അന്ന് മുംബൈ ഭീകരാക്രമണം നടന്നപ്പോൾ ബി.ജെ.പി ചെയ്തതൊക്കെ ഓർമയുണ്ടോ? -സുധ മേനോൻ
text_fieldsകോഴിക്കോട്: പഹൽഗാം ആക്രമണവും ഓപറേഷൻ സിന്ദൂറും സംബന്ധിച്ച് കോൺഗ്രസിന്റെ നിലപാടുകളെ വിമർശിക്കുന്നവരെ, മുംബൈ ഭീകരാക്രമണം നടന്നപ്പോൾ അന്നത്തെ പ്രതിപക്ഷമായ ബി.ജെ.പി സ്വീകരിച്ച നിലപാടുകൾ ഓർമിപ്പിച്ച് സുധ മേനോൻ. കോൺഗ്രസിനെ വെട്ടിലാക്കുന്ന മുതിർന്ന നേതാവ് ശശി തരൂരിനും സുധ പരോക്ഷമായി മറുപടി നൽകുന്നുണ്ട്.
രാജ്യസുരക്ഷയെ ബാധിക്കുന്ന തീവ്രവാദ ആക്രമണങ്ങളും യുദ്ധവും നടക്കുമ്പോൾ ഭരണ- പ്രതിപക്ഷവ്യത്യാസമില്ലാതെ എല്ലാവരും സർക്കാരിന് പിന്തുണ നൽകുന്നത് ജനാധിപത്യത്തിലെ സാമാന്യമര്യാദയാണ്. ഓപറേഷൻ സിന്ദൂറിനു ശേഷം സർക്കാരിന് പൂർണ്ണ പിന്തുണ നൽകിയ ഇന്ത്യയിലെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് പോലും അമേരിക്കൻ പ്രസിഡണ്ടിന്റെ അവകാശവാദങ്ങൾക്ക് ശേഷം മാത്രമാണ് ചോദ്യം ചോദിച്ചു തുടങ്ങിയതെന്നും സുധ ഓർമിപ്പിച്ചു.
‘2008 നവംബർ 26 ന് മുംബൈ ഭീകരാക്രമണം നടന്നപ്പോൾ ആദ്യം സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ച ബിജെപി ഒരൊറ്റ ദിവസത്തിൽ മലക്കം മറിഞ്ഞു. നവംബർ 28 ന് നരേന്ദ്രമോദി മുംബൈയിൽ പറന്നെത്തി. ഒബ്റോയ് ട്രൈഡന്റ് ഹോട്ടലിന് വെളിയിൽ നിന്നുകൊണ്ടു മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ആക്രമണം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനെ അതിരൂക്ഷമായി വിമർശിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മൻമോഹൻസിങ് നടത്തിയ പ്രസംഗം "നിരാശാജനകമായിരുന്നു" എന്ന് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. നവംബർ 29 നും ഡിസംബർ 4നും ഡൽഹിയിലും രാജസ്ഥാനിലും യഥാക്രമം വോട്ടെടുപ്പ് നടക്കാനിരിക്കെയായിരുന്നു മോദിയുടെ പ്രസംഗം. ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ് ഇന്റലിജൻസ് പരാജയത്തെ രൂക്ഷമായി വിമർശിച്ചു. ആരും അദ്ദേഹത്തെ ദേശവിരുദ്ധൻ എന്നോ മണ്ടൻ എന്നോ വിളിച്ചില്ല. ബിജെപി പാകിസ്താന് വേണ്ടി സംസാരിക്കുകയാണ് എന്ന് പറഞ്ഞില്ല.
നവംബർ 29ന്, രാജ്യത്തെ പ്രധാന പത്രങ്ങളിൽ ബിജെപിയുടെ മുഴുനീളൻ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. എന്തായിരുന്നു തലക്കെട്ട് എന്നോർമ്മയുണ്ടോ രാഹുൽ ഗാന്ധിയെ പപ്പുവാക്കുന്ന മഹാബുദ്ധിമാൻമാർക്ക്??? "Brutal Terror Strikes at Will. Weak Government. Unwilling and Incapable. Fight Terror. Vote BJP." കറുത്ത പശ്ചാത്തലത്തിൽ ചുവപ്പ് നിറം കലർന്ന വല്ലാത്തൊരു പരസ്യം ആയിരുന്നു അത് ! മുംബൈയിലെ രക്തച്ചൊരിച്ചിലിനെ വ്യക്തമായി സൂചിപ്പിക്കുന്നതായിരുന്നു നിറങ്ങൾ പോലും. 26ന് ഭീകരാക്രമണം, 29ന് സർക്കാർ ദുർബലമാണെന്ന് പറഞ്ഞുകൊണ്ട് പരസ്യം! ആർക്ക് കഴിയും അതിന്, ഇവർക്കല്ലാതെ! കൊല്ലപ്പെട്ടവരുടെ ചിതയാറും മുൻപ് തന്നെ, രാജ്യം നേരിട്ട ഭീകരാക്രമണത്തെ രണ്ടു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള ഉപകരണമാക്കാനും പ്രഫഷണൽ പരസ്യം ചെയ്യാനും ബിജെപിക്ക് ഒട്ടും മനസാക്ഷി കുത്തുണ്ടായിരുന്നില്ല’ -കുറിപ്പിൽ ഓർമിപ്പിച്ചു.
സുധമേനോന്റെ കുറിപ്പിന്റെ പൂർണരൂപം:
രാജ്യസുരക്ഷയെ ബാധിക്കുന്ന തീവ്രവാദ ആക്രമണങ്ങളും യുദ്ധവും നടക്കുമ്പോൾ ഭരണ- പ്രതിപക്ഷവ്യത്യാസമില്ലാതെ എല്ലാവരും സർക്കാരിന് പിന്തുണ നൽകുന്നത് ജനാധിപത്യത്തിലെ ഒരു സാമാന്യമര്യാദയാണ്. ഓപ്പറേഷൻ സിന്ദൂറിനു ശേഷം സർക്കാരിന് പൂർണ്ണ പിന്തുണ നൽകിയ ഇന്ത്യയിലെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് പോലും അമേരിക്കൻ പ്രസിഡണ്ടിന്റെ അവകാശവാദങ്ങൾക്ക് ശേഷം മാത്രമാണ് ചോദ്യം ചോദിച്ചു തുടങ്ങിയത്.
പഹൽഗാമിലെ ആക്രമണത്തിന് ശേഷം ബിഹാറിലെ റാലിയിൽ പ്രസംഗിച്ച പ്രധാനമന്ത്രി, എന്തുകൊണ്ടാണ് സർവകക്ഷിയോഗത്തിൽ പങ്കെടുക്കാത്തതെന്നും പാർലമെന്റിന്റെ പ്രത്യേക സെഷൻ വിളിച്ച് ജനപ്രതിനിധികളെ വസ്തുതകൾ ബോധ്യപ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? അത്തരം അവകാശം പോലും ഇല്ലെങ്കിൽ എന്താണ് നമ്മൾ ജനാധിപത്യം എന്നത് കൊണ്ടു ഉദ്ദേശിക്കുന്നത്? എന്നിട്ടും കോൺഗ്രസ് പാർട്ടിയെ വിഡ്ഢികളും, പൊട്ടന്മാരും, രാജ്യദ്രോഹികളും, ദേശവിരുദ്ധരുമാക്കാൻ പലരും മത്സരിക്കുകയാണ്.
അതേസമയം, 2008 നവംബർ 26 ന് മുംബൈ ഭീകരാക്രമണം നടന്നപ്പോൾ എന്താണ് അന്നത്തെ പ്രതിപക്ഷമായ ബി<പി ചെയ്തതെന്ന് ഓർമ്മയുണ്ടോ? ആദ്യം സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ബിജെപി ഒരൊറ്റ ദിവസത്തിൽ മലക്കം മറിഞ്ഞു. നവംബർ 27 ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഒരു കത്ത് എഴുതി. ആഭ്യന്തര സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി എല്ലാ മുഖ്യമന്ത്രിമാരുടെയും, പ്രത്യേകിച്ച് തീരദേശ, അതിർത്തി സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെയും ഒരു യോഗം സിംഗ് വിളിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. മാത്രമല്ല, നവംബർ 28 ന് നരേന്ദ്രമോദി മുംബൈയിൽ പറന്നെത്തി. ഒബ്റോയ് ട്രൈഡന്റ് ഹോട്ടലിന് വെളിയിൽ നിന്നുകൊണ്ടു മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ആക്രമണം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനെ അതിരൂക്ഷമായി വിമർശിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മൻമോഹൻസിങ് നടത്തിയ പ്രസംഗം "നിരാശാജനകമായിരുന്നു" എന്ന് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
നവംബർ 29 നും ഡിസംബർ 4 നും ഡൽഹിയിലും രാജസ്ഥാനിലും യഥാക്രമം വോട്ടെടുപ്പ് നടക്കാനിരിക്കെയായിരുന്നു മോദിയുടെ പ്രസംഗം എന്നോർക്കണം. ബിജെപിയുടെ പത്രകുറിപ്പിൽ അന്നത്തെ ദേശീയ സെക്രട്ടറിയായ രവിശങ്കർ പ്രസാദ് ഇന്റലിജൻസ് പരാജയത്തെ രൂക്ഷമായി വിമർശിച്ചു. ആരും അദ്ദേഹത്തെ ദേശവിരുദ്ധൻ എന്നോ മണ്ടൻ എന്നോ വിളിച്ചില്ല. ബിജെപി പാകിസ്ഥാന് വേണ്ടി സംസാരിക്കുകയാണ് എന്ന് പറഞ്ഞില്ല.
തീർന്നില്ല.. രാഷ്ട്രം നിരവധി സാധു മനുഷ്യരുടെ മരണത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ആ അവസരത്തിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത വളരെ മോശമായ ഒരു പ്രവൃത്തികൂടി അവരുടെ ഭാഗത്ത് നിന്നും ഉണ്ടായി.
പിറ്റേദിവസം, 2008 നവംബർ 29ന് , രാജ്യത്തെ പ്രധാന പത്രങ്ങളിൽ ബിജെപിയുടെ മുഴുനീളൻ പരസ്യങ്ങൾ പ്രതൃക്ഷപ്പെട്ടു. എന്തായിരുന്നു തലക്കെട്ട് എന്നോർമ്മയുണ്ടോ രാഹുൽ ഗാന്ധിയെ പപ്പുവാക്കുന്ന മഹാബുദ്ധിമാൻമാർക്ക്???
"Brutal Terror Strikes at Will. Weak Government. Unwilling and Incapable. Fight Terror. Vote BJP."
കറുത്ത പശ്ചാത്തലത്തിൽ ചുവപ്പ് നിറം കലർന്ന വല്ലാത്തൊരു പരസ്യം ആയിരുന്നു അത് ! മുംബൈയിലെ രക്തച്ചൊരിച്ചിലിനെ വ്യക്തമായി സൂചിപ്പിക്കുന്നതായിരുന്നു നിറങ്ങൾ പോലും. 26 ന് ഭീകരാക്രമണം, 29 ന് സർക്കാർ ദുർബലമാണെന്ന് പറഞ്ഞുകൊണ്ട് പരസ്യം! ആർക്ക് കഴിയും അതിന്, ഇവർക്കല്ലാതെ! കൊല്ലപ്പെട്ടവരുടെ ചിതയാറും മുൻപ് തന്നെ, രാജ്യം നേരിട്ട ഭീകരാക്രമണത്തെ രണ്ടു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിനുള്ള ഉപകരണമാക്കാനും പ്രൊഫഷണൽ പരസ്യം ചെയ്യാനും ബിജെപിക്ക് ഒട്ടും മനസാക്ഷി കുത്തുണ്ടായിരുന്നില്ല.
കോൺഗ്രസ് അതൊന്നും ഒരിക്കലും ചെയ്തില്ല. എന്നിട്ടും , ന്യായമായ ചോദ്യങ്ങൾ ചോദിക്കുന്ന കോൺഗ്രസിനെയാണ് ഇന്ന് ദേശദ്രോഹിയാക്കുന്നത്. 'രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ' എന്ന് അന്ന് മോദിക്കും ബിജെപിക്കും തോന്നിയിട്ടില്ല.
പക്ഷെ, സ്മൃതിനാശം സംഭവിക്കാത്ത ധാരാളം സാധാരണ മനുഷ്യർ ഇവിടെയുണ്ട്. വിശ്വപൗരർ ഒന്നുമല്ലെങ്കിലും, ദേശീയപ്രസ്ഥാനത്തിന്റെ മഹനീയ പാരമ്പര്യമുള്ള ഒരു പാർട്ടിയെ അനാവശ്യമായി അവഹേളിക്കുമ്പോൾ സാധാരണ പൗരന്മാരായ അവർ പറഞ്ഞുകൊണ്ടേയിരിക്കും.
ഓർമ്മകൾ ഉണ്ടായിരിക്കണം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

