‘ടിക് ടോക്’ നിരോധനത്തിനുമുമ്പ് ചൈനയുടെ ‘റെഡ്നോട്ടി’ലേക്ക് യു.എസ് ഉപയോക്താക്കളുടെ ഒഴുക്ക്
text_fieldsവാഷിംങ്ടൺ: നിരോധന ഭീഷണിയുടെ പശ്ചാത്തലത്തിൽ യു.എസിലെ ടിക് ടോക്ക് ഉപയോക്താക്കൾ ‘റെഡ് നോട്ട്’ അഥവാ Xiaohongshu എന്ന ചൈനീസ് ആപ്പിലേക്ക് വൻ തോതിൽ ചേക്കേറുന്നതായി റിപ്പോർട്ട്. ‘ടിക്ടോക്ക് അഭയാർത്ഥികൾ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഉപയോക്താക്കളുടെ നീക്കം ആപ്പിളിന്റെ യു.എസ് ആപ്പ് സ്റ്റോറിൽ തിങ്കളാഴ്ച ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ആയി ‘റെഡ്നോട്ടി’നെ മാറ്റി. രണ്ട് ദിവസത്തിനുള്ളിൽ 7,00,000 പുതിയ ഉപയോക്താക്കൾ ആപ്പിൽ ചേർന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ചൈനീസ് ഭാഷയിൽ ‘സിയാങ്ഹോങ്സു’ എന്നാണ് ആപ്പിന്റെ പേര്. ചൈന, തായ്വാൻ, മൻഡാരിൻ ഭാഷ സംസാരിക്കുന്ന ഇതര ജനവിഭാഗങ്ങൾ എന്നിവിടങ്ങളിലെ യുവജനങ്ങൾക്കിടയിൽ ഏറെ ജനപ്രിയമായ ഒരു ‘ടിക്ടോക്ക്’ എതിരാളിയാണ് റെഡ്നോട്ട്. ഏകദേശം 300 ദശലക്ഷം പ്രതിമാസ ഉപയോക്താക്കൾ ഇതിനുണ്ട്. ടിക്ടോക്, ഇൻസ്റ്റഗ്രാം എന്നിവയുടെ സംയോജിത സ്വഭാവമുള്ള ആപ്പാണ് റെഡ്നോട്ട്.
2019 ജൂണിൽ ടിക് ടോക്കിന് ഇന്ത്യയിൽ ഏകദേശം 200 ദശലക്ഷം ഉപയോക്താക്കളുണ്ടായിരുന്നു. ഒരു വർഷത്തിനുശേഷം ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതക്കും ഭീഷണി ഉയർത്തുവെന്ന് ആരോപിച്ച് ബൈറ്റ്ഡാൻസ് ഉടമസ്ഥതയിലുള്ള സോഷ്യൽ നെറ്റ്വർക്കിങ് ആപ്പിനെ മറ്റ് നിരവധി മെയ്ഡ് ഇൻ ചൈന ആപ്ലിക്കേഷനുകൾക്കൊപ്പം മോദി സർക്കാർ നിരോധിച്ചിരുന്നു. ടിക്ടോക്കിൽനിന്ന് വ്യത്യസ്തമായി, നിലവിൽ ഇന്ത്യയിലും റെഡ്നോട്ട് ആക്സസ് ചെയ്യാനാകും. ഫോൺ നമ്പർ ഉപയോഗിച്ച് ഒരാൾക്ക് റെഡ്നോട്ടിൽ സൈൻ അപ്പ് ചെയ്യാം. ഉപയോക്താക്കൾക്ക് വിഡിയോകൾ ലൈക്ക് ചെയ്യാനും അഭിപ്രായം പങ്കുവെക്കാനും കഴിയും.
ഷാങ്ഹായ് ആസ്ഥാനമാക്കി ഒരു ഷോപ്പിങ് പ്ലാറ്റ്ഫോമായി ചാൾവിൻ മാവോയും മിറാൻഡ ക്യൂവും ചേർന്ന് 2013ലാണ് ഇത് സ്ഥാപിച്ചത്. ടിക് ടോക്കിനേക്കാൾ കൂടുതൽ റെഡ്നോട്ടിൽ സ്ക്രോൾ ചെയ്യുന്നുവെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. റെഡ്നോട്ട് അക്കൗണ്ട് സൃഷ്ടിച്ച് 24 മണിക്കൂറിനുള്ളിൽ തനിക്ക് 6,000ത്തിലധികം ഫോളോവേഴ്സിനെ ലഭിച്ചതായി ഒരു ഉപയോക്താവ് പറഞ്ഞു.
ബ്ലൂംബെർഗിൽ നിന്നുള്ള റിപ്പോർട്ടനുസരിച്ച് ടിക് ടോക്കിന്റെ യു.എസ് പ്രവർത്തനങ്ങൾ മൾട്ടി ബില്യണയർ ഇലോൺ മസ്ക് ഏറ്റെടുക്കാൻ സാധ്യതയുണ്ട്. യു.എസിലെ നിരോധനം മറികടക്കാൻ ലക്ഷ്യമിട്ടാണ് വിൽപനക്കുള്ള നീക്കങ്ങൾ കമ്പനി നടത്തുന്നതെന്നും പറയുന്നു.
മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന്റെ കീഴിൽ തന്നെ നിലനിൽക്കുക എന്നതാണ് ടിക് ടോകിന്റെ ആദ്യ പരിഗണന. എന്നാൽ, ഇതിന് സാധിച്ചില്ലെങ്കിൽ മസ്കിന് വിൽക്കാൻ കമ്പനി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. യു.എസിന്റെ പുതിയ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുമ്പോൾ ടിക് ടോക് നിരോധനത്തിനുള്ള സാധ്യതയേറെയെന്ന വിലയിരുത്തുന്ന ആളുകളുടെ എണ്ണം കൂടുതലാണ്.
ചൈനയോട് കടുത്ത നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ഡോണൾഡ് ട്രംപ്. അത് തിരിച്ചടിയാവുമെന്നാണ് ടിക് ടോക്കിന്റേയും ബൈറ്റ്ഡാൻസിന്റേയും വിലയിരുത്തൽ. ഡോണൾഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യവസായിയാണ് ഇലോൺ മസ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

