‘ഇതിലെ ഇരയും വേട്ടക്കാരനും തിരിച്ചാണെങ്കിൽ രാജ്യം നിന്നു കത്തിയേനെ, ബിജെപി ഇലക്ഷൻ പ്രചാരണം തന്നെ ഈ സംഭവമാകുമായിരുന്നു; നിങ്ങളിൽ എത്ര പേർ ഇതോർക്കുന്നുണ്ട്?’
text_fieldsകൊച്ചി: മഹാരാഷ്ട്ര ടി.സി.എസിലെ ജീവനക്കാർ തമ്മിലുള്ള പ്രണയവും പീഡനവുമായി ബന്ധപ്പെട്ട കേസ് വർഗീയ ചേരിതിരിവിന് ആയുധമാക്കുന്ന സംഘ്പരിവാർ ശ്രമങ്ങൾക്കിടെ, കർണാടകയിൽ മൂന്ന് കൊല്ലം മുമ്പ് നടന്ന കൂട്ടക്കൊലയെ കുറിച്ച് ഓർമിപ്പിച്ച് സാമൂഹിക പ്രവർത്തകൻ സുദേഷ് എം. രഘു. പ്രസ്തുത കേസിൽ ഇരയും പ്രതിയും നേരെ തിരിച്ചായിരുന്നെങ്കിൽ രാജ്യം നിന്നു കത്തിയേനെയെന്നും ബിജെപിയുടെ ഇലക്ഷൻ പ്രചാരണം തന്നെ ഈ സംഭവമാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മൂന്നു കൊല്ലം മുൻപ് ഉഡുപ്പിയിൽ എയർലൈൻ ഉദ്യോഗസ്ഥനായ പ്രവീൺ അരുൺ എന്നയാൾ സഹപ്രവർത്തകയായ അയ്നസ് എന്ന എയർ ഹോസ്റ്റസിനെയും സഹോദരങ്ങളായ അഫ്നീൻ, അസീം, ഉമ്മ ഹസീന എന്നിവരെയും വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവമാണ് അദ്ദേഹം ഓർമിപ്പിക്കുന്നത്. ‘അയ്നസ് എന്ന തന്റെ ജൂനിയർ എയർഹോസ്റ്റസ്നോട് തോന്നിയ പ്രണയപ്പകയാണ് ഈ മുസ്ലിം കുടുംബത്തെ കൂട്ടക്കൊല ചെയ്യാനുള്ള കാരണമായി അയാൾ പറഞ്ഞത്. 38 വയസുള്ള, 2 മക്കളുടെ അച്ഛനായ ഇയാൾക്ക് അയ്നസിനെ പ്രേമിക്കണം. പക്ഷേ പെൺകുട്ടി അതിൽ നിന്നു പിന്മാറിയതിന്റെ പകയാണ് ആ കുടുംബത്തെ മൊത്തം കൊല്ലാൻ കാരണമായത്. ഈ പ്രവീൺ ഒരു മുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചയാളാണ്. ആ സ്ത്രീയാകട്ടെ, ഹിന്ദുമതം സ്വീകരിച്ചതുമാണ്..! നേരത്തെതന്നെ ഒരു മുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചു "മതം മാറ്റിയ " ഒരുത്തൻ പിന്നീടും ഒരു മുസ്ലിം സ്ത്രീയെ പ്രേമിക്കാൻ ശ്രമിച്ചു. ശേഷം, ആ കുടുംബത്തെ മൊത്തം കൊന്നുകളഞ്ഞ ഈ സംഭവം - എത്ര മുസ്ലിം രാഷ്ട്രീയ- സാമൂഹിക പ്രവർത്തകർ, വെബ് ഹാൻഡിലുകൾ ചർച്ചക്കു വെച്ചു? എന്തായാലും കേരളത്തിൽ ആരും പോസ്റ്റിട്ടു കണ്ടിട്ടില്ല.. ഇതിലെ ഇര - വേട്ടക്കാരൻ ഐഡന്റിറ്റി തിരിച്ചായിരുന്നുവെങ്കിൽ ഈ സംഭവം "കേട്ടിട്ടുണ്ടോ " എന്നു ചോദിച്ചു പോസ്റ്റിടേണ്ട അവസ്ഥ എനിക്കു വരില്ലായിരുന്നു.. രാജ്യം മൊത്തം നിന്നു കത്തിയേനെ. എന്നു മാത്രമല്ല, ബിജെപിയുടെ ഇലക്ഷൻ പ്രചാരണം തന്നെ ഈ സംഭവമാകുമായിരുന്നു’ -സുദേഷ് എം. രഘു ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
അടിസ്ഥാനപരമായി, എല്ലാ സമുദായത്തിലെയും സ്ത്രീകളെ കൊല്ലുന്നതും പീഡിപ്പിക്കുന്നതും സ്വസമുദായക്കാരായ കാമുകന്മാരും ഭർത്താക്കന്മാരും തന്നെയാണ്. ഹിന്ദു സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചത് കൂടുതലും ഹിന്ദു കാമുകന്മാർ തന്നെ ആവും; മറ്റു സമുദായങ്ങളും അങ്ങനെ തന്നെ.. പക്ഷേ ഒരു മുസ്ലിം പേര് അതിൽ ഇൻവോൾവ്ഡ് ആയാൽ സ്റ്റേറ്റ് മെഷീണറീസും പൊതുസമൂഹവും പിന്നെ ഉറഞ്ഞു തുള്ളുന്ന സോമ്പികളായി മാറും -അദ്ദേഹം അഭിപ്രായപ്പെട്ടു.
കുറിപ്പിന്റെ പൂർണരൂപം:
ഞാൻ ഈ പറയുന്ന സംഭവം, നിങ്ങളിൽ എത്ര പേർ കേട്ടിട്ടുണ്ട് / ഓർക്കുന്നുണ്ട് എന്നു നോക്കുക. മുസ്ലിം സ്വത്വ രാഷ്ട്രീയം പറയുന്നവരും മുസ്ലിം വിരോധികളുമൊക്കെയുള്ള ഇടമാണല്ലോ മലയാളം സോഷ്യൽ മീഡിയ. അവരോടൊക്കെയാണു ചോദ്യം .
മൂന്നു കൊല്ലം മുൻപ് ഉഡുപ്പിയിൽ നടന്ന സംഭവമാണ്. പ്രവീൺ അരുൺ എന്ന എയർലൈൻ ഉദ്യോഗസ്ഥൻ, ഒരു ഓട്ടോയിൽ അയ്നസ് (Aynaz) എന്ന എയർ ഹോസ്റ്റസിന്റ വീട്ടിലേക്ക് ഓടിക്കയറി അവിടത്തെ നാലു പേരെ (അയ്നസ്, അഫ്നീൻ, അസീം അവരുടെ അമ്മ ഹസീന) കുത്തിക്കൊന്നശേഷം, ഓടി രക്ഷപ്പെടുന്നു. ദിവസങ്ങൾക്കു ശേഷമാണ് കർണാടക പൊലീസ് അയാളെ പിടികൂടുന്നത്.
ഈ മുസ്ലിം കുടുംബത്തെ കൂട്ടക്കൊല ചെയ്യാനുള്ള കാരണമായി അയാൾ പറഞ്ഞത്, അയ്നസ് എന്ന തന്റെ ജൂനിയർ എയർഹോസ്റ്റസ്നോട്ു തോന്നിയ പ്രണയപ്പക ആണ്. 38 വയസുള്ള, 2 മക്കളുടെ അച്ഛനായ ഇയാൾക്ക് അയ്നസിനെ പ്രേമിക്കണം. പക്ഷേ പെൺകുട്ടി അതിൽ നിന്നു പിന്മാറിയതിന്റെ പകയാണ് ആ കുടുംബത്തെ മൊത്തം കൊല്ലാൻ കാരണമായത്..
ഇനി ഇതിൽ ഒരു ട്വിസ്റ്റുണ്ട്. ഈ പ്രവീൺ ഒരു മുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചയാളാണ്. ആ സ്ത്രീയാകട്ടെ, ഹിന്ദുമതം സ്വീകരിച്ചതുമാണ്..!
നേരത്തെതന്നെ ഒരു മുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചു "മതം മാറ്റിയ " ഒരുത്തൻ പിന്നീടും ഒരു മുസ്ലിം സ്ത്രീയെ പ്രേമിക്കാൻ ശ്രമിച്ചു. ശേഷം, ആ കുടുംബത്തെ മൊത്തം കൊന്നുകളഞ്ഞ ഈ സംഭവം - എത്ര മുസ്ലിം രാഷ്ട്രീയ- സാമൂഹിക പ്രവർത്തകർ, വെബ് ഹാൻഡിലുകൾ ചർച്ചക്കു വെച്ചു?
എന്തായാലും കേരളത്തിൽ ആരും പോസ്റ്റിട്ടു കണ്ടിട്ടില്ല..
ഇതിലെ ഇര - വേട്ടക്കാരൻ ഐഡന്റിറ്റി തിരിച്ചായിരുന്നുവെങ്കിൽ ഈ സംഭവം "കേട്ടിട്ടുണ്ടോ " എന്നു ചോദിച്ചു പോസ്റ്റിടേണ്ട അവസ്ഥ എനിക്കു വരില്ലായിരുന്നു.. രാജ്യം മൊത്തം നിന്നു കത്തിയേനെ. എന്നു മാത്രമല്ല, ബിജെപിയുടെ ഇലക്ഷൻ പ്രചാരണം തന്നെ ഈ സംഭവമാകുമായിരുന്നു.
ഞാൻ പറഞ്ഞു വരുന്നത്, മുസ്ലീങ്ങൾ ഉൾപ്പെടുന്ന ക്രൈം വാർത്തകൾ, ഒരേ സമയം പതിനായിരക്കണക്കിനു കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സ്പ്രെഡ് ചെയ്യാനുള്ള ഓർഗനൈസ്ഡ് സംവിധാനം ഇവിടെ നിലവിലുണ്ടെന്നാണ്. അതിനു കൃത്യമായ റിസൾട്ടും കിട്ടുന്നുണ്ട്.. എന്നാൽ ഇതിനെ കൗണ്ടർ ചെയ്യാൻ സോഷ്യൽ മീഡിയക്കകത്തോ പുറത്തോ മുസ്ലിംകൾക്ക് എന്തെങ്കിലും സംവിധാനമുണ്ടോ എന്നറിയില്ല.
അങ്ങനെ ഒന്നുണ്ടായിട്ടും കാര്യമുണ്ടോ എന്നും സംശയമുണ്ട്. കാരണം, സ്റ്റേറ്റ് മെഷീനറീസ് തന്നെ ബോധപൂർവം, "മുസ്ലിംകൾക്കു പണി കൊടുക്കൽ " യജ്ഞത്തിൽ പ്രവർത്തിക്കുന്ന രാജ്യത്ത് പ്രതിരോധിക്കുന്നതിനും പരിധി ഉണ്ട്. "ബീഫ് നൽകി മതം മാറ്റുക, ബലാൽ##@സംഗം ചെയ്തു മതം മാറ്റുക" തുടങ്ങിയ ആരോപണങ്ങൾ വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവർക്കു മുന്നിൽ ഒരു കോമൺ സെൻസും വിലപ്പോവില്ല എന്നതാണു വാസ്തവം..
രണ്ടു ദിവസം മുൻപ് ബംഗാളിൽ ഒരു മുസ്ലിം യുവതിയെ, പ്രണയാഭ്യർത്ഥന നിരസിച്ചതിനു് സിദ്ധാർഥ് എന്നൊരാൾ ജീവനോടെ കത്തിച്ചു കൊന്നിരുന്നു. ഇതു പോസ്റ്റി വിജൃംഭിക്കുന്ന എത്ര പേരെ നിങ്ങൾ കാണുന്നുണ്ട്? ബിജെപി നേതാവിനെ കല്യാണം കഴിച്ച മുസ്ലിം സ്ത്രീയെ അയാൾ തന്നെ കൊന്നു പുഴയിൽ തള്ളിയ കേസുള്ളത് എത്ര പേർക്കറിയാം?
അടിസ്ഥാനപരമായി, എല്ലാ സമുദായത്തിലെയും സ്ത്രീകളെ കൊല്ലുന്നതും പീഡിപ്പിക്കുന്നതും സ്വസമുദായക്കാരായ കാമുകന്മാരും ഭർത്താക്കന്മാരും തന്നെയാണ്. ഹിന്ദു സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചത് കൂടുതലും ഹിന്ദു കാമുകന്മാർ തന്നെ ആവും; മറ്റു സമുദായങ്ങളും അങ്ങനെ തന്നെ.. പക്ഷേ ഒരു മുസ്ലിം പേര് അതിൽ ഇൻവോൾവ്ഡ് ആയാൽ സ്റ്റേറ്റ് മെഷീണറീസും പൊതുസമൂഹവും പിന്നെ ഉറഞ്ഞു തുള്ളുന്ന സോമ്പികളായി മാറും.
ഇതിനെ ഏതെങ്കിലും തരത്തിൽ പ്രതിരോധിക്കാം എന്ന ശുഭാപ്തി വിശ്വാസം പോലും ചിലപ്പോഴെനിക്കു നഷ്ടമാകാറുണ്ട്. പക്ഷേ, വാർത്തകൾ ഡോക്യുമെന്റ് ചെയ്യുക എന്നത് മുസ്ലിംപക്ഷം പറയുന്നവർക്കു ചെയ്യാവുന്ന കാര്യമാണ്.. ഒരർഥത്തിൽ അതു നമ്മുടെ ഗതികേടുമാണ്.
-സുദേഷ് എം രഘു
2026 ഏപ്രിൽ 15
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

