നോ, എന്തിനധികം തിരുവനന്തപുരം കോർപ്പറേഷനിൽ എത്ര വാർഡുകൾ ഉണ്ടെന്ന് പോലുമോ അറിയാത്ത ഒരാളാണ് ജനങ്ങളെ നയിക്കാൻ വരുന്നത് എന്നത് ലജ്ജാവഹമാണ്.
ഇതിനൊക്കെ പുറമെയാണ് തനിക്ക് കേന്ദ്ര മന്ത്രി എന്ന നിലയിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. സ്വന്തം കഴിവില്ലായ്മ തിരിച്ചറിഞ്ഞ് അത് തിരുത്തുന്നതിന് പകരം, മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് ഒരു പരാജിതന്റെ ലക്ഷണമാണ്. അങ്ങേയറ്റം പരിഹാസ്യമായ നിലപാടാണത്.
ഇപ്പോൾ നേമം മണ്ഡലം മുൻനിർത്തി ബിജെപിയും സുരേഷ് ഗോപിയും മനഃപ്പായസം ഉണ്ണുകയാണ്. തിരുവനന്തപുരത്തെക്കുറിച്ചോ ഇവിടുത്തെ രാഷ്ട്രീയത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത ഇക്കൂട്ടരുടെ മോഹങ്ങൾ, മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം പോലെ അവശേഷിക്കുകയേ ഉള്ളൂ. നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചത് രാഷ്ട്രീയ വിക്രിയകളിലൂടെയാണെന്ന സുരേഷ് ഗോപിയുടെ വാദം നേമത്തെ വോട്ടർമാരെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണ്. ജനാധിപത്യത്തിൽ ജനങ്ങളുടെ തീരുമാനത്തെ 'വിക്രിയ' എന്ന് വിളിച്ച് ആക്ഷേപിക്കുന്നതിന് ബിജെപി വലിയ വില കൊടുക്കേണ്ടി വരും. ജനങ്ങളെയും നാടിനെയും കുറിച്ച് സാമാന്യബോധം പോലുമില്ലാത്ത ഇത്തരം രാഷ്ട്രീയ നാടകങ്ങൾക്ക് കേരളം അർഹിക്കുന്ന മറുപടി നൽകുക തന്നെ ചെയ്യും’ -മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

