ഫേസ്ബുക് ലൈക്ക് കിട്ടാൻ ഭാര്യയുടെ നഗ്നദൃശ്യങ്ങൾ പോസ്റ്റ് ചെയ്തു; യുവാവിനെതിരെ കേസ്
text_fieldsആഗ്ര: ഫേസ്ബുക്കിൽ കൂടുതൽ ലൈക്ക് കിട്ടാനും ഫോളോവേഴ്സിനെ ആകർഷിക്കാനും ഭാര്യയുടെ നഗ്നചിത്രങ്ങൾ അപ്ലോഡ് ചെയ്ത 28 കാരനെതിരെ പൊലീസ് കേസെടുത്തു. ഇയാളുടെ ഭാര്യയായ ഫിറോസാബാദ് സ്വദേശി 26 കാരിയുടെ പരാതിയിലാണ് നടപടി. കേസെടുത്തതിന് പിന്നാലെ യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു.
ഡൽഹിയിലെ ഉത്തം നഗറിൽ താമസിക്കുന്ന ഭർത്താവ് സർക്കസിലാണ് ജോലി ചെയ്യുന്നത്. പലപ്പോഴും തന്നെ വിഡിയോ കോൾ ചെയ്യാറുണ്ടെന്നും ഒരിക്കൽ കുളിക്കുമ്പോൾ കോൾ ചെയ്ത് വീഡിയോ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തുവെന്നും പരാതിക്കാരി പറഞ്ഞു. "എന്റെ ഭർത്താവ് ഒരു സോഷ്യൽ മീഡിയ അഡിക്റ്റാണ്, പക്ഷേ സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിനെ കൂട്ടാൻ ഇത്ര മോശം ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ദൃശ്യങ്ങൾ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഉടൻ തന്നെ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് അത് നിരസിച്ചു' -യുവതി പരാതിയിൽ പറയുന്നു.
"ഭർത്താവിനെതിരെ കർശന നടപടി സ്വീകരിക്കണം. അവനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണം' -അവർ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ഐ.ടി നിയമത്തിലെ സെക്ഷൻ 67 പ്രകാരം ജസ്രാന പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
"സ്ത്രീയുടെ അശ്ലീല ഫോട്ടോകൾ അപ്ലോഡ് ചെയ്യാൻ ഉപയോഗിച്ച ഫേസ്ബുക്ക് പ്രൊഫൈലിന്റെ ലിങ്ക് ഞങ്ങൾ സൈബർ സെല്ലിലേക്ക് അയച്ചിരുന്നു. തുടർന്ന് അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. കേസ് വിശദമായി അന്വേഷിക്കുകയാണ്' -ജസ്രാന സ്റ്റേഷൻ ഓഫിസർ എ.പി. സിങ് പറഞ്ഞു. മൊഴി രേഖപ്പെടുത്താൻ ദമ്പതികളെ ഉടൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെന്ന് പൊലീസ് സൂപ്രണ്ട് രൺവിജയ് സിങ് പറഞ്ഞു.

